അർജന്റീനക്ക് രണ്ട് ഗോൾ ജയം; അംഗോളക്ക് ആഘോഷം; ഗോളടിച്ചും അടിപ്പിച്ചും മെസ്സി
ലുവാൻഡ: ലോകകപ്പ് യോഗ്യതാ മത്സരങ്ങളെല്ലാം കഴിഞ്ഞതിനു പിന്നാലെ സൗഹൃദ പര്യടനത്തിന് പുറപ്പെട്ട അർജന്റീനക്ക് ആഫ്രിക്കൻ മണ്ണിൽ മിന്നും ജയം. അംഗോളയുടെ സ്വാതന്ത്ര്യ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അതിഥി രാജ്യമായി കളിക്കാനെത്തിയ അർജന്റീന മറുപടിയില്ലാത്ത രണ്ട് ഗോളിനായിരുന്നു അംഗോളയെ വീഴ്ത്തിയത്. കളിയുടെ 43ാം മിനിറ്റിൽ ലൗതാരോ മാർടിനസും, 82ാം മിനിറ്റിൽ ലയണൽ മെസ്സിയും നേടിയ ഗോളുകളായിരുന്നു ടീമിന് വിജയം സമ്മാനിച്ചത്. ലോക ഫുട്ബാളിലെ മുൻനിരക്കാരും ലോകചാമ്പ്യന്മാരുമായ അർജന്റീന സൗഹൃദം കളിക്കാനെത്തിയപ്പോൾ അംഗോളയുടെ സ്വാതന്ത്ര്യ സുവർണ ജൂബിലി ആഘോഷത്തിന് സുവർണതിളക്കമുണ്ടായിരുന്നു. ലുവാൻഡയിലെ നവംബർ സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ അരലക്ഷത്തോളം കാണികൾക്ക് നടുവിൽ താരപ്പകിട്ടോടെ തന്നെ അർജന്റീന ഇറങ്ങി. ലയണൽ മെസ്സി മുതൽ ലൗതാരോ മാർടിനസ്, റോഡ്രിഗോ ഡി പോൾ, മക് അലിസ്റ്റർ,ലോ സെൽസോ, റൊമീറോ ഉൾപ്പെടെ വമ്പൻ താരങ്ങളെല്ലാം ലോകചാമ്പ്യന്മാരുടെ നിരയിൽ അണിനിരന്നിരുന്നു. കൊട്ടും ആഘോഷവുമായി ഗാലറി നിറച്ച ആരാധകരുടെ പിന്തുണ സ്വന്തം ടീമിനും, ഒപ്പം അർജന്റീനയുടെ ഓരോ നീക്കത്തിനും ലഭിച്ചുവെന്നത് ശ്രദ്ധേയമായി. 43ാം മിനിറ്റിൽ ലയണൽ മെസ്സിയുടെ അസിസ്റ്റിലൂടെയായിരുന്നു മാർടിനസ് ആദ്യ ഗോൾ നേടിയത്. മെസ്സിയിലൂടെ പിറന്ന രണ്ടാം ഗോളിന് ലൗതാരോ അസിസ്റ്റുമായി ഒപ്പം നിന്നു. മെസ്സിയുടെ മികച്ച മുന്നേറ്റം, അംഗോള പ്രതിരോധം തടഞ്ഞിട്ടപ്പോൾ പന്ത് വീണ്ടെടുത്ത ലൗതാരോ നൽകിയ ക്രോസ് മെസ്സി അനായാസം വലയിലേക്ക് അടിച്ചു കയറ്റുകയായിരുന്നു. ഈ വർഷത്തെ അർജന്റീനയുടെ അവസാന മത്സരമായിരുന്നു ഇത്.





