ഗസ്സയിൽ സർവനാശം വിതച്ച് ‘ബൂബി ട്രാപ് റോബോട്ട്’; പ്രദേശം നരകമാക്കുന്ന യുദ്ധതന്ത്രം; ഇസ്രായേൽ ഉപയോഗിച്ചത് ലോകം വിലക്കിയ ആയുധം

ഗസ്സ : സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 70,000ത്തോളം മനുഷ്യരെ കൊന്നൊടുക്കി രണ്ടു വർഷമായി ഇസ്രായേൽ തുടർന്ന വംശഹത്യയിൽ ഉപയോഗിച്ചത് മിസൈലും തോക്കും മാത്രമല്ല, യുദ്ധഭൂമിയിൽ ഉപയോഗിക്കരുതെന്ന് ലോകം വിലക്കിയ ‘ബൂബി ട്രാപ്ഡ് റോബോട്ടുകളും’.
മുരൾച്ചയോടെയെത്തുന്ന ബോംബർ വിമാനങ്ങൾ വർഷിക്കുന്ന മിസൈലുകളേക്കാളും, കരവഴിയെത്തിയ സൈന്യം തോക്കും പീരങ്കിയും ഉപയോഗിച്ച് നേരിട്ട് നടത്തുന്ന ആക്രമണങ്ങളേക്കാളും പ്രഹര ശേഷിയുള്ള ചതിപ്രയോഗം നടത്തിയാണ് ഗസ്സയിൽ സർവനാശം വിതച്ചതെന്ന് യൂറോ മെഡ് ഹ്യൂമൻറൈറ്റ്സ് മോണിറ്റർ റിപ്പോർട്ട് ചെയ്യുന്നു.
വെടിനിർത്തലിനു പിന്നാലെ ഫലസ്തീനികൾ സ്വന്തം വീടുകൾ തേടി ജന്മ നാടുകളിലേക്ക് തിരികെയെത്തിയപ്പോഴാണ് ഒന്നും ശേഷിപ്പിക്കാതെ തകർത്ത ‘ബൂബി ട്രാപ്ഡ് റോബോട്ടുകളുടെ’ പ്രഹരശേഷിയെ ലോകം അറിയുന്നത്.
2023 ഒക്ടോബർ ഏഴിന് ആരംഭിച്ച വ്യോമക്രമണത്തിനു പിന്നാലെ വീടുകൾ ഒഴിഞ്ഞുപോയ ഗസ്സ നിവാസികളുടെ അവശേഷിച്ച കെട്ടിടങ്ങളും വസ്തുക്കളുമെല്ലാം നാമാവശേഷമാക്കുക എന്ന ലക്ഷ്യവുമായാണ് ലോകം വിലക്കിയ യുദ്ധ തന്ത്രം ഇസ്രായേൽ പ്രയോഗിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2024 മേയിൽ ജബലിയ അഭയാർഥി ക്യാമ്പുകളിലായിരുന്നു ആദ്യമായി ഇസ്രായേൽ സൈന്യ ‘ബൂബി ട്രാപ്ഡ് റോബോട്ട്’ ഉപയോഗിച്ചത്. ഇത് ഗസ്സ സിറ്റിയിലും ജബലിയിലുമായി കെട്ടിടങ്ങളും വീടുകളും ആശുപത്രികളും നിറഞ്ഞ പ്രദേശങ്ങളിൽ വെടിനിർത്തൽ പ്രാബല്ല്യത്തിൽ വരുന്നത് വരെ തുടർന്നു.
