ബി.ജെ.പിയെ തോൽപ്പിക്കാൻ കോൺഗ്രസുമായി സാഹചര്യങ്ങൾക്ക് അനുസരിച്ച് നീക്കുപോക്കെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി
തിരുവനന്തപുരം: ബി.ജെ.പിയെയും അതിന്റെ സഖ്യകക്ഷികളെയും പരാജയപ്പെടുത്താൻ കോൺഗ്രസിന് പങ്കുവഹിക്കാൻ കഴിയുന്നിടത്ത് അതിനുള്ള സാധ്യതകൾ അന്വേഷിക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി. ഇതാകട്ടെ സഖ്യമെന്ന് പറയാനാവില്ലെന്നും അതത് സംസ്ഥാനങ്ങളിലെ നീക്ക് പോക്കുമാത്രമാണെന്നും യോഗം വ്യക്തത വരുത്തി. ഓരോ സംസ്ഥാനത്തിലെയും സാഹചര്യങ്ങൾക്കനുസരിച്ച് ഇന്ത്യ ബ്ലോക്ക് വികസിപ്പിച്ചെടുക്കണം എന്നാണ് പാർട്ടി കോൺഗ്രസിലെ നിലപാട്. കേരളത്തിലായാലും ബംഗാളിലായാലും പാർട്ടിയുടെ പൊതു കാഴ്ചപ്പാടിൽ നിന്നായിരിക്കും പ്രവർത്തിക്കുക. ഇന്ത്യ ബ്ലോക്ക് ഓരോ സംസ്ഥാനങ്ങളിലും ഓരോ തരത്തിലാണ് പ്രവർത്തിക്കുക. ഇന്ത്യ ബ്ലോക്കിലുള്ള പാർട്ടികളുടെ പരസ്പരം മത്സരം ബി.ജെ.പി അധികാരത്തിൽ വരുന്നതിന് കാരണമായിട്ടുണ്ടെന്നും ഡൽഹി ഉദാഹരണമാണെന്നും കേന്ദ്രകമ്മിറ്റിക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി എം.എ ബേബി വ്യക്തമാക്കി. കേരളം, പശ്ചിമബംഗാള്‍, തമിഴ്നാട്, അസ്സം, പുതുച്ചേരി എന്നിവടങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കായുള്ള പാര്‍ട്ടിയുടെ തയ്യാറെടുപ്പുകളെ യോഗം വിലയിരുത്തി. കേരളത്തില്‍, ഇടതു സര്‍ക്കാറിന്റെ വിജയത്തിനായി, നേട്ടങ്ങളിലൂന്നിയ പ്രചാരണത്തിന് പാർട്ടി മുന്നിട്ടിറങ്ങണം. ബംഗാളില്‍, സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റേയും, ബി.ജെ.പിയുടേയും പരാജയത്തിനായി പാർട്ടി പ്രവര്‍ത്തിക്കും. പ്രക്ഷോഭത്തിന് ജമ്മു-കാശ്മീരിന്റെ സംസ്ഥാന പദവിയും അവിടുത്തെ ജനങ്ങളുടെ എല്ലാ ജനാധിപത്യ അവകാശങ്ങളും ഉടന പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര കമ്മിറ്റി ഐക്യകണ്ഠേന പ്രത്യേക പ്രമേയം പാസ്സാക്കി. ലേബര്‍ കോഡുകള്‍ വിജ്ഞാപനം ചെയ്തതിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ ഫെബ്രുവരി 12-ന് ആഹ്വാനം ചെയ്തിട്ടുള്ള പൊതുപണിമുടക്കിന് കേന്ദ്ര കമ്മിറ്റി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. പൊതുപണിമുടക്ക് ദിനത്തില്‍ ട്രേഡ് യൂണിയനുകള്‍ സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ചുകൊണ്ട് പാർട്ടി കേഡറ്റുകളെ അണിനിരത്തും. തൊഴിലുറപ്പ് നിയമം ഇല്ലായ്മ ചെയ്തതിനെതിരെ മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30-ന് ആരംഭിച്ച് ഫെബ്രുവരി 5-ന് അവസാനിക്കുന്ന തരത്തില്‍ ഒരാഴ്ചക്കാലത്തേക്കായിരിക്കും ക്യാമ്പയിന് നടത്തും. കേരളത്തിൽ കോൺഗ്രസ് ബി.ജെ.പിയെ ശക്തിപ്പെടുത്തുന്നുകേരളത്തിൽ ബി.ജെ.പിയെ ശക്തിപ്പെടുത്താനാണോ കോൺഗ്രസ് പ്രവർത്തിക്കുന്നത് എന്ന സംശയം തോന്നുന്നുവെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി. ഇടതു മുന്നണിയെ കടന്നാക്രമിക്കാൻ ബി.ജെ.പിയും കോൺഗ്രസും മത്സരിക്കുകയാണ്. വസ്തുതാ വിരുദ്ധമായത് എന്തും വിളിച്ചു പറയാൻ ഉളുപ്പില്ലാത്തവരാണ് കേരളത്തിലെ യു.ഡി.എഫ് നേതാക്കൾ. കേരളത്തില്‍ ആര്.എസ്.എസ് – ബി.ജെ.പിക്കെതിരായ ആശയ സമരത്തില്‍ കോണ്‍ഗ്രസിനുണ്ടാകുന്ന പോരായ്മയേയും ജനങ്ങള്‍ക്ക് മുമ്പാകെ തുറന്നുകാട്ടുമെന്നും ബേബി കൂട്ടിച്ചേർത്തു.





