വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ അഞ്ച് വർഷം; പാലത്തായി പോക്സോ കേസിന്റെ നാൾ വഴികൾ
തലശ്ശേരി: പാലത്തായി പീഡനക്കേസിൽ അധ്യാപകനായ ആർഎസ്എസ് നേതാവ് കുനിയിൽ പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷ വിധിച്ച് തലശ്ശേരി ജില്ലാ പോക്സോ കോടതി. പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവ് ഉൾപ്പെടെ 40 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. സംഘപരിവാർ അധ്യാപക സംഘടനാ ജില്ലാ നേതാവാണ് പ്രതി കെ.പത്മരാജൻ. 2020 ജനുവരിയിലും ഫെബ്രുവരിയിലുമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നാലാം ക്ലാസ് വിദ്യാർഥിയായിരുന്ന വിദ്യാർത്ഥിനിക്കാണ് സ്കൂൾ ശുചിമുറിയിൽ വെച്ച് പത്മരാജനിൽ നിന്ന് ദുരനുഭവമുണ്ടായത്. പ്രസവ സമയത്ത് പിതാവ് മരണപ്പെട്ട കുട്ടിക്ക് മാതാവ് മാത്രമാണ് രക്ഷിതാവായി ഉണ്ടായിരുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമായിരുന്നതിനാൽ വളരെ കഷ്ടപ്പെട്ട് പഠിച്ചിരുന്ന കുട്ടി സ്കൂളിൽ പോവാൻ മടികാണിച്ചു തുടങ്ങിയതോടെയാണ് കേസിന് നിർണായക വഴിത്തിരിവുണ്ടാകുന്നത്. കുട്ടിയുടെ മാതാവിന്റെ സഹോദരി നടത്തിയ അന്വേഷണത്തിൽ ലഭിച്ച സൂചനകളാണ് പീഡന വിവരം പുറത്തുവരാൻ കാരണമായത്. തുടർന്നാണ് ചൈൽഡ്ലൈൻ കുട്ടിയുടെ മൊഴിയെടുക്കുന്നതും 2020 മാർച്ച് 17ന് മാതാവ് പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നതും. ഈ ഘട്ടത്തിൽ ബിജെപിയുടെ പ്രാദേശിക നേതാവും അധ്യാപകനുമായ പത്മരാജൻ ഒളിവിൽ പോയി.പത്മരാജനെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടും അറസ്റ്റ് ചെയ്യാൻ ലോക്കൽ പോലീസ് തയ്യാറാവാതിരുന്നത് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. സംസ്ഥാന സർക്കാരിനും ആഭ്യന്തര വകുപ്പിനുമെതിരെ വലിയ തോതിൽ പ്രതിഷേധങ്ങളുണ്ടാവുകയും ജനകീയ സമിതി ഉൾപ്പെടെ ഈ വിഷയത്തിൽ ഇടപെടുന്ന സാഹചര്യവുമുണ്ടായി. തുടർന്ന് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് ഡിവൈഎസ്പി കെ.വി ഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ആഭ്യന്തര വകുപ്പിൽ നിന്നും നിർദേശമുണ്ടായി. മാർച്ചിൽ കേസെടുത്ത് ഏകദേശം ഒരു മാസത്തിന് ശേഷം ഏപ്രിൽ 17നാണ് പൊയിലൂർ ഒളിത്താവളത്തിൽ വെച്ച് പത്മരാജനെ പിടികൂടുന്നത്.