അപഹരിച്ച മദ്യത്തിന്‍റെ വില​ അടച്ചാലും ബെവ്​കോ ജീവനക്കാർക്കെതിരായ കേസ്​ റദ്ദാക്കാനാകില്ലെന്ന്​ ഹൈകോടതി

കൊച്ചി: ബെവ്കോ ഔട്ട്​ലെറ്റിൽനിന്ന്​ അപഹരിച്ച മദ്യത്തിന്‍റെ വില​ പിന്നീട്​ അടച്ചതിനാൽ വിജിലൻസ്​ കേസ്​ റദ്ദാക്കണമെന്ന ജീവനക്കാരുടെ ഹരജി ഹൈകോടതി തള്ളി. മുവാറ്റുപുഴ ഔട്ട്​​ലെറ്റിൽനിന്ന്​ 27.92 ലക്ഷം രൂപയുടെ മദ്യം അപഹരിച്ച കേസിൽ പ്രതികളായ ജീവനക്കാർ പി.എൻ. സുരേഷ് കുമാർ, ആർ. ശ്രീരാഗ്, കെ.പി. പ്രസീദ്, മാത്യു ജേക്കബ്, കെ.ജെ. തോമസ്, കെ.ടി. ദീപുമോൻ എന്നിവർ നൽകിയ ഹരജികളാണ്​ ജസ്റ്റിസ്​ എ. ബദറുദ്ദീൻ തള്ളിയത്​. അപഹരിച്ച മദ്യത്തിന്റെ തുക ഏറെ വൈകി തിരികെ അടച്ചതുകൊണ്ട്​ കേസ്​ ഇല്ലാതാകുന്നില്ലെന്ന്​ വിലയിരുത്തിയാണ്​ ഉത്തരവ്​. ഇവർ വിചാരണ നേരിടണമെന്നും കോടതി വ്യക്​തമാക്കി. 2018 ഏപ്രിൽ മുതൽ ജൂലൈ വരെ കാലയളവിലാണ്​ ക്രമക്കേട്​ നടന്നത്​. മദ്യത്തിന്റെ സ്റ്റോക്കിൽ കുറവു വരുത്തിയതിലൂടെ ഖജനാവിന് നഷടമുണ്ടാക്കിയെന്ന കേസാണ്​ ഹരജിക്കാർക്കെതിരെ ചുമത്തിയത്​. സ്റ്റോക്കിൽ കുറവുള്ളതായി കണ്ടെത്തിയതോടെ തുക തിരികെ അടച്ചെന്നും മൂവാറ്റുപുഴ വിജിലൻസ്​ കോടതിയിലുള്ള കേസ് റദ്ദാക്കണമെന്നായിരുന്നു ഹരജിക്കാരുടെ വാദം. കേസ് റദ്ദാക്കാനാകില്ലെന്നായിരുന്നു സർക്കാറിന്‍റേയും ബെവ്​കോയുടേയും നിലപാട്​. വലിയ തുകയുടെ കുറവുണ്ടായത്​ കരുതിക്കൂട്ടിയല്ലെന്നും പ്രതികളുടെ സജീവ പങ്കാളിത്തമില്ലെന്നും കരുതാനാവില്ലെന്ന്​ കോടതി നിരീക്ഷിച്ചു. തുക തിരിച്ചടച്ചത് ഏറെ വൈകിയാണ്. പലിശയും അടച്ചിട്ടില്ല. സ്റ്റോക്കെടുക്കാൻ വൈകിയതാണ് കാലതാമസത്തിന്​ കാരണമെന്ന വാദവും അംഗീകരിക്കാനാവില്ലെന്ന്​ കോടതി വ്യക്​തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button