സിപിഐക്ക് ഇന്ന് 100 വയസ് തികഞ്ഞ ദിനം; സ്ഥാപിച്ചത് 1925 ഡിസംബർ 26ന്

ന്യൂഡല്‍ഹി: സിപിഐക്ക് ഇന്ന് നൂറ് വയസ്. 1925 ഡിസംബർ 26ന് അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയിലെ പ്രമുഖ തൊഴിലാളി കേന്ദ്രങ്ങളിൽ ഒന്നായ കോൺപുരിലാണ് (ഇന്നത്തെ ഉത്തർപ്രദേശിലെ കാൺപൂർ) ഇന്ത്യൻ മണ്ണിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക സമ്മേളനം ഉദ്ഘാടനം ചെയ്യപ്പെട്ടത്.100ാം വാര്‍ഷികമായ ഇന്ന് ദില്ലിയില്‍ കേന്ദ്രകമ്മിറ്റി ഓഫീസായ അജോയ് ഭവനില്‍ ജനറല്‍ സെക്രട്ടറി ഡി രാജ പതാക ഉയര്‍ത്തും. സംഘടനാ ശക്തി കുറയുന്നത് നൂറാം വര്‍ഷത്തില്‍ പാര്‍ട്ടിയുടെ വലിയ ആശങ്കയാണെന്നാണ് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറയുന്നത്. രാഷ്ട്രീയമായ ഒട്ടേറെ ത്യാഗങ്ങളും വെല്ലുവിളികളും നേരിട്ട പാര്‍ട്ടി കഴിഞ്ഞ ഒരു നൂറ്റാണ്ട്കാലത്തിന്റെ സംഭവബഹുലമായ ചരിത്രത്തില്‍ ആധുനിക ഇന്ത്യയ്ക്ക് നല്കിയ സംഭാവനകള്‍ അമൂല്യമാണ്. സിപിഐ ഇന്ത്യക്ക് നല്കിയ പ്രൗഢമായ സംഭാവനകള്‍, കരുത്തുറ്റ നേതാക്കള്‍, നേതൃത്വം ഇവയൊന്നും മറക്കാനാവില്ല. എഐടിയുസി എന്ന ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയുടെ പിന്നില്‍ പ്രവര്‍ത്തിച്ച സിപിഐ നേതാക്കളാണ് പില്ക്കാലത്ത് റെയില്‍വെ പണിമുടക്ക് പോലെ തൊഴിലാളികളുടെ അവകാശസംരക്ഷണത്തിനായി പൊരുതിയവരില്‍ ഐക്യത്തിന്റേയും ഒരുമിച്ചുനില്‍ക്കലിന്റേയും അഗാധമായ വര്‍ഗബോധം സൃഷിച്ചത്.സാർവദേശീയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ സവിശേഷമായ സ്ഥാനമുള്ള പാർട്ടിയാണ് സിപിഐ എന്ന് പറയുകയാണ് പാര്‍ട്ടി സംസ്ഥാനെ സെക്രട്ടറി ബിനോയ് വിശ്വം. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിർഭാഗ്യകരമായ ഭിന്നിപ്പിന് നാന്ദി കുറിച്ചുകൊണ്ട് 1960കളുടെ തുടക്കത്തിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രംഗത്തുവന്നു. അവർ ഉയർത്തിയ താത്വിക — രാഷ്ട്രീയ നിലപാടുകളാണ് മാവോയിസം എന്നറിയപ്പെട്ടത്. സങ്കുചിത ദേശീയവാദവും അന്ധമായ സോവിയറ്റ് വിരോധവും ആയിരുന്നു അതിന്റെ കാതൽ. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി അടക്കം ലോകത്തെ നിരവധി കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ വിനാശകരമായ ഭിന്നിപ്പിന്റെ വിത്ത് വിതച്ചത് മാവോയിസമാണ്. അത് മാർക്സിസത്തിന്റെ വികൃതമായ ദുർവ്യാഖ്യാനം ആണെന്ന് ആദ്യമായി പ്രഖ്യാപിച്ച പാർട്ടിയാണ് സിപിഐ എന്നും ജനയുഗത്തിലെഴുതിയ ലേഖനത്തില്‍ ബിനോയ് വിശ്വം പറയുന്നു. വർത്തമാന കാലത്തെ കടമകൾ ഏറ്റെടുക്കാൻ പാർട്ടിക്ക് ശക്തി പകരുന്നത് ഒരു നൂറ്റാണ്ടു നീണ്ട, ഏറ്റിറക്കങ്ങൾ നിറഞ്ഞ അനുഭവങ്ങളുടെ സമ്പത്താണ്. മറ്റൊരു പാർട്ടിക്കും അവകാശപ്പെടാനില്ലാത്ത ദീർഘവും സംഭവബഹുലവുമായ ആ ചരിത്രത്തിന്റെ പാഠങ്ങൾ പാർട്ടിയുടെ കൈമുതലാണ്- ബിനോയ് വിശ്വം പറയുന്നു.




