മുഖ്യമന്ത്രി കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ പരസ്യ പ്രതിഷേധം
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ പരസ്യ പ്രതിഷേധം. മുഖ്യമന്ത്രി തിരഞ്ഞെടുത്ത ചില മാധ്യമങ്ങൾക്ക് മാത്രം മറുപടി നൽകുന്നത് ശരിയല്ലെന്ന് ആരോപിച്ചായിരുന്നു മാധ്യമപ്രവർത്തകരുടെ പ്രതിഷേധം. ആളുകളെ വിളിച്ചുവരുത്തിയിട്ട് ചോദ്യങ്ങൾ ചോദിക്കാൻ അനുവദിക്കാത്തത് ജനാധിപത്യപരമായ നടപടിയല്ലെന്ന് അവർ തുറന്നടിച്ചു.
വാർത്താസമ്മേളനത്തിനിടെ ദേശാഭിമാനി, കൈരളി എന്നീ മാധ്യമങ്ങളുടെ റിപ്പോർട്ടർമാരുടെ ചോദ്യങ്ങൾക്ക് മാത്രമാണ് മുഖ്യമന്ത്രി മറുപടി നൽകിയതെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടി. ദേശാഭിമാനിയുടെയും കൈരളിയുടെയും മാധ്യമപ്രവർത്തകർ സംഘമായാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് എത്തിയത്. ചോദ്യങ്ങൾ ചോദിക്കുന്നവരുടെ ദൃശ്യങ്ങൾ പകർത്താൻ പ്രത്യേകം ക്യാമറകൾ ഉൾപ്പെടെ സജ്ജീകരിച്ചായിരുന്നു ഇവരുടെ നിൽപ്പ്. മറ്റ് മാധ്യമങ്ങളിൽ നിന്നുള്ളവർ ഒരേസമയം ചോദ്യങ്ങൾ ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും, പാർട്ടി മാധ്യമങ്ങളിൽ നിന്നുള്ളവരുടെ ചോദ്യങ്ങൾ മാത്രം തിരഞ്ഞെടുത്ത് മറുപടി പറയുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചത്.
കൈരളിയുടെയും ദേശാഭിമാനിയുടെയും ചോദ്യങ്ങൾക്ക് മാത്രം ഉത്തരം പറഞ്ഞാൽ പോരാ, തങ്ങളുടെ ചോദ്യങ്ങൾക്കും മറുപടി നൽകണമെന്ന് മറ്റ് മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടതോടെ രംഗം വഷളായി. എന്നാൽ, മറ്റ് ചോദ്യങ്ങൾക്ക് ചെവികൊടുക്കാതെ മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിച്ച് എഴുന്നേൽക്കുകയായിരുന്നു. ഇതോടെ പ്രതിഷേധം കടുത്തു. തുടർന്ന് നടന്നുപോകുന്നതിനിടയിൽ, മാധ്യമപ്രവർത്തകരുടെ പ്രതിഷേധം കനത്തതോടെ അദ്ദേഹം അപ്രതീക്ഷിതമായി തിരികെ വന്നു.
മറ്റ് മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി സംസാരിച്ച അദ്ദേഹം, ‘ചോദ്യങ്ങൾ മനസ്സിൽ വെച്ചാൽ പോരാ, ചോദിച്ചാൽ മാത്രമേ ഉത്തരം നൽകാൻ കഴിയൂ’ എന്ന് പ്രതികരിച്ചു. എന്നാൽ,7 അദ്ദേഹം എഴുന്നേറ്റ് പോകുന്ന സമയത്ത് സദസിൽ നിന്നും കൂട്ടത്തോടെ ചോദ്യങ്ങൾ ഉയർന്നിരുന്നുവെന്നതാണ് യാഥാർഥ്യം. ഇവിടെ ചിലർക്ക് പ്രത്യേക അജണ്ടകളുണ്ടെന്നും, വാർത്താസമ്മേളനം അലങ്കോലമാക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം മുൻ ദിവസങ്ങളിലേതുപോലെ ആവർത്തിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി അസഹിഷ്ണുതയാണ് പ്രകടിപ്പിക്കുന്നതെന്ന വിമർശനവും ശക്തമാണ്. കഴിഞ്ഞ ദിവസങ്ങളിൽ പൊതുസമ്മേളനങ്ങളിൽ പോലും മാധ്യമങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു. മുൻകാലങ്ങളിൽ മന്ത്രിസഭാ യോഗത്തിന് ശേഷം ബുധനാഴ്ചകളിൽ സ്ഥിരമായി നടത്തിയിരുന്ന വാർത്താസമ്മേളനങ്ങൾ (ക്യാബിനറ്റ് ബ്രീഫിങ്) ഇപ്പോൾ നിലച്ചിരിക്കുകയാണ്. പകരം വാർത്താക്കുറിപ്പുകൾ മാത്രമാണ് ഇറക്കുന്നത്.
നിലവിൽ എന്തെങ്കിലും വിശദീകരിക്കാൻ ഉള്ളപ്പോൾ മാത്രം നടത്തുന്ന വാർത്താസമ്മേളനങ്ങളിൽ, ഭൂരിഭാഗം സമയവും തയ്യാറാക്കിക്കൊണ്ടുവന്ന കുറിപ്പ് വായിക്കാനും, ബാക്കി വരുന്ന ചുരുങ്ങിയ സമയം മാത്രം തനിക്ക് താത്പര്യമുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകി സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് അവസാനിപ്പിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും മാധ്യമപ്രവർത്തകർക്കിടയിൽ പൊതുവെ ആക്ഷേപമുണ്ട്. ഇതിന്റെ തുടർച്ചയായാണ് കൊല്ലത്തെ വാർത്താസമ്മേളനത്തിലെ നാടകീയ സംഭവങ്ങൾ.





