സ്റ്റേഷനിൽ വിളിച്ചു വരുത്തിയ യുവാക്കളെ എസ്.ഐ മർദിച്ചതായി പരാതി; ‘രണ്ട് കാൽവെള്ളയിലും കവിളിലും അടിച്ചു

അടൂർ: ഇതര സംസ്ഥാന തൊഴിലാളികളെ മർദിച്ച സംഭവത്തിൽ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ യുവാക്കളെ എസ്ഐ മർദിച്ചതായി പരാതി. വടക്കടത്തുകാവ് കൊച്ചു പുളിമൂട്ടിൽ ജെ. അർജുൻ(25), കൊച്ചു പ്ലാങ്കാവിൽ അനിൽ പ്രകാശ്(33) എന്നിവർക്കാണ് മർദനമേറ്റത്. എസ്.ഐ നൗഫലാണ് മർദിച്ചതെന്നാണ് ആരോപണം. ഒക്ടോബർ 22ന് രാത്രി 8.30ന് വടക്കടത്തുകാവിലെ കടയിൽ കയറി ഇതര സംസ്ഥാന തൊഴിലാളികളെ മർദിച്ചു എന്നതായിരുന്നു യുവാക്കൾക്കെതിരെയുള്ള പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച രാവിലെ ജെ. അർജുനും അനിൽ പ്രകാശും അടൂർ സ്റ്റേഷനിൽ എത്തിയിരുന്നു. ഉച്ചയോടെ സി.ഐ ഇവരെ ജാമ്യം നൽകി വിട്ടയച്ചു. പിന്നീട്, യുവാക്കളുടെ കൂടുതൽ വിവരങ്ങൾ ഡിജിറ്റൽ രേഖകൾ ആക്കാൻ തിരികെ​ പൊലീസ് സ്റ്റേഷനിൽ എത്തണമെന്ന് പൊലീസുകാർ വിളിച്ചറിയിച്ചു. ഇതിനു വേണ്ടി എത്തിയപ്പോഴായിരുന്നു മർദനം. ആദ്യം അർജുനെ സ്റ്റേഷന്റെ മുകൾനിലയിലേക്ക് കൊണ്ടുപോയി രണ്ട് കാൽവെള്ളയ്ക്കും ചൂരൽ വച്ച് തുടരെ അടിച്ചു. തുടർന്ന് കവിളിലും അടിച്ചതായി അർജുൻ പറയുന്നു. ശേഷം അനിൽ പ്രകാശിനേയും മുകൾ നിലയിലേക്ക് കൊണ്ടുപോയി കവിളിൽ രണ്ടു തവണ അടിച്ചു. സംഭവ സമയം സിഐ സ്റ്റേഷനിൽ ഉണ്ടായിരുന്നില്ല. അർജുനും അനിൽ പ്രകാശും അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ, യുവാക്കളുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് അടൂർ ഡി.വൈ.എസ്.പി ജി. സന്തോഷ് കുമാർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button