ഉറക്കത്തിനായി മെലടോണിൻ സപ്ലിമെന്‍റുകളെ ആശ്രയിക്കുന്നവരാണോ? ഹൃദയസ്തംഭന സാധ്യത 90ശതമാനം കൂടുതലെന്ന് പഠനം

പാതിരാത്രിയായിട്ടും ഒരു പോള കണ്ണടക്കാൻ കഴിയാത്തത് ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ്. ശാരീരിക മാനസിക പ്രശ്നങ്ങൾ ഉറക്കമില്ലായ്മക്ക് കാരണമാകുന്നുണ്ട്. എത്ര തിരിഞ്ഞ് മറിഞ്ഞ് കിടന്നിട്ടും ഉറക്കം വരാത്ത സാഹചര്യത്തിൽ നമ്മളിൽ പലരും ഉടനടി ആശ്രയിക്കുന്ന സപ്ലിമെന്റാണ് മെലടോണിൻ. എന്നാൽ മെലടോണിന്‍റെ അമിത ഉപയോഗം ഹൃദയത്തിന് ഗുരുതര ഭീഷണിയാണ് ഉയർത്തുന്നത്. ഹൃദയ സ്തംഭനം വരെയുള്ള ഗുരുതര ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് മെലടോണിന്‍റെ അമിത ഉപയോഗം കാരണമാകുന്നു എന്നാണ് പുതിയ പഠനങ്ങൾ കാണിക്കുന്നത്. ഒരു വർഷത്തിന് മുകളിൽ സ്ഥിരമായി മെലടോണിൻ സപ്ലിമെന്‍റ് ഉപയോഗിക്കുന്നവരിൽ ഹൃദയ സംബന്ധമായ അസുഖങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനത്തിൽ പറയുന്നത്. ഡോ. എക്കെനെഡിലിചുക്വു എൻ‌നാഡി ആണ് പഠനത്തിന് നേതൃത്വം നൽകിയിരിക്കുന്നത്. ന്യൂയോർക്കിലെ സണി ഡൗൺസ്‌റ്റേറ്റ് / കിങ്സ് കൗണ്ടി പ്രൈമറി കെയറിലെ ഇന്റേണൽ മെഡിസിൻ ചീഫ് റെസിഡന്റാണ് അദ്ദേഹം. ഈ പ്രാഥമിക പഠനത്തിന്റെ വിവരങ്ങൾ അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ‘സയന്റിഫിക് സെഷൻസ് 2025’ എന്ന പ്രധാന കോൺഫറൻസിലാണ് അവതരിപ്പിക്കപ്പെട്ടത്. അഞ്ച് വർഷത്തെ ഇലക്ട്രോണിക് ഹെൽത്ത് റൊക്കോർഡുകളെ ആസ്പദമാക്കിയാണ് പഠനം നടത്തിയിരിക്കുന്നത്. 1,30,000ത്തിലധികം ആളുകളുടെ രേഖകളാണ് പഠനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 12 മാസമോ അതിലധികമോ സ്ഥിരമായി മെലടോണിൻ ഉപയോഗിച്ചവർക്ക് ഇത് ഉപയോഗിക്കാത്തവരുമായി താരതമ്യപെടുത്തുമ്പോൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഹൃദയസ്തംഭനം ഉണ്ടാകാനുള്ള സാധ്യത 90ശതമാനം കൂടുതലാണെന്ന് പഠനം പറയുന്നു. ഇതുകൂടാതെ മെലടോണിൻ ദീർഘകാലത്തേക്ക് ഉപയോഗിക്കുന്നവർക്ക് സപ്ലിമെന്റ് കഴിക്കാത്തവരെ അപേക്ഷിച്ച് ഹൃദയസ്തംഭനം കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത 3.5 മടങ്ങ് അധികമാണെന്നും ഗവേഷകർ പറയുന്നു. മെലടോണിൻ വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി പല രാജ്യങ്ങളിലും ആവശ്യമില്ലാതെ വരുന്നതിനാൽ ഇത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മിക്ക ഓവർ-ദി-കൗണ്ടർ മെലടോണിൻ സപ്ലിമെന്റുകളും വേണ്ടത്ര ഗുണനിലവാര നിയന്ത്രണങ്ങൾ ഇല്ലാതെയാണ് വിപണിയിൽ എത്തുന്നത്. ഡോക്ടറുടെ വ്യക്തമായ നിർദ്ദേശമനുസരിച്ചല്ലാതെ മെലടോണിൻ ദീർഘകാലത്തേക്ക് ഉപയോഗിക്കരുത് എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button