പോഷകങ്ങളുടെ പവർ ഹൗസ് എന്ന് ഭക്ഷ്യശാസ്ത്രം വിശേഷിപ്പിച്ച ഭക്ഷ്യോൽപന്നമാണ് കോഴിമുട്ട. മുട്ടയുടെ പോഷകപ്പെരുമയും ആരോഗ്യകരമായ ഭക്ഷണശീലങ്ങളിൽ മുട്ട ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും വിളിച്ചോതി ഒക്‌ടോബറിലെ രണ്ടാമത്തെ വെള്ളിയാഴ്ച ലോക മുട്ടദിനം ആചരിക്കാറുണ്ട്. ‘മുട്ട- പ്രകൃതിദത്ത പോഷകങ്ങളുടെ കലവറ’ എന്നതായിരുന്നു ഈ വർഷത്തെ ദിനാചരണത്തിന്റെ പ്രധാന പ്രമേയമായി ഇന്റർനാഷനൽ എഗ്ഗ് കമീഷൻ തിരഞ്ഞെടുത്തിട്ടുള്ളത്. പോഷക രഹസ്യങ്ങൾഒളിപ്പിച്ച് മുട്ട ആരോഗ്യദായകമായതും സമീകൃതമായതുമായ ആഹാരത്തിൽ ഉൾപ്പെടേണ്ട പോഷകങ്ങൾ ബഹുഭൂരിപക്ഷവും അടങ്ങിയ ഉത്തമാഹാരമാണ് മുട്ട. കോഴി മുട്ടയിൽ ജലാംശം, മാംസ്യം, കൊഴുപ്പ്, അന്നജം, ധാതുലവണങ്ങൾ എന്നിവയുടെ അളവ് യഥാക്രമം 76.1, 12.6, 9.5, 0.7, 1.1 എന്നിങ്ങനെ ശതമാനമാണ്. മഞ്ഞക്കരുവും വെള്ളയും മാംസ്യത്തിന്റെ സമൃദ്ധമായ കലവറയാണ്. ശരാശരി 50 -55 ഗ്രാം തൂക്കമുള്ള ഒരു കോഴിമുട്ടയിൽ 6.3 ഗ്രാമോളം മാംസ്യം മാത്രമാണ്. മനുഷ്യശരീരത്തിന് ആവശ്യമായ അമിനോ അമ്ലങ്ങൾ എല്ലാം അടങ്ങിയ മികച്ച പ്രോട്ടീൻ സ്രോതസ്സായാണ് മുട്ട പരിഗണിക്കപ്പെടുന്നത്. ആഹാരത്തിൽ അടങ്ങിയ മാംസ്യമാത്രകൾ എത്രത്തോളം കാര്യക്ഷമമായി ശരീരകലകളായി പരിവർത്തനം ചെയ്യപ്പെടും എന്നതിന്റെ സൂചകമാണ് ജൈവികമൂല്യം അല്ലെങ്കിൽ ബയോളജിക്കൽ വാല്യൂ. മുലപ്പാലിൽ അടങ്ങിയ മാംസ്യത്തിന്റെ ജൈവികമൂല്യത്തോട് അടുത്തുനിൽക്കുന്നതാണ് മുട്ടയിലെ ജൈവികമൂല്യം. 550ഓളം വ്യത്യസ്ത പ്രോട്ടീനുകൾ മുട്ടയുടെ മഞ്ഞക്കരുവിൽ നിന്നും വെള്ളയിൽ നിന്നും ഇതുവരെയും വേർതിരിച്ചെടുത്തിട്ടുണ്ടെന്ന് ലോകപ്രശസ്ത ഗവേഷണ ജേർണലായ ന്യൂട്രിയന്റ്സിൽ പ്രസിദ്ധീകരിച്ച ഗവേഷണ പഠനം പറയുന്നു. എന്നാൽ, ഇതിൽ ഇരുപതോളം മാംസ്യ മാത്രകളുടെ പ്രവർത്തനത്തെ പറ്റി മാത്രമേ ശാസ്ത്രത്തിന് ഇതുവരെ പൂർണമായും തിരിച്ചറിയാൻ സാധിച്ചിട്ടുള്ളൂ . എത്രയോ പോഷക രഹസ്യങ്ങൾ ഇനിയും മുട്ടക്കുള്ളിൽ മറഞ്ഞിരിപ്പുണ്ടെന്ന് ചുരുക്കം. ദിവസേന ഒരു മുട്ട കഴിക്കൂ, ഡോക്ടറെ അകറ്റിനിർത്തൂ മാംസ്യ സമൃദ്ധി മാത്രമല്ല, ധാതു ജീവക സമൃദ്ധിയിലും മുട്ടയുടെ മികവ് ഒട്ടും പിന്നിലല്ല. ഫോസ്ഫറസ്, കാത്സ്യം,പൊട്ടാസ്യം,സോഡിയം എന്നിവയെല്ലാം നൂറ് ഗ്രാമിൽ 142 മില്ലിഗ്രാം വരെ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. കോപ്പർ, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, സെലീനീയം, സിങ്ക്, അയഡിൻ തുടങ്ങി മുട്ടയിൽ അടങ്ങിയ മറ്റ് ധാതുമൂലക മാത്രകളും ഏറെ. അയേണിന്റെയും സിങ്കിന്റെയും സമൃദ്ധിയുള്ളതിനാൽ മുട്ടയുടെ മഞ്ഞക്കരു വിളർച്ച തടയാനുള്ള പ്രതിരോധ ഔഷധമായാണ് പരിഗണിക്കുന്നത്. ജീവകം സി. ഒഴിച്ച് സകല ജീവകങ്ങളും മുട്ടയുടെ മഞ്ഞക്കരുവിൽ മറഞ്ഞിരിപ്പുണ്ട്. മുട്ടയുടെ വെള്ളയിലാവട്ടെ ബി. വിഭാഗത്തിൽ പെട്ട ജീവകങ്ങൾ ധാരാളമായും അടങ്ങിയിരിക്കുന്നു. ഏറെ ആരോഗ്യഗുണങ്ങൾ കണക്കാക്കുന്ന കോളിൻ എന്ന ഘടകത്തിന്റെ നിറഞ്ഞ കലവറ കൂടിയാണ് മുട്ട. മഞ്ഞക്കരുവിൽ നൂറ് ഗ്രാമിൽ 680 മില്ലിഗ്രാം വരെയും വെള്ളയിൽ ഒരു മില്ലിഗ്രാം വരെയും കോളിൻ അടങ്ങിയിട്ടുണ്ട്. നാഡീവ്യൂഹത്തിന്റെ പ്രവർത്തനം, മസ്തിഷ്കത്തിന്റെ വികാസം, എല്ലുകളുടെ ആരോഗ്യം എന്നിവക്കെല്ലാം ഒഴിച്ചുകൂടാൻ കഴിയാത്തതാണ് കോളിൻ. കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമെന്ന് ആരോഗ്യശാസ്ത്രം വിലയിരുത്തുന്ന ലൂട്ടിൻ മാത്രകളും കോളിൻ ഘടകത്തിനൊപ്പം മുട്ടയിൽ ഉണ്ട്. രക്തസമ്മർദം കുറക്കുക, പ്രതിരോധ ഗുണം പ്രദാനം ചെയ്യുക, അർബുദ കോശങ്ങൾക്ക് എതിരെയുള്ള പ്രതിരോധം, രോഗാണുക്കൾക്ക് എതിരെയുള്ള പ്രതിരോധം, നിരോക്സീകരണ ഗുണം തുടങ്ങിയ സ്വഭാവങ്ങളും മുട്ടയിൽ അടങ്ങിയ മാംസ്യ മാത്രകളിൽ ഗവേഷകർ നിരീക്ഷിച്ചിട്ടുണ്ട്. മുട്ടയേക്കാൾ ചുരുങ്ങിയ ചെലവിൽ ലഭ്യമാവുന്ന ഇത്രയും പോഷക സമൃദ്ധമായ മറ്റൊരു ആഹാര സ്രോതസ്സ് ഇല്ലെന്ന് തന്നെ പറയാം. ‘ദിവസേന