ജീവനക്കാര്‍ക്കുള്ള മെഡിക്കൽ ലീവ് നിര്‍ത്തലാക്കി വൃത്തി കെട്ട ഇന്ത്യൻ കമ്പനി; മരണക്കിടക്കയിലെങ്കിലും ലീവ് കിട്ടുമോ എന്ന് സോഷ്യൽ മീഡിയ,വിമര്‍ശനം

ഡൽഹി: അവധി ഏതൊരു തൊഴിലാളിയുടെയും അവകാശമാണ്. ആഴ്ചയിലൊരിക്കലുള്ള ലീവ്, കൂടാതെ മെഡിക്കൽ ലീവ്, കാഷ്വൽ ലീവ് ഇതൊക്കെ ലഭിക്കാനുള്ള അവകാശം ഏതൊരു ജീവനക്കാരനുമുണ്ട്. എന്നാൽ സിക്ക് ലീവ് പോലുള്ള അത്യാവശ്യ അവധികൾ നിര്‍ത്തലാക്കിയാലോ? ഒരു ഇന്ത്യൻ കമ്പനിയുടെ നീക്കം സോഷ്യൽമീഡിയിലാകെ ചര്‍ച്ചയായിരിക്കുകയാണ്. കമ്പനിയിലെ ജീവനക്കാരിലൊരാൾ റെഡ്ഡിറ്റിലാണ് ഇത് പങ്കുവച്ചിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം 12 ദിവസത്തെ വാര്‍ഷിക അവധി അനുവദിക്കുന്നുണ്ട്. ആരോഗ്യ സംബന്ധമായ അവധികൾക്ക് ആശുപത്രി രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്. എന്നാൽ ഇതിനെയെല്ലാം കാറ്റിൽപറത്തിക്കൊണ്ട് ജീവനക്കാരുടെ മെഡിക്കൽ, കാഷ്വൽ ലീവുകൾ വെട്ടിയിരിക്കുകയാണ് കമ്പനി. കമ്പനിയുടെ എച്ച്ആർ ഡിപ്പാർട്ട്‌മെന്‍റിൽ നിന്നുള്ളതാണെന്ന് പറയപ്പെടുന്ന ഒരു സന്ദേശത്തിന്‍റെ സ്‌ക്രീൻഷോട്ട് ജീവനക്കാരി പങ്കുവച്ചിരിക്കുകയാണ്. ‘പ്രധാനപ്പെട്ട ലീവ് പോളിസി അപ്‌ഡേറ്റ്’ എന്ന തലക്കെട്ടിലാണ് സന്ദേശം. “ഞങ്ങളുടെ നിലവിലെ തൊഴിൽ സംസ്കാരവുമായി മികച്ച രീതിയിൽ പൊരുത്തപ്പെടുന്നതിന് ഞങ്ങളുടെ ലീവ് പോളിസിയിൽ ചില പ്രധാന അപ്‌ഡേറ്റുകൾ വരുത്തിയിട്ടുണ്ട്. കാഷ്വൽ ലീവ്, സിക്ക് ലീവ് എന്നിവ ഇപ്പോൾ നിർത്തലാക്കി” എന്നായിരുന്നു സന്ദേശം.” ഇനി മുതൽ, ഇനിപ്പറയുന്ന തരത്തിലുള്ള അവധികൾ ലഭ്യമാകും. വാർഷിക ശമ്പളത്തോടുകൂടിയ അവധി – വ്യക്തിഗത അവധി, അവധിക്കാലങ്ങൾ അല്ലെങ്കിൽ പൊതു ആവശ്യങ്ങൾക്കായി നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന നിശ്ചിത എണ്ണം ശമ്പളത്തോടുകൂടിയ അവധികൾ. ഈ അവധികൾ പ്രതിമാസം 1 ദിവസം വീതം, അതായത് പ്രതിവർഷം 12 ദിവസം വീതം ക്രെഡിറ്റ് ചെയ്യപ്പെടും. മെഡിക്കൽ അടിയന്തര സാഹചര്യങ്ങളിൽ മാത്രം അനുവദിക്കുന്ന പ്രത്യേക അവധി രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും. ജനുവരിയിൽ 3 ദിവസവും ജൂലൈയിൽ 3 ദിവസവും. അഡ്മിഷൻ/ഡിസ്ചാർജ് പേപ്പറുകൾ അല്ലെങ്കിൽ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ റിപ്പോർട്ട് പോലുള്ള സാധുവായ ആശുപത്രി രേഖകൾ സമർപ്പിച്ചാൽ മാത്രമേ ഇത് അംഗീകരിക്കപ്പെടുകയുള്ളൂ” എന്ന് കമ്പനി വിശദീകരിക്കുന്നു.”ഞങ്ങളുടെ ലീവ് ഘടനയിൽ കൂടുതൽ വ്യക്തതയും സ്ഥിരതയും കൊണ്ടുവരാനാണ് ഈ മാറ്റങ്ങൾ ലക്ഷ്യമിടുന്നത്. പുതിയ ലീവ് പോളിസിയെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളോ സംശയങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെടാൻ മടിക്കേണ്ടതില്ല,” എന്നും എച്ച്ആര്‍ പറയുന്നു. സോഷ്യൽമീഡിയയിൽ വലിയ വിമര്‍ശനങ്ങൾക്കാണ് ഇത് ഇടയാക്കിയത്. മരണക്കിടക്കയിലെങ്കിലും അവധി കിട്ടുമോ എന്ന് ഒരാൾ ചോദിച്ചു. ഷോപ്പ്സ് & എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം നിങ്ങൾക്ക് കാഷ്വൽ ലീവ്/സിക്ക് ലീവ് ലഭിക്കാൻ അർഹതയുണ്ടെന്നും ഇത് നിയമവിരുദ്ധമാണെന്നും മറ്റൊരു ഉപയോക്താവ് ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button