ചിറ്റാരിപ്പറമ്പ് അങ്ങാടിയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു
. മാനന്തേരി വാഴയിൽ ഒണിയൻ പ്രേമനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിട്ട ഒന്‍പത് ബിജെപി, ആർഎസ്എസ് പ്രവർത്തകരെയാണ് തെളിവുകളുടെ അഭാവത്തിൽ തലശ്ശേരി ജില്ലാ സെഷൻസ് കോടതി വെറുതെ വിട്ടത്.
പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് വിധി പ്രസ്താവിച്ചത്. ശൈലേഷ് നിവാസിൽ സി.എം. സജേഷ് (36), ഒളോക്കാരൻ ടി. പ്രജീഷ് (37), ഇഞ്ചിക്കണ്ടി നിഷാന്ത് (47), പന്നിയോടൻ വീട്ടിൽ പി. ലിജീൻ (35), മണപ്പാട്ടി വിനീഷ് (44), കളരിക്കൽ വീട്ടിൽ സി. രജീഷ് (36), തൈക്കണ്ടി വീട്ടിൽ എൻ. നിജിൽ (31), പാറേമ്മൽ വീട്ടിൽ രഞ്ജയ് രമേശ് (30), രഞ്ജിത്ത് നിവാസിൽ സി.വി. രഞ്ജിത്ത് (40) എന്നിവരെയാണ് വെറുതെ വിട്ടത്. രണ്ടാം പ്രതിയായ കെ. ശ്യാമപ്രസാദ് 2018ൽ കൊല്ലപ്പെട്ടിരുന്നു.
2005 ഫെബ്രുവരി 25 ന് രാത്രി ഒൻപതോടെയാണ് കാറിലും ബൈക്കിലുമെത്തിയ സംഘം പ്രേമനെ ആക്രമിച്ചത്. രാഷ്ട്രീയ വിരോധം കാരണം ബിജെപി ആർഎസ്എസ് പ്രവർത്തകരായ പത്തോളം പേർ ഗൂഢാലോചന നടത്തി ആക്രമിച്ചുവെന്നാണ് കേസ്. ഗുരുതരമായി വെട്ടേറ്റ പ്രേമൻ പിറ്റേന്ന് രാവിലെ തലശ്ശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയിൽ മരിക്കുകയായിരുന്നു.
