അജ്ഞാത ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യരുത്; സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
വർദ്ധിച്ചു വരുന്ന സൈബർ തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍, മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് കർശനമായ ജാഗ്രതാ നിർദ്ദേശങ്ങളുമായി കേരള പോലീസ് രംഗത്ത്.ദൈനംദിന ജീവിതത്തിലെ ഒട്ടുമിക്ക ആവശ്യങ്ങള്‍ക്കും ഇന്ന് മൊബൈല്‍ ആപ്ലിക്കേഷനുകളെ ആശ്രയിക്കുന്നവരാണ് നമ്മളില്‍ അധികവും.
എന്നാല്‍, എല്ലാ ആപ്പുകളും ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഒരുപോലെ സുരക്ഷിതമായിരിക്കണമെന്നില്ല. അതിനാല്‍, ഫോണില്‍ ഏതെങ്കിലും ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇൻസ്റ്റാള്‍ ചെയ്യുന്നതിന് മുമ്ബ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിശദീകരിച്ച് കൊണ്ടാണ് കേരള പോലീസ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
നിരുപദ്രവകരമെന്ന് തോന്നാമെങ്കിലും, ചില ആപ്ലിക്കേഷനുകള്‍ വ്യക്തിഗത വിവരങ്ങള്‍ ചോർത്താനും സാമ്ബത്തിക തട്ടിപ്പുകള്‍ക്ക് വഴിയൊരുക്കാനും സാധ്യതയുണ്ട്. ദുരുദ്ദേശപരമായി രൂപകല്‍പ്പന ചെയ്യുന്ന ഇത്തരം മാല്‍വെയർ ആപ്പുകള്‍ വ്യക്തിഗത ഡാറ്റ, ബാങ്കിംഗ് വിവരങ്ങള്‍, പാസ്‌വേഡുകള്‍ എന്നിവ എളുപ്പത്തില്‍ കൈക്കലാക്കാൻ സാധ്യതയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
നിങ്ങളുടെ ഫോണില്‍ ഒരു ആപ്പ് ഇൻസ്റ്റാള്‍ ചെയ്യും മുൻപ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
● സാധാരണ ആപ്പുകളുടെ വിശദാംശങ്ങളില്‍ ഡെവലപ്പറുടെ പേരും ആപ്പിന്റെ പേരും ഉണ്ടാകും. സംശയം തോന്നിയാല്‍ അത് നിയമാനുസൃതമുള്ളതാണോ, ഡെവലപ്പറുടെ വിശദാംശങ്ങള്‍ തുടങ്ങിയവ നമുക്ക് സെർച്ച് ചെയ്തു കണ്ടെത്താം. ആപ്പുകളുടെ വിശദാംശങ്ങള്‍ നല്കിയിട്ടുള്ളവയില്‍ സ്പെല്ലിങ് / ഗ്രാമർ തെറ്റുകളും ശ്രദ്ധിക്കുക. അങ്ങനെ കാണുന്നവ വ്യാജ ആപ്പുകളായിരിക്കും. അപ്രകാരം സംശയം തോന്നിയാല്‍ അവരുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് വ്യക്തത വരുത്താവുന്നതാണ്.
● പ്ളേ/ആപ്പ് സ്റ്റോറില്‍ കാണുന്ന ആപ്പുകളുടെ യൂസർ റിവ്യൂ പരിശോധിക്കുക.
● പ്രവർത്തനത്തിന് ആവശ്യമായ പെർമിഷനുകള്‍ മാത്രം നല്‍കി വേണം ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യേണ്ടത്. അഡ്മിനിസ്ട്രേഷൻ പെർമിഷൻ ആവശ്യപ്പെടുന്ന ആപ്പുകള്‍ അപകടകാരികളാണ്. അഡ്മിനിസ്ട്രേഷൻ പെർമിഷൻ നല്‍കുന്നതോടെ പ്രസ്തുത ആപ്പിന് നമ്മുടെ മൊബൈലിലെ എന്തിലും ഏതു തരത്തിലുള്ള മോഡിഫിക്കേഷൻ നടത്താനും പാസ്സ്‌വേർഡ്, സ്റ്റോറേജ് ഉള്‍പ്പെടെ മുഴുവൻ നിയന്ത്രണം ഏറ്റെടുക്കാനും കഴിയും.
● ആപ്പ് ആവശ്യപ്പെടുന്ന പെർമിഷൻ കൃത്യമായി മനസിലാക്കുക. ചില ആപ്പുകള്‍ക്ക് നമ്മുടെ ലൊക്കേഷനും മെയിലും ഫോണ്‍ നമ്ബറും മറ്റും default ആയി തന്നെ അറിയാൻ കഴിയും. ആപ്പുകള്‍ക്ക് ഏറ്റവും അത്യാവശ്യമുള്ള പെർമിഷനുകളാണ് നല്‍കുന്നത് എന്ന് ഉറപ്പുവരുത്തുക. അല്ലാത്തവ ഡൌണ്‍ലോഡ് ചെയ്യാതിരിക്കുക.
● ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്തശേഷവും അതിന് മുൻപും, നല്‍കിയതും ആവശ്യപ്പെട്ടതുമായ പെർമിഷനുകള്‍ നിരീക്ഷിക്കുക. പ്രൈവസി സെറ്റിംഗ്സ് ഉറപ്പാക്കുക.
സൈബർ തട്ടിപ്പുകള്‍ക്കെതിരെ കേരള പോലീസ് നല്‍കിയ ഈ പ്രധാനപ്പെട്ട മുന്നറിയിപ്പ് നിങ്ങള്‍ക്കറിയാവുന്ന എല്ലാവരിലേക്കും ഷെയർ ചെയ്യൂ.





