എനിക്ക് അമ്മയാവാൻ ഒരു പുരുഷനെ വേണം’; സ്ത്രീയെ ഗർഭംധരിപ്പിക്കുന്ന ജോലിയെന്ന പരസ്യത്തിൽ വീണ യുവാവിന് നഷ്ടമായത് 11 ലക്ഷം രൂപ

മുംബൈ: സ്ത്രീയെ ഗർഭം ധരിപ്പിക്കാനുള്ള ജോലിയെന്ന പരസ്യംകണ്ട് പോയ യുവാവിന് നഷ്ടമായത് 11 ലക്ഷം രൂപ. പൂനെയിലെ കരാറുകാരനായ 44 കാരനാണ് സമൂഹമാധ്യമത്തിൽ കണ്ട പരസ്യത്തിന് പിന്നാലെ പോയി പണം നഷ്ടമായത്. പരസ്യത്തിൽ കണ്ട ഫോൺ നമ്പറിൽ ബന്ധപ്പെട്ട യുവാവിനോട് പലതവണകളായി തട്ടിപ്പുകാർ പണം ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.സ്ത്രീയെ ഗർഭം ധരിപ്പിക്കാനായി പുരുഷനെ ആവശ്യമുണ്ടെന്നും പ്രതിഫലമായി 25 ലക്ഷം രൂപ ലഭിക്കുമെന്നുമായിരുന്നു സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടിരുന്ന പരസ്യം. ‘എനിക്ക് അമ്മയാകുന്നതിന് ഒരു പുരുഷനെ വേണം. മാതൃത്വത്തിന്റെ സന്തോഷം അനുഭവിക്കണം. ഞാൻ അയാൾക്ക് 25 ലക്ഷം രൂപ നൽകും. അയാളുടെ വിദ്യാഭ്യസമോ ജാതിയോ നിറമോ ഒന്നും എനിക്ക് പ്രശ്നമല്ല’ എന്നായിരുന്നു വീഡിയോയിൽ സ്ത്രീ പറഞ്ഞിരുന്നത്. താത്പര്യമുള്ളവർക്ക് ബന്ധപ്പെടാനായി ഫോൺനമ്പറും പരസ്യത്തിൽ നൽകിയിരുന്നു.പരസ്യം കണ്ടതിന് പിന്നാലെ പരാതിക്കാരൻ ഈ ഫോൺനമ്പറിലേക്ക് വിളിച്ചു. എന്നാൽ, ഒരു പുരുഷനാണ് ഫോണെടുത്തത്. ഗർഭം ധരിപ്പിക്കാനുള്ള ജോലി നൽകുന്ന ഏജൻസിയിലെ ജീവനക്കാരനാണെന്നാണ് ഇയാൾ പരാതിക്കാരനോട് പറഞ്ഞത്. ഗർഭം ധരിപ്പിക്കാനുള്ള സ്ത്രീക്കൊപ്പം താമസിക്കണമെങ്കിൽ ആദ്യം ഏജൻസിയിൽ രജിസ്റ്റർചെയ്ത് ഐഡി കാർഡ് നേടണമെന്നും ഇയാൾ പറഞ്ഞു. തുടർന്ന് പലതവണകളായി രജിസ്ട്രേഷൻ ചാർജ്, ഐഡി കാർഡ് ചാർജ്, വെരിഫിക്കേഷൻ ചാർജ്, ജിഎസ്ടി, ടിഡിഎസ്, പ്രോസസിങ് ഫീ എന്നിങ്ങനെയെല്ലാം പറഞ്ഞ് പണം വാങ്ങി. ഇത്തരത്തിൽ ഏകദേശം നൂറിലേറെ തവണകളായി 11 ലക്ഷത്തോളം രൂപയാണ് ഒന്നരമാസത്തിനിടെ യുവാവ് അയച്ചുനൽകിയത്.പിന്നീട് ജോലിയെക്കുറിച്ച് അന്വേഷിച്ചപ്പോൾ പരാതിക്കാരന്റെ ഫോൺനമ്പർ തട്ടിപ്പുകാർ ബ്ലോക്ക്ചെയ്തു. ഇതോടെയാണ് സംഭവം തട്ടിപ്പാണെന്ന് യുവാവിന് ബോധ്യപ്പെട്ടത്. തുടർന്നാണ് ഇയാൾ പൊലീസിൽ പരാതി നൽകിയത്. മൊബൈൽ നമ്പറുകളും യുവാവ് പണമയച്ച അക്കൗണ്ട് നമ്പറുകളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button