തന്നേക്കാൾ താഴ്ന്നവരോട് പുച്ഛമെന്ന അഹങ്കാര വിമർശനം മുഖവിലക്കെടുക്കാതെ മറുപടിയുമായി ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: ഇടതുകോട്ടയായരുന്ന തിരുവനന്തപുരം കോർപറേഷൻ കൈവിട്ട് പോയതിന് ആര്യ രാജേന്ദ്രനെതിരെ വ്യാപക വിമർശനം ഉയരുമ്പോഴും ഒന്നും തന്നെ ബാധിക്കില്ലെന്നും ഒരിഞ്ച് പോലും പുറകിലോട്ടിലെന്നും പറഞ്ഞ് ആര്യ രാജേന്ദ്രൻ. ‘Not an inch back’ എന്നെഴുതിയ ആര്യ രാജേന്ദ്രന്‍റെ വാട്ട്സാപ്പ് സ്റ്റാറ്റസാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. തിരുവനന്തപുരം കോർപറേഷനിലെ തോൽവിക്ക് പിന്നാലെ ഇടത് അണികളിൽ നിന്നുതന്നെ ആര്യക്കെതിരെ വലിയ വിമർശനമാണ് ഉണ്ടായത്. ആര്യക്ക് നന്ദി പറഞ്ഞ് ബി.ജെ.പി പ്രവർത്തകരും പോസ്റ്റുമായി എത്തിയിരുന്നു. പ്രത്യക്ഷത്തിൽ ഒന്നും പറയുന്നില്ലെങ്കിലും പരോക്ഷമായി ഇതിനെതിരെയാണ് ആര്യയുടെ മറുപടി. തിരുവനന്തപുരം നഗരസഭയിലെ എൽ.ഡി.എഫിന്റെ കനത്ത പരാജയത്തിന് പിന്നാലെ മേയർ ആര്യ രാജേന്ദ്രനെ ലക്ഷ്യമിട്ട് കൗൺസിലർ ഗായത്രി ബാബു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ആര്യയുടെ പേര് പരാമർശിക്കാതെയാണ് കൗൺസിൽ അംഗമായ ഗായത്രി ബാബു എഫ്.ബിയിൽ കുറിപ്പിട്ടത്. കൗൺസിലിലെ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്നു ഗായത്രി. ഏത് തിരിച്ചടിയിലും ഇടതുപക്ഷത്തെ ചേർത്ത് പിടിച്ച കോർപറേഷനാണ് തിരുവനന്തപുരം. കോർപറേഷൻ ജനങ്ങളോട് ഏറ്റവും അടുത്ത് നിൽക്കുന്ന സംവിധാനമാണ്. ജനങ്ങളോട് ഇഴുകി ചേർന്ന് വേണം പ്രവർത്തിക്കാൻ. ഏത് മുക്കിലും സധൈര്യം ഇറങ്ങി ചെല്ലാൻ മുൻപുള്ള മേയർമാർക്കും അവരുണ്ടാക്കിയ ടീമിനും കഴിഞ്ഞിരുന്നത് ഈ ജൈവ നാഡി ബന്ധത്തിനാലാണ്. ആ ജനകീയത ആണ് നഗരത്തിലെ പാർലമെന്‍ററി പ്രവർത്തനത്തിൽ എൽ.ഡി.എഫിനെ മുന്നോട്ട് നയിച്ചിരുന്നത്. ഇക്കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ഈ ജനകീയതയാണ് ഇല്ലാതാക്കിയതെന്നുമാണ് ഗായത്രി ഫേസ്ബുക്കിൽ കുറിച്ചത്. പാർട്ടിയേക്കാൾ വലുതാണെന്ന ഭാവവും അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛവും അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള അതി വിനയവും ഉൾപ്പടെ കരിയർ ബിൽഡിനുള്ള കോക്കസാക്കി സ്വന്തം ഓഫിസ് മാറ്റി എടുത്ത സമയം പുറത്ത് വന്നിരിക്കുന്ന നാലാളുകളെ കാണാൻ കൂട്ടാക്കിയിരുന്നെങ്കിൽ ഇത്രയും തിരിച്ചടി ഉണ്ടാകില്ലായിരുന്നുവെന്നും ഗായത്രി ബാബു ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button