അനായാസം ഇന്ത്യ; ദക്ഷിണാഫ്രീക്കതിരെ ഏഴു വിക്കറ്റ് ജയം, പരമ്പരയിൽ മുന്നിൽ (2-1)

ധരംശാല: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്‍റി20 മത്സരത്തിൽ ഇന്ത്യക്ക് ഏഴു വിക്കറ്റിന്‍റെ അനായാസ ജയം. സന്ദർശകർ മുന്നോട്ടുവെച്ച 118 റൺസ് വിജയലക്ഷ്യം 25 പന്തുകൾ ശേഷിക്കെ ആതിഥേയർ മറികടന്നു. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി (2-1). സ്കോർ: ദക്ഷിണാഫ്രിക്ക 20 ഓവറിൽ 117 റൺസിന് ഓൾ ഔട്ട്. ഇന്ത്യ 15.5 ഓവറിൽ മൂന്നു വിക്കറ്റിന് 120. ഓപ്പണർമാരായ അഭിഷേക് ശർമ 18 പന്തിൽ 35 റൺസെടുത്തും ശുഭ്മൻ ഗിൽ 28 പന്തിൽ 28 റൺസെടുത്തും പുറത്തായി. ഇരുവരും ഒന്നാം വിക്കറ്റിൽ 5.2 ഓവറിൽ 60 റൺസാണ് അടിച്ചെടുത്തത്. നായകൻ സൂര്യകുമാർ യാദവാണ് (11 പന്തിൽ 12) പുറത്തായ മറ്റൊരു താരം. 34 പന്തിൽ 26 റൺസുമായി തിലക് വർമയും നാലു പന്തിൽ 10 റൺസുമായി ശിവം ദുബെയും പുറത്താകാതെ നിന്നു. നേരത്തെ, നായകൻ എയ്ഡൻ മാർക്രമിന്‍റെ ഒറ്റയാൾ പോരാട്ടമാണ് പ്രോട്ടീസിനെ വലിയ നാണക്കേടിൽനിന്ന് കരകയറ്റിയത്. 46 പന്തിൽ രണ്ടു സിക്സും ആറു ഫോറുമടക്കം 61 റൺസെടുത്തു. മാർക്രമിനെ കൂടാതെ, ഡോണോവൻ ഫെരേരിയ (15 പന്തിൽ 20), ആൻറിച് നോർയെ (12 പന്തിൽ 12) എന്നിവർ മാത്രമാണ് പ്രോട്ടീസ് നിരയിൽ രണ്ടക്കം കടന്നത്. ഇന്ത്യൻ ബൗളർമാർ പ്രോട്ടീസ് ബാറ്റർമാരെ വരിഞ്ഞുമുറുക്കി. തകർച്ചയോടെയാണ് ബാറ്റിങ് തുടങ്ങിയത്. ഒരു റൺസെടുക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായി. റീസ ഹെൻഡ്രിക്കിനെ (പൂജ്യം) അർഷ്ദീപ് സിങ്ങും ക്വിന്റൺ ഡി കോക്കിനെ (മൂന്നു പന്തിൽ ഒന്ന്) ഹർഷിത് റാണയുമാണ് പുറത്താക്കിയത്. നാലാമത്തെ ഓവറിൽ ഡെവാൾഡ് ബ്രെവിസും (ഏഴു പന്തിൽ രണ്ട്) മടങ്ങിയതോടെ പ്രോട്ടീസ് മൂന്നു വിക്കറ്റിന് ഏഴ് റൺസെന്ന നിലയിലേക്ക് തകർന്നു. ഒരു വശത്ത് മാർക്രം പിടിച്ചുനിന്നെങ്കിലും മറുഭാഗത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ടിസ്റ്റൻ സ്റ്റബ്സ് (13 പന്തിൽ ഒമ്പത്), കോർബിൻ ബോഷ് (ഒമ്പത് പന്തിൽ നാല്), ഫെരേരിയ, മാർകോ യാൻസൻ (ഏഴു പന്തിൽ രണ്ട്) എന്നിവരെല്ലാം വന്നപോലെ മടങ്ങി. പ്രോട്ടീസ് ഏഴിന് 77 റൺസ്. അർധ സെഞ്ച്വറി നേടിയതിനു പിന്നാലെ മാർക്രമിനെ അർഷ്ദീപ് വിക്കറ്റ് കീപ്പർ ജിതേഷിന്‍റെ കൈകളിലെത്തിച്ചു. ആൻറിച് നോർയെ, ഒട്ടിനിൽ ബാർട്ട്മാൻ (രണ്ടു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഇന്ത്യക്കുവേണ്ടി അർഷ്ദീപ്, ഹർഷിത് റാണ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. പേസർ ജസ്പ്രീത് ബുംറ, ഓൾ റൗണ്ടർ അക്സർ പട്ടേൽ എന്നിവർക്കു പകരം കുൽദീപ് യാദവും ഹർഷിത് റാണയും ടീമിലെത്തി. മലയാളി താരം സഞ്ജു സാംസണ് മൂന്നാം മത്സരത്തിലും അവസരം ലഭിച്ചില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button