ഗുണ്ടൽപേട്ടക്ക് സമീപം കാർ തടഞ്ഞ് കവർച്ച; കോഴിക്കോട് സ്വദേശിയുടെ ഒന്നര കോടിയുടെ സ്വർണം കൊള്ളയടിച്ചു
ബംഗളൂരു: ബന്ദിപ്പൂരിനും നാഗർഹോളെ വനമേഖലക്കും ഇടയിൽ കേരളത്തിൽനിന്നുള്ള കാർ യാത്രികനെ തടഞ്ഞ് ആക്രമിസംഘം ഒന്നര കോടി രൂപ വില മതിക്കുന്ന 1.2 കിലോഗ്രാം സ്വർണം കൊള്ളയടിച്ചതായി പരാതി. കോഴിക്കോട് സ്വദേശിയായ സ്വർണപ്പണിക്കാരൻ വിനുവാണ് വ്യാഴാഴ്ച രാത്രി കേരളത്തിലേക്ക് മാരുതി ബ്രെസ്സയിൽ യാത്ര ചെയ്യുന്നതിനിടെ ആക്രമണത്തിന് ഇരയായത്. നഞ്ചൻഗുഡിലെ കടക്കോളയിൽനിന്നുള്ള സുഹൃത്തിനൊപ്പം കാറിൽ ബന്ദിപ്പൂർ-കേരള റൂട്ടിൽ മൂലെഹോൾ മദ്ദൂർ വനം ചെക്ക് പോസ്റ്റിന് സമീപം എത്തിയപ്പോഴാണ് ആറംഗ സംഘം ആക്രമിച്ചത്. മാണ്ഡ്യയിലെ സ്വർണപ്പണിക്കാരനിൽനിന്നാണ് വിനു സ്വർണക്കട്ടി വാങ്ങിയതെന്ന് പൊലീസ് പറഞ്ഞു. സ്വർണപ്പണിക്കാരൻ കടക്കോളയിൽ എത്തിച്ചു നൽകിയ സ്വർണവുമായി വിനുവും സുഹൃത്തും മടക്കയാത്ര ആരംഭിച്ച് കുറച്ച് ദൂരം പിന്നിട്ടപ്പോൾ മൂന്ന് കാറുകൾ സംശയാസ്പദമായി പിന്തുടരുന്നത് ശ്രദ്ധയിൽപെട്ടു. മൂലെഹോളിനടുത്ത് എത്തിയപ്പോൾ ഇതിൽ രണ്ട് കാറുകൾ വിനുവിന്റെ കാർ തടഞ്ഞു. കൊള്ളക്കാർ ഇരുവരെയും കീഴടക്കി കാറിന്റെ നിയന്ത്രണം ഏറ്റെടുത്തു. തുടർന്ന് സംഘം വാഹനം ഉൾവനത്തിലേക്ക് ഓടിച്ചുകൊണ്ടുപോയി. വിരാജ്പേട്ട് റോഡിലേക്ക് കയറ്റി വിനുവിന്റെ പക്കൽനിന്ന് സ്വർണക്കട്ടി അടങ്ങിയ ബാഗ് പിടിച്ചുപറിച്ചു വാഹനങ്ങളിൽ കയറി രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിന് മുമ്പ് കൊള്ളക്കാർ വിനുവിന്റെ കാറിന്റെ പിൻഭാഗത്തുള്ള നമ്പർ പ്ലേറ്റ് ഊരിമാറ്റിയിരുന്നു. തിരിച്ചറിയൽ വൈകിപ്പിക്കാൻ വേണ്ടിയായിരിക്കാം ഇതെന്നാണ് പൊലീസ് നിഗമനം. വിനുവും സുഹൃത്തും മദ്ദൂർ വനം ചെക്ക് പോസ്റ്റിലേക്ക് തിരികെ വണ്ടിയോടിച്ചെത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അവർ ഗുണ്ടൽപേട്ട് ടൗൺ പൊലീസിൽ റിപ്പോർട്ട് ചെയ്തു. സർക്ൾ ഇൻസ്പെക്ടർ എൻ. ജയകുമാർ സ്ഥലത്തെത്തി സ്ഥലപരിശോധന നടത്തി. അന്വേഷണത്തിനായി മൂന്ന് സംഘങ്ങൾ രൂപവത്കരിച്ചു. ഒന്ന് കേരളത്തിലേക്കും മറ്റൊന്ന് മൈസൂരുവിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. മൂന്നാമത്തെ സംഘം നിലവിൽ ബന്ദിപ്പൂർ റൂട്ടിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വാഹനങ്ങൾ തിരിച്ചറിയുന്നു. സ്വർണം വാങ്ങിയതിന്റെ സാഹചര്യങ്ങളും അന്വേഷിക്കുന്നുണ്ട്. വിശദമായ തയാറെടുപ്പുകൾക്ക് ശേഷം പദ്ധതി നടപ്പാക്കിയ പ്രഫഷനലുകളുടെ കൈകളാണ് കവർച്ചക്ക് പിന്നിലെന്ന് ചാമരാജനഗർ പൊലീസ് സൂപ്രണ്ട് ബി.ടി കവിത പറഞ്ഞു. ഗുണ്ടൽപേട്ട് ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.





