മുള്ളൻ പന്നിയുടെ മുള്ള് മൂക്കിൽ തുളച്ച് കയറി; തെരുവ് നായക്ക് രക്ഷകരായി ഓട്ടോ തൊഴിലാളികള്‍
കാസര്‍കോട്: മുള്ളൻ പന്നിയുടെ മുള്ള് മൂക്കിൽ തുളച്ച് കയറിയ തെരുവ് നായക്ക് രക്ഷകരായി ഓട്ടോ തൊഴിലാളികള്‍.കാസര്‍കോട് ചെറുവത്തൂർ ഹൈവേ സ്റ്റാൻ്റിലെ ഓട്ടോ തൊഴിലാളികളാണ് നായക്ക് രക്ഷകരായത്. ഭക്ഷണം പോലും കഴിക്കാൻ പറ്റാതെ പ്രയാസത്തിലായിരുന്നു തെരുവ് നായ.ഓട്ടോ തെഴിലാളികളായ അസീസ്, പ്രേമചന്ദ്രൻ, രാഘവൻ മുഴക്കൊത്ത്, മുത്തലിബ് എന്നിവർ ചേർന്നാണ് നായയെ രക്ഷപ്പെടുത്തിയത്.അതിനിടെ, കാസര്‍കോട്ട് വീപ്പയിൽ കുടുങ്ങിയ പട്ടിക്കുട്ടികളെ ഫയർഫോഴ്‌സ് അംഗങ്ങള്‍ രക്ഷിച്ചു. ടാറിംഗിന് പിന്നാലെ റോഡരികിൽ ഉപേക്ഷിച്ചിരുന്ന ടാർ വീപ്പയിൽ കുടുങ്ങിയ പട്ടിക്കുട്ടികളെയാണ് കാസർകോട് ഫയർഫോഴ്‌സ് ടീം രക്ഷിച്ചത്. കാസർകോട് മാവിനക്കട്ട റോഡിലെ ചൂരിപ്പള്ളയിലാണ് സംഭവം.റോഡരികിൽ നിന്നു പട്ടിക്കുട്ടികൾ നിരന്തരം കരയുന്നത് കേട്ടാണ് പരിസരവാസിയായ രാജേഷ് ലോബേ സ്ഥലത്തെത്തിയത്. കടുത്ത വെയിലിൽ ഉരുകിയ ടാറിനുള്ളിൽ നിന്നു പുറത്തേക്കുയരാൻ പറ്റാത്ത അവസ്ഥയിലായിരുന്നു നായിക്കുട്ടികൾ.ഉടന്‍ തന്നെ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയും ചെയ്തു.സീനിയർ ഫയർ ആന്റ് റെസ്‌ക്യു ഓഫീസർ ബി. സുകുവിന്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി. വീപ്പ വെട്ടിപ്പൊളിച്ച് പട്ടിക്കുട്ടികളെ ഓരോന്നായി പുറത്തെടുക്കുകയും ശരീരത്തിൽ പറ്റിയിരുന്ന ടാർ പൂർണമായി നീക്കം ചെയ്‌തു.





