യുപിഐ ഇടപാട് പരാജയപ്പെട്ടിട്ടും അക്കൗണ്ടിൽ നിന്ന് പണം പോയോ? തിരിച്ചുപിടിക്കാൻ വഴിയിതാ.
യുപിഐ ഇടപാടുകൾ നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയിരിക്കുന്ന കാലമാണ് ഇന്ന്. ഓരോ മാസവും യുപിഐ ഇടപാടുകളുടെ എണ്ണവും മൂല്യവും വർധിച്ചുവരികയാണ്. ഇന്ത്യയുടെ യുപിഐ ലോക രാജ്യങ്ങൾ ഏറ്റെടുക്കുന്ന രീതിയിൽ വളർന്നുകഴിഞ്ഞു. ഡിജിറ്റൽ ഇടപാടുകൾ കുതിച്ചുയരുമ്പോഴും യുപിഐ പേയ്‌മെന്റുകളിലെ പരാജയം വലിയ തലവേദനയാണ്.
ക്യൂആർ കോഡ് വഴി ഇടപാട് നടത്തുമ്പോൾ അക്കൗണ്ടിൽ നിന്ന് പണം പോവുകയും ഇടപാട് പരാജയപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ ഇപ്പോൾ വർധിച്ചുവരുന്നുണ്ട്. ഇങ്ങനെ വരുന്ന തുക ഉടൻ തന്നെ അക്കൗണ്ടിൽ റീഫണ്ട് ചെയ്യുന്നതാണ് പതിവ്. എന്നാൽ ചിലർക്കെങ്കിലും ഇങ്ങനെ റീഫണ്ട് ലഭിക്കാതെ വരാറുണ്ട്.
യുപിഐ ഇടപാടിൽ പണം പോയതായി മെസേജ് ലഭിക്കുകയും ഇടപാട് പരാജയപ്പെടുകയും ചെയ്താൽ ആദ്യം അക്കൗണ്ട് ബാലൻസ് പരിശോധിക്കുകയാണ് വേണ്ടത്. മിനി സ്‌റ്റേറ്റ്‌മൈന്റിൽ പണം റീഫണ്ട് ആയിട്ടുണ്ടോയെന്ന് ഉറപ്പാക്കണം. ഇത് അക്കൗണ്ടിൽ നിന്ന് പണം പോയോ എന്നതിൽ ഒരു വ്യക്തത നൽകും.
അക്കൗണ്ടിൽ നിന്ന് പണം കുറയ്ക്കുകയും നിങ്ങൾ പണം അയച്ച വ്യക്തിക്ക് അത് ലഭിക്കാതെ വരികയും ചെയ്താൽ ഇടപാടിൽ തടസം നേരിട്ടെന്നു മനസിലാക്കാം. ഇത്തരം സാഹചര്യത്തിൽ ലഭിക്കുന്ന മെസേജ് ഇടപാട് പ്രൊസസ് ചെയ്യുന്നു എന്നതാകും. ഇത്തരം കേസുകളിൽ പണം ഉടനടി റീഫണ്ട് കിട്ടിയില്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ അല്ലെങ്കിൽ പരമാവധി മൂന്ന് ദിവസത്തിനുള്ളിൽ അക്കൗണ്ടിൽ തിരിച്ചുകയറുകയാണ് പതിവ്. എന്നിട്ടും പണം കിട്ടിയില്ലെങ്കിൽ ബാങ്കിനെ സമീപിക്കേണ്ടതുണ്ട്.
പണം അയച്ച ആളുടെ അക്കൗണ്ടിൽ എത്താതിരിക്കുകയും, അക്കൗണ്ടിൽ നിന്ന് പോകുകയും ചെയ്യുന്ന സാഹചര്യത്തിൽ യുപിഐ ട്രാൻസാക്ഷൻ ഐഡിക്ക് വലിയ പങ്കുണ്ട്. ഓരോ യുപിഐ ഇടപാടിനും ഒരു ഇടപാട് ഐഡി ഉണ്ടാകും. പോയ പണം ട്രാക്ക് ചെയ്യാൻ ഇത് അത്യാവശ്യമാണ്. യുപിഐ ഐഡി ലഭിക്കുന്നതിന് പേയ്മെന്റ് നടത്തിയ ആപ്പിന്റെ ട്രാൻസാക്ഷൻ ഹിസ്റ്ററി പരിശോധിക്കാവുന്നതാണ്.
പരാജയപ്പെട്ട ഇടപാടിന്റെ ഇടപാട് ഐഡി ബാങ്കിന്റെ കസ്റ്റമർ കെയറിൽ വിളിച്ച് പങ്കിടാവുന്നതാണ്. ബാങ്ക് ശാഖകൾ നേരിട്ട് സന്ദർശിച്ചും പരാതി ഫയൽ ചെയ്യാവുന്നതാണ്. വിവരങ്ങൾ പരിശോധിച്ച ശേഷം അവർ റീഫണ്ട് നില അപ്ഡേറ്റ് ചെയ്യും. ബാങ്കിൽ നിന്ന് അനുകൂല നിലപാട് ലഭിച്ചില്ലെങ്കിൽ യുപിഐ രക്ഷാധികാരിയായ എൻപിസിഐയെ സമീപിക്കാവുന്നതാണ്. എൻപിസിഐ ഓദ്യോഗിക വെബ്സൈറ്റിലെ പബ്ലിക്ക് ഗ്രീവ്നെസ് ഓപ്ഷൻ ഇതിനായി ഉപയോഗപ്പെടുത്തുക. ഇവിടെ നൽകേണ്ട വിവരങ്ങൾ യുപിഐ ആപ്പിലെ ട്രാൻസാക്ഷൻ ഹിസ്റ്ററിയിൽ നിന്നു ലഭിക്കും.





