സ്വത്ത് തട്ടാൻ വെള്ളം പോലും നൽകാതെ അഞ്ച് വർഷം പൂട്ടിയിട്ട് വീട്ടുവേലക്കാർ; 70കാരന് ദാരുണാന്ത്യം, എല്ലുംതോലുമായി മകൾ
ലഖ്നൗ: ഉത്തർപ്രദേശിൽ വീട്ടുടമയ്ക്കും ഭിന്നശേഷിക്കാരിയായ മകൾക്കും നേരെ വീട്ടുവേലക്കാരായ ദമ്പതികളുടെ കൊടുംക്രൂരത. അഞ്ച് വർഷത്തോളം ഇരുവരെയും വെള്ളം പോലും നൽകാതെ വീട്ടിൽ പൂട്ടിയിട്ടു. ഒടുവിൽ ബന്ധുക്കൾ വിവരമറിഞ്ഞെത്തിയതോടെ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. പട്ടിണി കിടന്ന് 70കാരനായ റിട്ട. ജയിൽവേ ഉദ്യോഗസ്ഥൻ മരിച്ചിരിക്കുന്നു, 27കാരിയായ മകൾ എല്ലുംതോലുമായി മരണത്തെ മുഖാമുഖം കണ്ട് കിടക്കുന്നു… മഹോബ ടൗണിലെ താമസക്കാരനായ ഓംപ്രകാശ് സിങ് റാത്തോഡാണ് മരിച്ചത്. സ്വത്ത് തട്ടിയെടുക്കാനാണ് ഇരുവരെയും വീട്ടുവേലക്കാരായ റാംപ്രകാശ് കുശ്വാഹ, ഭാര്യ റാംദേവി എന്നിവർ വർഷങ്ങളോളം അടച്ചിട്ട മുറിയിൽ പട്ടിണിക്കിട്ടത്. ഭക്ഷണപാനീയമൊന്നും കിട്ടാതെ ശരീരമാകെ ഉണങ്ങി അസ്ഥികൂടം പോലെയായിരുന്നു ഓംപ്രകാശിന്റെ മകൾ രശ്മിയുടെ അവസ്ഥ. റെയിൽവേയിൽ ക്ലർക്കായിരുന്ന ഓംപ്രകാശ് 2016ൽ ഭാര്യ മരിച്ചതോടെയാണ് തന്നെയും മകളേയും നോക്കാനും വീട്ടുജോലിക്കുമായി ചർഖാരി സ്വദേശിയായ റാംപ്രകാശിനെയും ഭാര്യയേയും ജോലിക്ക് വച്ചത്. എന്നാൽ ഇരുവരുടെയും അവസ്ഥ മുതലെടുത്ത് റാംപ്രകാശും ഭാര്യയും വീടിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. വീടിന്റെ താഴത്തെ നിലയിൽ ഉടമയെയും മകളേയും പൂട്ടിയിടുകയും മുകൾനില സ്വന്തമാക്കുകയുമായിരുന്നു. രണ്ട് വർഷമായി പൂർണമായും തടങ്കലിലായിരുന്നു ഇരുവരും. ബന്ധുക്കളെ പോലും വീട്ടുജോലിക്കാർ വീടിനകത്തേക്ക് കടത്തിവിടില്ലായിരുന്നു. ഓംപ്രകാശിനും രശ്മിക്കും ആരെയും കാണാൻ താത്പര്യമില്ലെന്ന് പറഞ്ഞ് തങ്ങളെ തിരിച്ചയയ്ക്കുകയായിരുന്നു ഇവരുടെ രീതിയെന്ന് ബന്ധുക്കൾ പറഞ്ഞു. തിങ്കളാഴ്ച ഓംപ്രകാശിന്റെ മരണവാർത്ത അറിഞ്ഞ് ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് കൊടുംക്രൂരത വെളിച്ചത്തായത്. രശ്മിക്ക് ജീവനുണ്ടായിരുന്നെങ്കിലും പട്ടിണി കിടന്ന് എല്ലുംതോലുമായിരുന്നു ഇരുവരും. വീട്ടുജോലിക്കാരായ ദമ്പതികൾ ആസൂത്രിതമായാണ് കൃത്യം നടത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഓംപ്രകാശിന്റെ മകനാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ പ്രതി വീടിന് പുറത്ത് നെയിംപ്ലേറ്റ് സ്ഥാപിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഓംപ്രകാശിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും രശ്മിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു.