സർവനാശകാരിയായ ‘ബൂബി ട്രാപ് റോബോട്ട്’
സേവനകാലാവധി പൂർത്തിയാക്കിയ ശേഷം സൈന്യം ഉപേക്ഷിച്ച എം 113 എന്ന ആംഡ് പേഴ്സണൽ കാരിയർ (എ.പി.സി) വാഹനമാണ് റോബോട്ടിക് ആക്രമണത്തിന് ഉപയോഗിക്കുന്നത്. വിദൂരങ്ങളിലിരുന്ന് റിമോട്ടുകൾ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന വിധത്തിൽ സജ്ജീകരിച്ചാണ് എം 113 എന്ന സർവസംഹാരിയെ യുദ്ധ ഭൂമിയുടെ നടുത്തളത്തിലേക്ക് നയിക്കുന്നത്. മൂന്ന് മുതൽ അഞ്ചു ടൺ വരെ സ്ഫോടന വസ്തുക്കൾനിറച്ച ശേഷം, വീടുകളും ആശുപത്രികളും ഉൾപ്പെടെ കെട്ടിട സമുച്ചയങ്ങൾ നിറഞ്ഞ പ്രദേശത്ത് ‘ബൂബി ട്രാപ്ഡ് റോബോട്ട്’ സൈനിക ബുൾഡോസറുകളുടെ സാഹയത്തോടെ നിരക്കി നീക്കി ലക്ഷ്യ സ്ഥാനത്ത് എത്തിക്കും. ശേഷം, അകലങ്ങളിരിക്കുന്ന സൈനികർ വിദൂര നിയന്ത്രിത റിമോട്ടിലൂടെ സ്ഫോടനം നടത്തും. നൂറ് മുതൽ 300 വരെ ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വമ്പൻ സ്ഫോനത്തിലൂടെ ചുറ്റുപാടിനെ നരകമാക്കുന്നതാണ് ഇതെന്ന് വിദഗ്ധർ വിശദീകരിക്കുന്നു. സൈതൂണിൽ മാത്രം ഇതിനകം 500ഓളം കെട്ടിടങ്ങൾ ഇത്തരം സ്ഫോടനത്തിലൂടെ തകർത്തുവെന്ന് യൂറോ മെഡ് റിപ്പോർട്ട് ചെയ്തു.
ഒരു സംഘർഷ വേളയിലും കേൾക്കാത്ത ശബ്ദമായിരുന്നു ഇത്തവണത്തെ യുദ്ധത്തിൽ ഗസ്സയിൽ മുഴങ്ങിയതെന്ന് ഗസ്സ നിവാസിയായ ശരിഫ് ഷാദി അൽ ജസീറയോട് പങ്കുവെക്കുന്നു. ‘സ്ഫോടന വസ്തുക്കൾ നിറച്ച റോബോട്ട് റെസിഡൻഷ്യൽ കോംപ്ലക്സിലേക്ക് പ്രവേശിക്കുന്നതിന് സാക്ഷിയായിരുന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ, എല്ലാം അവശിഷ്ടങ്ങളായി മാറി’ -കഴിഞ്ഞ നവംബറിൽ ജബലിയ ക്യാമ്പിനെ തകർത്ത സ്ഫോടനത്തിന്റെ ഓർമ ഷാദി പങ്കുവെച്ചു.
‘ആ നവംബറിലെ പ്രഭാതത്തിൽ എട്ടംഗങ്ങളുള്ള കുടുംബത്തിന് ഭക്ഷണം തേടിയാണ് അന്ന് പുറത്തിറങ്ങിയത്. അപ്പോൾ ഒരു ടാങ്കർവാഹനത്തെ ഡി.10 ബുൾഡോസർ ഉപയോഗിച്ച് കെട്ടിട സമുച്ചയത്തിനുള്ളിലേക്ക് തള്ളി നീക്കുന്നത് കണ്ടു. പന്തികേട് തോന്നി ഞാൻ ഓടി. കുറഞ്ഞത് 100 മീറ്റർ ഓടാനേ കഴിഞ്ഞുള്ളൂ. വലിയ പൊട്ടിത്തെറി നടന്നു. സ്ഫോടനം അത്ര ശക്തമായിരുന്നു. അടുത്തുണ്ടായിരുന്നവർ ശരീര ഭാഗങ്ങൾ പോലും അവശേഷിക്കാതെ ചിന്നിച്ചിതറി’ -ഷാദി പറഞ്ഞു.
കാൽപാദത്തിനടിയിൽ ഭൂമി കുലുങ്ങുന്നത് പോലെയുള്ള അനുഭവമായിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുത്തു.
