അർധരാത്രിയിൽ ചരിത്രപ്പിറവി; ലോകകപ്പിൽ ഇന്ത്യൻ പെൺ മുത്തം
മുംബൈ: നീലയിൽ കുളിച്ച മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലെ ഗാലറിപ്പടവുകളെ സാക്ഷിയാക്കി, അർധരാത്രിയിൽ ചരിത്രം പിറന്നു. ലോക ക്രിക്കറ്റിന്റെ സിംഹാസനത്തിൽ രാജ്ഞിമാരായി ഇനി ഇന്ത്യൻ പെൺപട വാഴും. ഐ.സി.സി ഏകദിന വനിതാ ലോകകപ്പ് കിരീടത്തിൽ ആദ്യമായി ഇന്ത്യൻ മുത്തം. അർധരാത്രിവരെ നീണ്ടു നിന്ന ആവേശകരമായ കലാശപ്പോരാട്ടത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപിച്ച് ഐ.സി.സി ലോകകപ്പിന് പുതിയ അവകാശികളായി. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള വനിതാ ഏകദിന ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ വനിതകൾ കിരീടം ചൂടുന്നത്. ഏഴു തവണ കപ്പടിച്ച ആസ്ട്രേലിയയെ ത്രില്ലർ സെമിയിൽ വീഴ്ത്തിയ ഇന്ത്യ, അതേ പോരാട്ട വീര്യവുമായി ഫൈനലിൽ ദക്ഷിണാഫ്രിക്കൻ കിരീടമോഹത്തെയും തച്ചുടച്ചു. 2005ലും 2017ലും ഫൈനലിൽ വീണുടഞ്ഞ കിരീട സ്വപ്നമാണ് മുംബൈയിലെ സ്വന്തം മുറ്റത്ത് ഇപ്പോൾ പൂവണിഞ്ഞത്. അർധസെഞ്ച്വറിയും അഞ്ച് വിക്കറ്റും നേടിയ ദീപ്തി ശർമയായിരുന്നു കിരീടപ്പോരാട്ടത്തിൽ ഇന്ത്യയുടെ സൂപ്പർതാരമായി മാറിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യൻ വനിതകൾ ബാറ്റ് കൊണ്ടും, ശേഷം പന്ത്കൊണ്ടും എതിരാളികളെ വരിഞ്ഞുമുറുക്കിയായിരുന്നു ചരിത്ര വിജയം കുറിച്ചത്. മഴകാരണം രണ്ടു മണിക്കൂറോളം വൈകിയിട്ടും ഓവർ വെട്ടിച്ചുരുക്കാതെ തന്നെ കളി തുടങ്ങി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 298 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രികക്ക് 246 എത്താനേ കഴിഞ്ഞുള്ളൂ. ഓപണർ ഷഫാലി വർമ തുടങ്ങിയ വെടിക്കെട്ടും (78 പന്തിൽ 87 റൺസ്), മധ്യനിരയിൽ ദീപ്തി ശർമയുടെ പക്വതയാർന്ന ഇന്നിങ്സിന്റെയും (58 റൺസ്) ബലത്തിലായിരുന്നു ഇന്ത്യ മികച്ച ടോട്ടൽ പടുത്തുയർത്തിയത്. സ്മൃതി മന്ദാന (45), ജെമീമ റോഡ്രിഗസ് (24), ഹർമൻപ്രീത് കൗർ (20), റിച്ച ഘോഷ് (34) എന്നിവരും ആതിഥേയ പോരാട്ടത്തിൽ മികച്ച സംഭാവന നൽകി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ഓപണർ ലൗറ വോൾവാർട്ട് (101) സെഞ്ച്വറി ഇന്നിങ്സിലൂടെ ഒറ്റക്ക് മുന്നോട്ട് നയിക്കുകയായിരുന്നു. ഒരു വശത്ത് വിക്കറ്റ് വീഴുമ്പോഴും ശക്തമായ ചെറുത്തു നിൽപുമായി ബാറ്റു വീശിയ ലൗറയായി ഇന്ത്യയുടെ കിരീട സ്വപ്നത്തിനിടയിലെ വലിയ കടമ്പ. ഒടുവിൽ, ഏഴാം വിക്കറ്റായി ലൗറ വീണതോടെ മാത്രമേ ഇന്ത്യക്ക് വിജയ പ്രതീക്ഷ ഉയർന്നുള്ളൂ. ഷഫാലി വർമയുടെ പന്തിൽ ഉജ്വലമായ ക്യാച്ചിലൂടെ അമൻജോത് കൗർ ആണ് ലൗറയെ പുറത്താക്കിയത്. അഞ്ചു വിക്കറ്റുമായി ദീപ്തി ശർമ കളം വാണപ്പോൾ, 45.3 ഓവറിൽ 246ൽ ദക്ഷിണാഫ്രിക്ക ഓൾഔട്ടായി.





