വർഷങ്ങൾക്ക് മുമ്പ് അച്ഛൻ ഒത്തുതീർപ്പിൽ ഒപ്പിട്ടാലും മകൾക്ക് കുടുംബ സ്വത്തിൽ അവകാശവാദം ഉന്നയിക്കാമെന്ന് ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: 1956ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം പിതാവ് ഒപ്പുവെച്ച ഒത്തുതീർപ്പ് ഉത്തരവ് നിലനിൽക്കുന്നുണ്ടെങ്കിലും കുടുംബ സ്വത്തിൽ മകളുടെ സ്വതന്ത്രമായ അവകാശവാദത്തെ തടയാൻ സാധിക്കില്ലെന്ന് ഡൽഹി ഹൈകോടതി ഡിവിഷൻ ബെഞ്ച്. ഇതുസംബന്ധിച്ച കേസ് തള്ളണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു ഹൈകോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ അനിൽ ക്ഷത്രപാൽ, ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി. കേസിൽ സിംഗിൾ ജഡ്ജിയുടെ തീരുമാനം ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു. ഹരജിക്കാരൻ ഉന്നയിച്ച വിഷയങ്ങളിൽ വസ്തുതാപരമായ തർക്കങ്ങളുണ്ടെന്ന് നിരീക്ഷിച്ച ഡിവിഷൻ ബെഞ്ച് വിചാരണക്ക് ശേഷം മാത്രമേ അത് തീരുമാനിക്കാൻ കഴിയുകയുള്ളൂവെന്നും വ്യക്തമാക്കി. എൽ.ആർ. ഗുപ്ത എച്ച്.യു.എഫിന്റെ സ്വത്തുക്കൾ വിഭജിക്കുക, അക്കൗണ്ടുകൾ തിരിച്ചുപിടിക്കുക, ഇൻജക്ഷൻ എന്നിവ ആവശ്യപ്പെട്ട് സോനാക്ഷി ഗുപ്ത സമർപ്പിച്ച സിവിൽ കേസിലെ വിധിക്കെതിരെയാണ് ഹരജി ഉയർന്നുവന്നത്.1956 ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ (2005 ൽ ഭേദഗതി ചെയ്തത്) സെക്ഷൻ 6 പ്രകാരം താൻ സംയുക്ത ഹിന്ദു കുടുംബത്തിലെ പങ്കാളിയാണെന്ന് വാദി വാദിച്ചു. ഭേദഗതി പ്രാബല്യത്തിൽ വന്ന 2005 സെപ്റ്റംബർ 9ഓടെ തന്റെ കേസിന് കൂടുതൽ പ്രാതിനിധ്യം ലഭിച്ചുവെന്നും വാദി അവകാശപ്പെട്ടു. പ്രതിസ്ഥാനത്തുള്ളവർ തന്റെ സമ്മതമില്ലാതെ എച്ച്.യു.എഫിന്റെ സ്വത്തുക്കൾ വിൽക്കുകയും അന്യാധീനപ്പെടുത്തുകയും ചെയ്തുവെന്നും സ്വത്തുക്കൾ വിഭജിക്കണമെന്ന തന്റെ ആവശ്യം നിരസിച്ചുവെന്നും അവർ ആരോപിച്ചു. ഈ ഹരജി നിരസിക്കണമെന്ന് കാണിച്ച് സോനാക്ഷി ഗുപ്‍തയുടെ പരാതിയിലെ എതിർകക്ഷിയായ സഞ്ജയ് ഗുപ്തയാണ് 1908 ലെ സിവിൽ നടപടിക്രമ നിയമത്തിലെ ഓർഡർ VII റൂൾ 11 പ്രകാരം ഹരജി തള്ളണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയത്. കേസ് നിയമപ്രകാരം നിരോധിച്ചിട്ടുണ്ടെന്നും നടപടിയുടെ കാരണം വെളിപ്പെടുത്തിയിട്ടില്ലെന്നും അവർ വാദിച്ചു. കുടുംബത്തിലെ സ്വത്തുതർക്കം നേരത്തേ തന്നെ പരിഹരിച്ചതാണെന്നും അവർ മുതിർന്ന അഭിഭാഷകൻ മനീഷ് വസിഷ്ട് വഴി കോടതിയെ ബോധിപ്പിച്ചു. എന്നാൽ 2006ലെ ഒത്തുതീർപ്പ് ഉത്തരവ് തന്റെ പിതാവിനും സ്വത്ത് കൈവശപ്പെടുത്തിയവർക്കും ഇടയിലായിരുന്നുവെന്നും ആ സമയത്ത് തനിക്ക് പ്രായപൂർത്തിയാകാത്തതിനാൽ അതിൽ കക്ഷിയായില്ലെന്നും സോനാക്ഷി കോടതിയെ ബോധിപ്പിച്ചു. ഭേദഗതി ചെയ്ത ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം തനിക്ക് പിതൃസ്വത്തിൽ അവകാശമുണ്ടെന്നും അവർ വാദിച്ചു. ഇതു ശരിവെച്ചുകൊണ്ടാണ് കോടതി എതിർകക്ഷികൾ നൽകിയ ഹരജി തള്ളിയത്.