ഇസ്രായേലിന്റേത് യുദ്ധ കുറ്റം; പൊട്ടിത്തെറി മാത്രമല്ല വിഷവാതകവും
നിരോധിത ആയുധങ്ങളുടെ പരിധിയിൽ പെടുന്നതാണ് ഈ ആക്രമണമെന്ന് യൂറോ മെഡ് റിപ്പോർട്ട് ചെയ്യുന്നു. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഇവ ഉപയോഗിക്കുന്നത് യുദ്ധക്കുറ്റവും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യവുമായാണ് യൂറോ മെഡ് വിശേഷിപ്പിക്കുന്നത്.
എന്നാൽ, ഇസ്രായേൽ സൈന്യമോ സർക്കാരോ ഈ ആയുധങ്ങളുടെ ഉപയോഗം പരസ്യമായി അംഗീകരിച്ചിട്ടില്ല. ഗസ്സയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ബൂബി ട്രാപ്പ്ഡ് റോബോട്ടുകൾ ഇസ്രായേൽ പരക്കെ ഉപയോഗിച്ചുവെന്ന് തെളിയിക്കുന്നതാണ്. ഇസ്രായേൽ സൈന്യവുമായി ബന്ധപ്പെട്ടുവെങ്കിലും ഇതുസംബന്ധിച്ച് പ്രതികരിച്ചില്ലെന്ന് അൽ ജസീറയും വ്യക്തമാക്കി.
സ്ഫോടന പ്രഹരം മാത്രമല്ല, പൊട്ടിത്തെറിക്കു പിന്നാലെ വിഷ വാതകം പരത്തുകയും ചെയ്യുന്നതായി ഫലസ്തീനിയൻ മെഡിക്കൽ റിലീഫ് സൊസൈറ്റി ഡയറക്ടർ ഡോ. മുഹമ്മദ് അബു അഫ്സ വെളിപ്പെടുത്തി. സമീപ പ്രദേശങ്ങളിലേക്ക് വാതകം പടരുന്നതോടെ ഗുരുതര ശ്വസന പ്രശ്നങ്ങളുമുണ്ടാവുന്നു.
‘ശ്വാസതടസ്സം സംബന്ധിച്ച ആവർത്തിച്ചുള്ള കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലെഡും അപകടകരമായ രാസവസ്തുക്കളും അടങ്ങിയതാണ് ഈ വിഷവാതകം. യുദ്ധം കഴിഞ്ഞും അതിന്റെ ശേഷിപ്പുകൾ അന്തരീക്ഷത്തിലുണ്ട്’ -ഡോ. മുഹമ്മദ് അബു അഫ്സ പറഞ്ഞു.
വെടിമരുന്നിന്റെയും കത്തിയ ലോഹത്തിന്റെയും മിശ്രിതം ശ്വാസകോശത്തിൽ പറ്റിപ്പിടിച്ചതായും, സ്ഫോടനത്തിന് ശേഷം വളരെക്കാലം ശ്വസിക്കാൻ പ്രയാസപ്പെടുന്നതായും ഗസ്സ സിറ്റിയിലെ സബ്ര നിവാസ ഉം അഹമദ് അൽ ദ്രിമലി പറഞ്ഞു. പൊട്ടിത്തെറിയുടെ ശബ്ദവും വ്യത്യസ്തമായിരുന്നുവെന്ന് അവർ വിശദീകരിച്ചു.
ജബലിയ ക്യാമ്പ്, ബൈത് ഹനൂൻ, തൽ അൽ സാതർ, ബൈത് ലഹിയ, തുഫ നൈബർഹുഡ്, ഷുജാഇയ, സൈതൂൺ, സബ്ര, ശൈഖ് റദ്വാൻ, അബു ഇസ്കന്ദർ, ജബലിയ ഡൗൺ ടൗൺ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ബൂബി ട്രാപ്പ് റോബോട്സ് വ്യാപകമായി ഉപയോഗിച്ചു.




