ഇനി മുതല്‍ ട്രെയിനില്‍ ഈ സമയങ്ങളില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാനാകില്ല
നമ്മളില്‍ പലരും സ്ഥിരം ട്രെയിൻ യാത്രക്കാരാണ്. ദൂരയാത്രക്കും പലപ്പോഴും മിക്ക ആളുകളും ഉപയോഗിക്കുന്ന ഗതാഗത മാർഗ്ഗവും ട്രെയിൻ തന്നെയാണ്. എന്നാല്‍, യാത്രക്കാരെ നിരാശരാക്കുന്ന ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഇന്ത്യൻ റെയില്‍വേ. ഇനി മുതല്‍ ട്രെയിനില്‍ രാത്രി മുതല്‍ പുലർച്ചെ വരെ മൊബൈലോ ലാപ്ടോപ്പോ റീചാർജ് ചെയ്യാനാകില്ല. മൊബൈല്‍ ചാർജിംഗ് പോർട്ടുകള്‍ രാത്രി 11 മണി മുതല്‍ പുലർച്ചെ 5 മണി വരെ ഓഫാക്കുമെന്നാണ് റെയില്‍വേ പുതിയ അറിയിപ്പില്‍ പറയുന്നത്. അമിത ചാർജിംഗും വൈദ്യുതി സർജുകളും മൂലമുണ്ടാകുന്ന തീപിടുത്ത അപകടങ്ങള്‍ തടയുന്നതിനുള്ള സുരക്ഷാ നടപടിയായാണ് ഇത്തരത്തിലൊരു നീക്കം റെയില്‍വേ നടത്തുന്നത്. ദൂരയാത്രക്കാരെയാകും ഈ തീരുമാനം കൂടുതലായി ബാധിക്കുക. ഇതിനെതിരെ പ്രതിഷേധം ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. രാത്രി എന്തെങ്കിലും ആവശ്യം വന്ന് ചാർജിങ് പോർട്ട് ഉപയോഗിക്കേണ്ട സാഹചര്യം വന്നാല്‍ എന്ത് ചെയ്യുമെന്ന ചോദ്യം യാത്രക്കാർ ശക്തമായി ഉയർത്തിയേക്കും. ബദല്‍ സംവിധാനങ്ങള്‍ ഏർപ്പെടുത്താനും ആവശ്യപ്പെട്ടേക്കും. അടുത്തിടെ ടിക്കറ്റ് ബുക്കിങ്ങിലടക്കം റെയില്‍വേ അടിമുടി പരിഷ്‌കാരങ്ങളും പുതിയ നയങ്ങളും നടപ്പിലാക്കിയിരുന്നു. റെയില്‍വണ്‍ ആപ്പ് അവതരിപ്പിച്ചതും അഡ്വാൻസായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന്‍റെ കാലാവധി ചുരുക്കിയതും ഇതില്‍ ചിലതാണ്. റിസർവ്ഡ് കോച്ചുകളില്‍ രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെയാണ് ബർത്തില്‍ കിടക്കാൻ അനുവദിച്ചിട്ടുള്ളത്. അതല്ലാതെയുള്ള സമയങ്ങളില്‍ ഇവിടെ ഇരിക്കാൻ മാത്രമേ ഉപയോഗിക്കാവൂ എന്നും റെയില്‍വേ അറിയിച്ചിരുന്നു.





