വ്യാജ ആർ.ടി.ഒ ലിങ്ക് അയച്ച് ലക്ഷങ്ങൾ തട്ടിയ ഹരിയാന സ്വദേശിനി അറസ്റ്റിൽ
കൊടുങ്ങല്ലൂർ: വ്യാജ ആർ.ടി.ഒ ചലാൻ ഫയൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് 9,90,000 രൂപ തട്ടിയ കേസിൽ ഹരിയാന സ്വദേശിയായ യുവതിയെ അറസ്റ്റ് ചെയ്തു. ഹരിയാന ഫരീദാബാദ് സ്വദേശി ലക്ഷ്മിയാണ് (23) അറസ്റ്റിലായത്. തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഹരിയാനയിൽനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മേത്തല കോട്ടപ്പുറം സ്വദേശി കരിയപറമ്പിൽ വീട്ടിൽ തോമസ് ലാലൻ ആണ് തട്ടിപ്പിനിരയായത്. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണിലേക്ക് വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ആർ.ടി.ഒ ചലാൻ എന്ന എ.പി.കെ. ഫയൽ ഇൻസ്റ്റാൾ ചെയ്യപ്പെടുകയായിരുന്നു. തുടർന്ന് തോമസ് ലാലന്റെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 9,90,000 രൂപ പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്താണ് തട്ടിപ്പ് നടത്തിയത്. പണം പിൻവലിച്ചത് തോമസ് ലാലൻ അറിഞ്ഞിരുന്നില്ല. പിന്നീട് പണം എടുക്കാൻ ബാങ്കിൽ ചെന്നപ്പോഴാണ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. ബാങ്ക് മാനേജർ അക്കൗണ്ട് പരിശോധിച്ചപ്പോൾ സെപ്റ്റംബർ 29ന് മൂന്ന് തവണകളായി ഓൺലൈൻ വഴി പണം ട്രാൻസ്ഫർ ചെയ്യപ്പെട്ടതായി കണ്ടെത്തി. തുടർന്ന് തോമസ് ലാലൻ നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്തു. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലെ ജില്ല റൂറൽ പൊലീസ് ആസ്ഥാനത്തുള്ള തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷനിലെത്തി ഫോൺ പരിശോധിപ്പിച്ചപ്പോഴാണ് ബാങ്കിലെ പണം തട്ടിയ രീതി മനസിലായത്. എ.പി.കെ ഫയൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടതോടെ ഫോൺ ഹാക്കായി. ഇതോടെ ഫോണിലൂടെ അക്കൗണ്ടിൽനിന്ന് പണം ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. നഷ്ടപ്പെട്ട പണം പോയിരിക്കുന്നത് ഹരിയാനയിലുള്ള ഒരു ബാങ്ക് അക്കൗണ്ടിലേക്കാണെന്ന് കണ്ടെത്തി. പൊലീസ് സംഘം ഹരിയാനയിൽ നടത്തിയ അന്വേണത്തിൽ പണം ക്രെഡിറ്റ് ആയ അക്കൗണ്ട് വ്യാജ വിലാസത്തിലെടുത്താണെന്ന് വ്യക്തമായി. തുടർന്ന് ഹരിയാനയിൽ തങ്ങിയ പൊലീസ് ശാസ്ത്രീയ അന്വേഷണത്തിലൂടെ അക്കൗണ്ട് ഉടമയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൊടുങ്ങല്ലൂർ സ്റ്റേഷനിൽ കൊണ്ടുവന്ന പ്രതിയെ നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും. സൈബർ സ്റ്റേഷൻ ജി.എസ്.ഐ സുജിത്ത്, സി.പി.ഒ സച്ചിൻ, കൊടുങ്ങല്ലൂർ എസ്.എച്ച്.ഒ ബി.കെ. അരുൺ, എസ്.ഐ മനു, ജി.എസ്.ഐ തോമസ്, ജി.എ.എസ്.ഐ അസ്മാബി, സി.പി.ഒ ജിഷ ജോയ് എന്നിവർ ഉൾപ്പെട്ടതാണ് അന്വേഷണ സംഘം.





