തനിച്ചു കാണണമെന്ന് നിർബന്ധം പിടിച്ചു, വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഹോംസ്റ്റേയി​ൽ കൊണ്ടുപോയി; രാഹുൽ ലൈംഗിക വേട്ടക്കാരനെന്ന് യുവതി പരാതിയിൽ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ പരാതി കോൺഗ്രസിന് വീണ്ടും തലവേദനയായിരിക്കുകയാണ്. തന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് യുവതികളെ ചൂഷണം ചെയ്യുന്ന ലൈംഗിക വേട്ടക്കാരനാണ് രാഹുൽ എന്നാണ് പരാതിയിൽ യുവതി ആരോപിക്കുന്നത്. ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ സ്ത്രീകളും കുട്ടികളുമായി അടു​ത്ത് ഇടപഴകുന്നതിൽ നിന്ന് രാഹുലിനെ തടയണമെന്നും പരാതിയി ആവശ്യപ്പെട്ടിട്ടുണ്ട്.വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനം. ബംഗളൂരുവിലുള്ള യുവതി അവധിക്ക് നാട്ടിലെത്തിയപ്പോഴായിരുന്നു പീഡനം നടന്നത്. 2023 സെപ്റ്റംബറിലാണ് രാഹുലിനെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് രാഹുലിനെ പരിചയപ്പെട്ട​തെന്നും യുവതിയുടെ പരാതിയിലുണ്ട്. പിന്നീട് രാഹുൽ ടെലഗ്രാം അക്കൗണ്ട് നമ്പർ ചോദിച്ചു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അഡ്മിൻമാർ നിരീക്ഷിക്കുന്നുണ്ടെന്നും സ്വകാര്യത വേണമെന്നും പറഞ്ഞായിരുന്നു നമ്പർ ആവശ്യപ്പെട്ടത്. യുവതി നമ്പർ നൽകി. ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും കാണിച്ച് രാഹുൽ മെസേജ് അയക്കാനും തുടങ്ങി. വിവാഹം കഴിക്കാമെന്നും ജോലിക്ക് തടസ്സമാവില്ലെന്നും ഉറപ്പുനൽകി. എല്ലായ്പ്പോഴും കൂടെയുണ്ടാകുമെന്നും പറഞ്ഞുകൊണ്ടിരുന്നു. തുടർന്ന് യുവതി വിവാഹക്കാര്യം വീട്ടിൽ പറഞ്ഞു. ആദ്യം ഒന്നു മടിച്ചുവെങ്കിലും പിന്നീട് വിവാഹം നടത്താമെന്ന് കുടുംബം സമ്മതിക്കുകയുണ്ടായി. ഇക്കാര്യം രാഹുലിനോട് പറഞ്ഞപ്പോൾ അടുത്ത അവധിക്കാലം ബന്ധുക്കൾക്കൊപ്പം വീട്ടിൽ വരുമെന്ന് രാഹുൽ മറുപടി നൽകി. അവധിക്ക് നാട്ടിലെത്തിയപ്പോൾ പെൺകുട്ടിയെ തനിച്ചുകാണാനായിരുന്നു രാഹുൽ ആവശ്യപ്പെട്ടത്. ഭാവി കാര്യങ്ങൾ ചർച്ച ചെയ്യണം എന്നായിരുന്നു പറഞ്ഞത്. ഫെനി നൈനാൻ എന്ന സുഹൃത്തിനോടൊപ്പമാണ് രാഹുൽ വന്നത്. നഗരത്തിലെ ഒരു ഒറ്റപ്പെട്ട ഹോംസ്റ്റേ പോലുള്ള കെട്ടിടത്തിലേക്ക് തന്നെ കൊണ്ടുപോയെന്നും യുവതി പറയുന്നു. അവിടെ വെച്ച് കാണുന്നത് സ്വകാര്യത സംരക്ഷിക്കുമെന്നാണ് രാഹുൽ പറഞ്ഞത്. വിശ്വസിച്ച് അകത്തേക്ക് കയറിയ തന്നെ രാഹുൽ ആക്രമിച്ച് ​ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ശരീരമാകെ മുറിവുകളുണ്ടായി. എന്നിട്ടും അനുകമ്പയോ മനുഷ്യത്വമോ കാണിച്ചില്ല. വിവാഹം ചെയ്യുമോ എന്ന് ചോദിച്ചപ്പോൾ തനിക്ക് ആരെയും വിവാഹം കഴിക്കാൻ ഉദ്ദേശ്യമില്ല എന്നായിരുന്നു രാഹുലിന്റെ മറുപടി​യെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ബം​ഗളൂരുവിൽ താമസിക്കുന്ന 23കാരിയാണ് പരാതിയുമായി എത്തിയത്. വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിലാണ് പെണ്‍കുട്ടിയുടെ പരാതി. നേരത്തെ, ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയിൽനിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നു. എന്നാൽ നിയമനടപടിക്ക് തയാറല്ലെന്ന് പെൺകുട്ടി അറിയിക്കുകയായിരുന്നു. മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും കെ.പി.സി.സി പ്രസിസിഡന്‍റ് സണ്ണി ജോസഫിനും യുവതി പരാതി അയച്ചു. പാർട്ടി നേതൃത്വത്തിന് നേരത്തെ തന്നെ പരാതി നൽകിയിരുന്നു. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പെൺകുട്ടി വീണ്ടും പരാതി നൽകുകയായിരുന്നു. സോണിയാ ഗാന്ധിക്ക് ഇ-മെയിൽ വഴിയാണ് പരാതി നൽകിയിരിക്കുന്നത്. പരാതി കിട്ടിയ കാര്യം പാർട്ടി നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചക്ക് പരാതി ലഭിച്ചു. എന്നാൽ ഇത്തരത്തിലുള്ള പരാതി പൊലീസിനാണ് നൽകേണ്ടത്. പരാതിയിൽ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് നിയമവി​ദ​ഗ്ധരുമായി സംസാരിക്കുമെന്നും കോൺ​ഗ്രസ് വ്യക്തമാക്കി. നേരത്തെയുള്ള ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് രാഹുലിനെതിരെ പുതിയ പരാതി വരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button