മലപ്പുറത്ത് സിപിഎമ്മിനെ തോൽപ്പിക്കാൻ സിപിഐ; ഒറ്റക്ക് മത്സരിക്കാത്തയിടങ്ങളില്‍ യുഡിഎഫിനെ പിന്തുണക്കും
മലപ്പുറം: മലപ്പുറത്ത് സിപിഎമ്മിനെ തോൽപ്പിക്കാൻ സിപിഐ. വെട്ടത്തൂർ പഞ്ചായത്തിലാണ് എല്‍ഡിഎഫ് മുന്നണി ബന്ധം തകർന്നത്. സീറ്റ് ചർച്ചകൾ പരാജയപ്പെട്ടതോടെ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് സിപിഐ. വെട്ടത്തൂർ പഞ്ചായത്ത് വാർഡ് 16ലാണ് സിപിഐ മത്സരിക്കുക.മറ്റ് വാർഡുകളിൽ യുഡിഎഫിനെ പിന്തുണക്കുമെന്നും സിപിഐ നേതൃത്വം അറിയിച്ചു.സിപിഎം സ്ഥാനാര്‍ഥികളെ തീരുമാനിച്ച ശേഷം സിപിഐയെ പേരിന് ചര്‍ച്ചക്ക് വിളിച്ചതെന്നും ഇത് തങ്ങളെ അവഹേളിക്കാന്‍ വേണ്ടിയാണെന്നും സിപിഐ നേതൃത്വം പറയുന്നത്. സിപിഎമ്മിനെ ഏത് വിധേനയും തോല്‍പ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും സിപിഐ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.അതിനിടെ, പാലക്കാട് സിപിഎം സ്ഥാനാർഥിക്കെതിരെ സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി മത്സരിക്കും. മേലാർകോട് പഞ്ചായത്ത് 18ാം വാർഡ് കാത്താംപൊറ്റയിലാണ് സിപിഎം സ്ഥാനാർഥിക്കെതിരെ സിപിഐ ലോക്കൽ സെക്രട്ടറി മത്സരിക്കുന്നത്. എസ്. ഷൗക്കത്തലിയാണ് സിപിഐ സ്ഥാനാർഥിയായി മത്സരിക്കുന്നത്. സിപിഎമ്മിന്റെ ജ്യോതികൃഷ്ണനാണ് ഇവിടെ ഇടതുമുന്നണി സ്ഥാനാർഥി.അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പണം ഇന്ന് അവസാനിക്കും. വൈകിട്ട് മൂന്നു മണി വരെ നേരിട്ടോ നിർദേശകൻ വഴിയോ പത്രിക സമർപ്പിക്കാം. നാളെയാണ് സൂക്ഷ്മ പരിശോധന. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്ഥാനാർഥികളുടെ അന്തിമ പട്ടിക റിട്ടേണിംഗ് ഓഫീസർ പ്രസിദ്ധീകരിക്കും. നവംബര്‍ 24 ആണ് സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി.ഇതുവരെ 95,369 പത്രികകളാണ് സമർപ്പിച്ചത് . ഇന്നലെ മാത്രം 50,707 പത്രികകൾ ലഭിച്ചു. മട്ടന്നൂർ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഡിസംബർ 9, 11 തീയതികളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി പൊതുനിരത്തുകളിൽ അനധികൃത ബാനറുകളും പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും സ്ഥാപിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഹൈക്കോടതി. ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ ശക്തമായി നടപടിയെടുക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി.അനധികൃതമായി സ്ഥാപിച്ച ബോർഡുകളും ബാനറുകളും രണ്ടാഴ്ചയ്ക്കകം നീക്കം ചെയ്യണമെന്നാണ് നിർദ്ദേശം. ഉത്തരവാദികളിൽ നിന്ന് പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. സ്ഥാനാർഥികൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവരിൽ നിന്ന് പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോടും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർമാരോടും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.





