കരൂര്‍ ദുരന്തം; വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് തമിഴ് യുട്യൂബർ അറസ്റ്റിൽ
ചെന്നൈ: കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് തമിഴ് യുട്യൂബര്‍ ഫെലിക്സ് ജെറാൾഡ് അറസ്റ്റിൽ. ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്.റെഡ്പിക്സ് എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ജെറാൾഡ് തന്‍റെ ചാനലിലൂടെ വ്യാജ വാര്‍ത്തകൾ പ്രചരിപ്പിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം ദുരന്തവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രകോപനപരമായ ഉള്ളടക്കം പോസ്റ്റ് ചെയ്തതിന് തിങ്കളാഴ്ച ചെന്നൈ പൊലീസ് 25 പേർക്കെതിരെ കേസെടുത്തിരുന്നു.ഈ പോസ്റ്റുകളുമായി ബന്ധപ്പെട്ട വ്യക്തികളെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം. പൊതുസമാധാനം തകർക്കുന്നതും സംഘർഷം രൂക്ഷമാക്കുന്നതുമായ രീതിയിൽ ഉള്ളടക്കം പങ്കിട്ടതിനാലാണ് നടപടി സ്വീകരിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.അതിനിടെ കരൂർ ദുരന്തത്തിന് പിന്നാലെ ടിവികെ നേതാവ് ആത്മഹത്യ ചെയ്തു. വിരാപ്പേട്ട് വില്ലേജ് സെക്രട്ടറി അയ്യപ്പനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുരന്തത്തിന് കാരണം സെന്തിൽ ബാലാജി ആണെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. കരൂർ ദുരന്തത്തിൽ തമിഴ് നാട് പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി .ടി വി കെ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ‘വിജയിനെ ഉടൻ അറസ്റ്റ് ചെയ്യണം’ എന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകൾ വ്യാപകമായി നശിപ്പിച്ചു.കരൂർ ജില്ലയിൽ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച പോസ്റ്ററുകളാണ് വിജയ് അനുകൂലികൾ നശിപ്പിച്ചത്.