ഒരു ആപ്പിൾ കഴിക്കൂ, ഡോക്ടറെ അകറ്റി നിർത്തൂ’- എന്ന പഴമൊഴി ‘ദിവസേന ഒരു മുട്ട കഴിക്കൂ ഡോക്ടറെ അകറ്റി നിർത്തൂ’-എന്നാക്കി മാറ്റണമെന്നാണ് ഇന്റർനാഷനൽ എഗ്ഗ് കമീഷന്റെ കൗതുകകരമായ നിരീക്ഷണം. ഒരാൾ ആരോഗ്യകരമായ ജീവിതത്തിനായി പ്രതിവര്‍ഷം ഏറ്റവും ചുരുങ്ങിയത് 180 മുട്ടകള്‍ എങ്കിലും കഴിച്ചിരിക്കണം എന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് നിർദേശിക്കുന്നു. കുട്ടികൾക്ക് വർഷത്തിൽ വേണ്ടത് ചുരുങ്ങിയത് 90 മുട്ടകളാണ്. കൊളസ്ട്രോൾ കൂടുമോ? മുട്ട കഴിക്കുന്നത് രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂട്ടുമെന്ന പേടി ചിലർക്കെങ്കിലുമുണ്ട്. എന്നാൽ, മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമെന്ന വാദത്തെ പുതിയ ആരോഗ്യ ഗവേഷണങ്ങൾ പൂർണമായും തള്ളിക്കളയുന്നു. ശരീരത്തിന് ഗുണകരമായ മോണോ അൺസാച്ചുറേറ്റഡ്, പോളി അൺസാച്ചുറേറ്റഡ് ഇനത്തിൽപ്പെട്ട അപൂരിത കൊഴുപ്പുകളാണ് മുട്ടയിലടങ്ങിയ കൊഴുപ്പു മാത്രകളിൽ മഹാ ഭൂരിഭാഗവും. അപൂരിത കൊഴുപ്പ് മാത്രകളുടെ ഉയർന്ന അളവ് മുട്ടയെ ആർക്കും കൊഴുപ്പിനെ പേടിക്കാതെ കഴിക്കാവുന്ന സുരക്ഷിതമായ ഭക്ഷണമാക്കി മാറ്റുന്നു. ലിനോലിക് അമ്ലം ഉൾപ്പെടെയുള്ള അവശ്യ ഫാറ്റി അമ്ലങ്ങളുടെ സാന്നിധ്യവും മുട്ടയിൽ ഏറെ. മുട്ടയുൽപാദനത്തിൽ ഇന്ത്യൻ മുന്നേറ്റം മുട്ടയുൽപാദനത്തിൽ ഇന്ത്യയുടെ സ്ഥാനം ഇന്ന് ലോകരാജ്യങ്ങൾക്കിടയിൽ രണ്ടാമതാണ്.1950-51 കാലഘട്ടത്തിൽ 183 കോടി മാത്രമായിരുന്നു രാജ്യത്തിന്റെ വാർഷിക മുട്ടയുൽപാദനമെങ്കിൽ 2024-25 കാലഘട്ടത്തിൽ എത്തുമ്പോൾ അത് 14,300 കോടി എന്ന വലിയ സംഖ്യയിലേക്ക് കുതിച്ചുകയറി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മുട്ട ഉൽപാദനം 8-10 ശതമാനം എന്ന തോതിൽ വർധിച്ചുവരുകയാണെന്ന് കണക്കുകൾ സൂചന നൽകുന്നു. ആന്ധ്രപ്രദേശും തമിഴ് നാടും തെലങ്കാനയുമാണ് രാജ്യത്തെ മുട്ടയുൽപാദനത്തിൽ സിംഹഭാഗവും സംഭാവന ചെയ്യുന്നത്.

