നമ്മുടെ നാട്ടിൽ റൂബിക്ക, ലൗലോലിക്ക, ലൂബിക്ക, ശീമനെല്ലിക്ക..എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്ന കുഞ്ഞൻപഴം സുലഭമായി കിട്ടുന്ന കാലമാണിത്. പുളിപ്പ് മുന്നിട്ട് നിൽക്കുന്ന ഈ ചെറുപഴത്തിന് വലിയതോതിൽ ആസ്വാദകർ ഇല്ലെന്ന് തന്നെ പറയാം. പഴ വർഗത്തിൽ ഉൾപ്പെടുന്ന റൂബിക്ക പാകമാകുന്നതിന് മുമ്പ് പച്ച നിറത്തിലും പഴുക്കുമ്പോൾ ചുവപ്പ് നിറത്തിലുമാണ് കാണപ്പെടുക. നന്നായി പഴുത്ത കായകൾക്ക് ചെറുമധുരവും ഉണ്ടാകും.ധാരാളം ആന്റി ഓക്സൈഡുകളുടെയും വിറ്റാമിൻ സിയുടെയും കലവറയാണ് റൂബിക്ക. നമ്മുടെ ആരോഗ്യസംരക്ഷണത്തിന് ഉപയോഗപ്പെടുത്താവുന്ന പഴം കൂടെയാണിത്. പ്ലം വിഭാഗത്തിൽ പെടുന്ന ഇനമായതിനാൽ പ്രമേഹത്തെ പ്രതിരോധിക്കാൻ റൂബിക്കക്ക് കഴിയും. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ചർമത്തിന്‍റെ ആരോഗ്യം നിലനിർത്താനും റൂബിക്ക സഹായിക്കുന്നു.രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കാനുള്ള കഴിവാണ് ഈ പഴത്തെ പ്രമേഹരോഗികൾക്ക് പ്രിയപ്പെട്ടതാക്കുന്നത്. അമിതവണ്ണം, കുടവയർ എന്നീ പ്രശ്നങ്ങളുള്ളവർക്ക് ശരീരത്തിലെ കൊഴുപ്പ് കുറക്കാൻ വളരെ നല്ലതാണ്. ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറക്കാൻ സഹായിക്കുമെന്നതിനാൽ ഹൃദയസംബന്ധമായ രോഗങ്ങൾ തടയാൻ റൂബിക്കയ്ക്ക് കഴിയുന്നു. മിതമായ അളവിൽ കഴിക്കുന്നത് ഹൃദയധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്. എല്ലുകളുടെ ആരോഗ്യത്തിനും റൂബിക്ക നല്ലതാണ്. വാതസംബന്ധമായ പ്രശ്നങ്ങളുള്ളവർക്ക് പഴം രോഗത്തെ ചെറുക്കാൻ സഹായിക്കും. അൽഷിമേഴ്സ് രോഗങ്ങളെ പ്രതിരോധിക്കാനും റൂബിക്കക്ക് കഴിവുണ്ട്. ഓർമശക്തി വർധിപ്പിക്കാനും ഇതിന് കഴിയും.എങ്ങനെ ഉപയോഗിക്കാംഉപ്പും പച്ചമുളകും ചേർത്ത് ചതച്ച് ചമ്മന്തിയായി ഉപയോഗിക്കാം പുളിരസം കൂടുതലുള്ളതിനാൽ ഉപ്പിലിടാനും അച്ചാറുണ്ടാക്കാനും നല്ലതാണ് മീൻ കറികളിൽ പുളിരസത്തിനായി ഉപയോഗിക്കാം പഴുത്ത് പാകമായ കായകൾ ജാം തയാറാക്കാനും നല്ലതാണ് നടുന്ന വിധംവിത്ത് വഴിയും കമ്പ് നട്ടും റൂബിക്കയുടെ തൈകൾ ഉൽപാദിപ്പിക്കാം. നാലുമുതൽ അഞ്ച് വർഷം വരെ പാകമായാൽ മരം കായ്ക്കാൻ തുടങ്ങും. 50 വർഷത്തിലേറെ ആയുസ്സുള്ള മരമാണിത്. കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ റൂബിക്ക ഉൽപാദിപ്പിക്കപ്പെടുന്നില്ല. വീട്ടുമരമായിട്ടും അലങ്കാര മരമായിട്ടും കണക്കാക്കുന്നു.
