ക്രിപ്റ്റോ ഇടപാട്: ഇ.ഡി കണ്ടുകെട്ടിയത് 4189.89 കോടി രൂപ, ആദായ നികുതിവകുപ്പ് നോട്ടീസയച്ചത് 44,057 പേർക്ക്
ന്യൂഡൽഹി: ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ 4189.89 കോടി രൂപ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. ഒരാളെ ഒളിവിൽ കഴിയുന്ന സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കുകയും ചെയ്തു. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാർലമെന്റിനെ അറിയിച്ചതാണ് ഇക്കാര്യം. ഇതിന് പുറമേ, ക്രിപ്റ്റോ കറൻസി ഇടപാടിൽനിന്നുള്ള 888.82 കോടി രൂപയുടെ വെളിപ്പെടുത്താത്ത വരുമാനം കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡും പരിശോധനയിൽ കണ്ടെത്തി. ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം നടത്തുകയും ആദായ നികുതി റിട്ടേണിൽ ഇക്കാര്യം കാണിക്കാതിരിക്കുകയും ചെയ്ത 44,057 പേർക്ക് പ്രത്യക്ഷ നികുതി ബോർഡ് നോട്ടീസ് അയക്കുകയും ചെയ്തു. ക്രിപ്റ്റോ കറൻസിയെ സർക്കാർ കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന് കീഴിൽ കൊണ്ടുവരുകയും ചെയ്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ നിയമമനുസരിച്ച് നിരവധി ക്രിപ്റ്റോ ഇടപാടുകളെക്കുറിച്ച് ഇ.ഡി അന്വേഷണം നടത്തി. ഇതുവഴിയാണ് 4,189.89 കോടി രൂപ കണ്ടുകെട്ടിയത്. 29 പേരെ അറസ്റ്റ് ചെയ്തതായും മന്ത്രി അറിയിച്ചു.





