ചെർണോബിൽ ആണവനിലയത്തിന് സമീപമുള്ള നായകൾക്ക് കടും നീലനിറം; കാരണമെന്ത്?
ചെർണോബിൽ: ചെർണോബിൽ ആണവ നിലയ പ്രദേശത്തു നിന്നുള്ള നായകൾ നീല നിറത്തിൽ കാണപ്പെടുന്നതായി നായകളുടെ പരിപാല സംഘടനയായ ‘ഡോഗ്സ് ഓഫ് ചെർണോബിൽ’. 1986ലെ ചെർണോബിൽ ആണവ ദുരന്തത്തിനുശേഷം ഉപേക്ഷിക്കപ്പെട്ട വളർത്തുമൃഗങ്ങളുടെ പിൻതലമുറയിൽ പെട്ടതാണ് ഈ നായ്ക്കൾ. ഈ നായ്ക്കളെ നിലവിൽ സംഘടന പരിപാലിക്കുകയാണ്. വെറും ഒരു ആഴ്ചയ്ക്കുള്ളിലാണ് ഈ മാറ്റം സംഭവിച്ചതെന്നും അവർ അവകാശപ്പെട്ടു. 1986 ഏപ്രിൽ 26ന് സോവിയറ്റ് യുക്രൈനിലെ ചെർണോബിൽ ആണവ നിലയത്തിൽ ഉണ്ടായ അപകടത്തിന് ശേഷം ഈ പ്രദേശം ജനവാസമില്ലാത്തതാണ്. അജ്ഞാത രാസവസ്തുവുമായി സമ്പർക്കം പുലർത്തിയതാകാം നായകളുടെ നീല നിറത്തിന് കാരണമെന്ന് പരിചാരകർ സംശയിക്കുന്നു. വ്യാവസായിക രാസവസ്തുക്കളുമായോ പ്രദേശത്ത് കാണപ്പെടുന്ന ഘനലോഹങ്ങളുമായോ സമ്പർക്കം ഉണ്ടാകാനുള്ള സാധ്യതയും ശാസ്ത്രജ്ഞർ പരിശോധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാന കാരണം കണ്ടെത്താൻ, ഗവേഷകർ ഇപ്പോൾ മൃഗങ്ങളുടെ രോമങ്ങൾ, തൊലി, രക്ത സാമ്പിളുകൾ എന്നിവ പരിശോധനക്കായി ശേഖരിച്ചുവരികയാണ്.ചെർണോബിൽ ദുരന്തത്തിന് ശേഷമുള്ള ദിവസങ്ങളിൽ, റേഡിയേഷന്റെ അളവ് വളരെ ഉയർന്നതിനാൽ സസ്യങ്ങൾ ഉണങ്ങിപ്പോവുകയും റിയാക്ടറിനടുത്തുള്ള കാടുകൾ തവിട്ടുനിറമാവുകയും ചെയ്‌തിരുന്നു. വന്യജീവികൾക്കും വലിയ നഷ്ടങ്ങൾ നേരിടേണ്ടിവന്നു. റേഡിയേഷൻ ജനിതക പരിവർത്തനങ്ങൾക്കും പ്രത്യുൽപാദന പ്രശ്‌നങ്ങൾക്കും കാരണമാവുകയും മൃഗങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവിനും കാരണമായി.ഇപ്പോഴും മേഖലയിലെ ചില ഭാഗങ്ങളിൽ റേഡിയേഷൻ അളവ് മനുഷ്യർക്ക് സുരക്ഷിതമായതിനേക്കാൾ ആറ് മടങ്ങ് കൂടുതലാണ്. കൊളംബിയ യൂണിവേഴ്സിറ്റി 2024ൽ നടത്തിയ ഒരു പഠനത്തിൽ തെരുവ് നായ്ക്കൾക്ക് വികിരണങ്ങളിലേക്കും ഘന ലോഹങ്ങളിലേക്കും നിരന്തരം എക്സ്പോഷർ ചെയ്യുന്നത് നേരിടാൻ സഹായിക്കുന്ന സവിശേഷമായ ജനിതക മ്യൂട്ടേഷനുകൾ ഉണ്ടെന്ന് കണ്ടെത്തി.





