ഓറഞ്ചിന് വിട, ഐഫോൺ 18 എത്തുക പുതിയ നിറങ്ങളിൽ, പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ…
വാഷിങ്ടൺ: ഐഫോൺ 17 സീരിസിലെ ഓറഞ്ച് കളർ എല്ലാവരാലും ശ്രദ്ധച്ചൊരു മോഡലായിരുന്നു. ഇതുവരെ ആപ്പിൾ പരീക്ഷിച്ചതിൽ നിന്നും ഭിന്നമായൊരു നിറമായിരുന്നു ഓറഞ്ച് ഐഫോണ്‍ 17 പ്രോ. തുടക്കത്തിൽ കിട്ടിയ പ്രതീക്ഷ പിന്നീട് ലഭിച്ചതുമില്ല. പ്രത്യേകിച്ച് നിറം മങ്ങിയ വാർത്തകൾക്കിടയിൽ. നിരവധി പേരാണ് ഓറഞ്ച് മോഡലിന്റെ നിറം മാറുന്നുണ്ടെന്ന പരാതി പങ്കുവെച്ചത്. ഇപ്പോഴിതാ 18 സീരിസിലെ പരമ്പരയില്‍ പുതിയ നിറങ്ങള്‍ ആപ്പിള്‍ പരീക്ഷിക്കുന്നതായി വാര്‍ത്തകള്‍ വരുന്നത്. ചൈനീസ് ടിപ്സ്റ്റര്‍മാരില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച്, വരാനിരിക്കുന്ന ഐഫോണ്‍ 18 പ്രോ ഫോണുകള്‍ പുതിയ കളര്‍ ഷേഡുകളില്‍ എത്തും. ‘ഇന്‍സ്റ്റന്റ് ഡിജിറ്റല്‍’ എന്ന ടിപ്സ്റ്ററാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, കോഫി, പര്‍പ്പിള്‍, ബര്‍ഗണ്ടി എന്നീ മൂന്ന് നിറങ്ങളിലായിരിക്കും ഐഫോണ്‍ 18 പ്രോ എത്തുക. ഓറഞ്ച് കളറുണ്ടാകില്ല. ആപ്പിൾ ഇതിനുമുമ്പ് ഒരിക്കലും കോഫി നിറമുള്ള ഐഫോൺ പുറത്തിറക്കിയിട്ടില്ല, അതിനാൽ ഇത് ബ്രാൻഡിന് വേറിട്ടൊരു സൗന്ദര്യം പ്രതീക്ഷിക്കാം. മറ്റു നിറങ്ങളും ആപ്പിള്‍ പരീക്ഷിച്ചിട്ടില്ല. ഐഫോണ്‍ 17 പ്രോയില്‍ കറുപ്പ് നിറം ഒഴിവാക്കിയത് പോലെ, 18 പ്രോയിലും കറുപ്പിനെ പുറത്തിരുത്തിയേക്കും. അതേസമയം നിറം മങ്ങുന്നത് കൊണ്ടാണ് ഓറഞ്ച് മാറ്റുന്നത് എന്ന് ആപ്പിൾ പറയുന്നില്ല. ഈ വാർത്തകളോട് ആപ്പിൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടുമുണ്ടായിരുന്നില്ല. അതേസമയം കളര്‍ ഓപ്ഷനുകള്‍ക്കൊപ്പം, ഹാര്‍ഡ്വെയറിലും കാര്യമായ അപ്ഗ്രേഡുകള്‍ പ്രതീക്ഷിക്കാം. A20 പ്രോ ചിപ്പ് ആയിരിക്കും ഈ ഫോണിലെന്നാണ് വിവരം. 2026 സെപ്തംബറിലാവും പുതിയ മോഡലുകൾ എത്തുക.





