കാർത്തികപ്പള്ളിയിൽ എട്ടാംക്ലാസ് വിദ്യാർഥിയുടെ ബാഗിൽ വെടിയുണ്ടകൾ; അന്വേഷണം തുടങ്ങി
ഹരിപ്പാട്: കാർത്തികപ്പള്ളിയിലെ സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയുടെ ബാഗിൽനിന്ന് രണ്ട് വെടിയുണ്ടകൾ കണ്ടെത്തി. ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ സ്കൂളിൽ നടത്തുന്ന പതിവ് പരിശോധനക്കിടെയാണ് വെടിയുണ്ടകൾ കണ്ടത്. പിസ്റ്റളിൽ ഉപയോഗിക്കുന്ന രണ്ട് റൗണ്ട് വെടിയുണ്ടകളാണ് സ്കൂൾ ബാഗിലുണ്ടായിരുന്നത്. ഇവ എവിടെനിന്ന് ലഭിച്ചെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ട്യൂഷന് പോയപ്പോൾ അടുത്തുള്ള പറമ്പിൽനിന്ന് കിട്ടിയതാണെന്നാണ് വിദ്യാർഥി ആദ്യം അധ്യാപികയോട് പറഞ്ഞത്. വീണ്ടും ചോദ്യം ചെയ്തപ്പോൾ സുഹൃത്ത് നൽകിയതാണെന്ന് മൊഴി നൽകി. സുഹൃത്തിന്റെ പേര് വെളിപ്പെടുത്താൻ വിദ്യാർഥി തയാറായില്ല. ഇതോടെയാണ് അധ്യാപകർ പൊലീസിൽ വിവരമറിയിച്ചത്. പ്രാഥമിക പരിശോധനയിൽ കാലപ്പഴക്കം ചെന്ന വെടിയുണ്ടകളാണിതെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. വെടിയുണ്ടകൾ കസ്റ്റഡിയിലെടുത്തു. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനും വെടിയുണ്ടകളുടെ ഉറവിടം കണ്ടെത്തുന്നതിനുമായി കരിയിലകുളങ്ങര പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയായതിനാൽ രഹസ്യ സ്വഭാവത്തോടെയാണ് അന്വേഷണം.




