തേനീച്ചയാക്രമണം; യുവാവിന്റെ ശരീരത്തില്‍നിന്ന് നീക്കിയത് 300 തേനീച്ചക്കൊമ്പുകൾ
തൃശൂര്‍: കുട്ടികളെ തേനീച്ചയാക്രമണത്തില്നിന്ന് രക്ഷിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ യുവാവ് രക്ഷപ്പെട്ടു. തൃശൂര്‍ സ്വദേശി അര്ജുന് കുമാറിന്റെ ശരീരത്തില്‍നിന്ന് മുന്നൂറോളം തേനീച്ചക്കൊമ്പുകളാണ് ജൂബിലി മിഷന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നീക്കംചെയ്തത്. തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സക്കുശേഷം അര്ജുന് കുമാര്‍ അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വോട്ട് ചെയ്ത് മടങ്ങുന്നതിനിടെയാണ് അര്ജുന് കുമാറും സുഹൃത്തുക്കളായ വിപിനും അരുണും തേനീച്ചകളുടെ ആക്രമണത്തിനിരയായത്. കുട്ടികളെ തേനീച്ചകള്‍ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാനെത്തിയതായിരുന്നു ഇവര്‍. കുട്ടികളെ സുരക്ഷിതരാക്കിയെങ്കിലും മൂവര്‍ക്കും കുത്തേറ്റു. ഇതില്‍ അര്ജുന് കുമാറിനാണ് ഏറ്റവും കൂടുതല്‍ പരിക്കേറ്റത്. ഉടൻ ഇവരെ തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയിലെ എമര്‍ജന്‍സി മെഡിസിന് വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. എമര്‍ജന്‍സി വിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. സിജു വി. എബ്രഹാമിന്റെ നേതൃത്വത്തിലാണ് അര്ജുന് കുമാറിന്റെ ശരീരത്തില്‍ തറച്ച മുന്നൂറോളം മുള്ളുകൾ നീക്കംചെയ്തത്.