ആദ്യം കേസ് അന്വേഷിച്ച പാനൂർ പൊലീസ് കുട്ടിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്നും തെളിവുകളില്ലായെന്നും ചൂണ്ടിക്കാണിച്ച് കേസ് കെട്ടിച്ചമച്ചതാണെന്ന് റിപ്പോർട്ട് കൊടുക്കുന്നു. പിന്നീട് അന്വേഷണം ഫലപ്രദമല്ല എന്ന് കാണിച്ച് കുടുംബം ആഭ്യന്തര വകുപ്പിന് പരാതി നൽകി. തുടർന്ന് ഡിജിപിയുടെ നിർദേശ പ്രകാരം അന്നത്തെ ക്രൈം ബ്രാഞ്ച് ഐജിയായിരുന്ന എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യക അന്വേഷണ സംഘം രൂപികരിച്ചു. ഈ അന്വേഷണ സംഘവും ലോക്കൽ പൊലീസ് സഞ്ചരിച്ച അതേ വഴികളിൽ കൂടി സഞ്ചരിക്കുകയാണ് ചെയ്തത്. കേസിൽ നിർണായകമായ ഒന്നും കണ്ടെത്താൻ ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് സാധിച്ചില്ല. ജുവനൈൽ ജസ്റ്റിസ് പ്രകാരം ഇടക്കാല റിപ്പോർട്ട് നൽകുന്ന സാഹചര്യം മാത്രമാണുണ്ടായത്.ഇടക്കാല റിപ്പോർട്ട് പ്രതിക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കുകയും തലശ്ശേരി കോടതിയിൽ നിന്ന് പത്മരാജന് ജാമ്യം ലഭിക്കുകയും ചെയ്തു. ഇതിന് പിന്നാലെ കുടുംബവും കർമ സമിതിയും ചേർന്ന് ഹൈക്കോടതിയിൽ പെറ്റിഷൻ സമർപ്പിക്കുകയും എഡിജിപി ജയരാജന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ രത്നകുമാർ, മയ്യിൽ എസ്ഐ പി.സി രമേശൻ ഉൾപ്പടെയുള്ളവരെ ചേർത്ത് മറ്റൊരു പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു. എഫ്ഐആർ വായിച്ച ഉടനെ തന്നെ കേസ് എവിടെയാണ് വഴിത്തിരിഞ്ഞു പോയതെന്ന് മനസിലായതായി എസ്ഐ രമേശൻ മീഡിയവണിനോട് പറഞ്ഞു. ലോക്കൽ പൊലീസിന്റെ നേതൃത്വത്തിൽ നടത്തിന്നിട്ടുള്ള അന്വേഷണത്തിൽ കുട്ടിയുടെ മൊഴിയിലെ വൈരുധ്യത്തിൽ കേന്ദ്രികരിച്ച് അനേഷണം നടത്തിയപ്പോൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പീഡനം നടന്ന സ്കൂൾ ശുചിമുറിയിലെ ടവർ ബോൾട്ടിനെ കുറിച്ചുള്ള വിവരങ്ങൾ പ്രതിപാദിക്കുന്നതായും അത് കേന്ദ്രികരിച്ചുള്ള അന്വേഷണമാണ് നിർണായകമായ തെളിവുകൾ കണ്ടെത്താൻ സഹായിച്ചതെന്നും എസ്ഐ രമേശൻ കൂട്ടിച്ചേർത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കേസിൽ പോക്സോ വകുപ്പ് ചുമത്താനുള്ള തെളിവുകളുണ്ടെന്ന് കണ്ടെത്തുകയും ഇതാണ് പത്മരാജന് ജീവപരന്ത്യം ശിക്ഷ ലഭിക്കുന്നതിനുള്ള നിർണായകമായ വഴിത്തിരിവായത്. തുടർന്ന് 2021 മേയിൽ ബലാൽസംഗം ഉൾപ്പെടെ നിരവധി പോക്സോ വകുപ്പുകൾ ചുമത്തി പോക്സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.ഈ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ 2024 ഫെബ്രുവരി മാസം മുതലാണ് വിചാരണ ആരംഭിക്കുന്നത്. ആദ്യത്തെ അഞ്ച് ദിവസം കുട്ടിയേയും, കുട്ടിയുടെ സുഹൃത്തുക്കളും പ്രധാന അധ്യപകനും ഉൾപ്പെടെ 40 ഓളം സാക്ഷികളെ വിസ്തരിക്കുകയും 77 ഓളം തെളിവുകൾ ഹാജരാക്കുകയും ചെയ്തു. തെളിവുകൾക്ക് പുറമെ 14 ഓളം തൊണ്ടിമുതലുകളും പരിശോധിച്ചാണ് പത്മരാജൻ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പത്മരാജന് പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവ് ഉൾപ്പെടെ 40 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചത്.





