കേരളപ്പിറവി ദിനത്തില്‍ പ്രഖ്യാപനത്തട്ടിപ്പുമായി കേരളാ സര്‍ക്കാർ:അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇന്ന്; ചടങ്ങിൽ നടന്മാരായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർ പങ്കെടുക്കും
തിരുവനന്തപുരം: കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമാണെന്ന വ്യാജ പ്രഖ്യാപനവുമായി കേരളാസർക്കാർ. കേരളപ്പിറവിദിനമായ ശനിയാഴ്ച ചേരുന്ന പ്രത്യേക നിയമസഭാസമ്മേളനത്തിൽ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും. വൈകീട്ട് സെൻട്രൽ സ്റ്റേഡിയത്തിലാണ് പൊതുപ്രഖ്യാപനം.സംസ്ഥാനത്തു നിന്ന് അതിദാരിദ്ര്യം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്‌തെന്നാണ് സര്‍ക്കാര്‍ അവകാശ വാദം. എന്നാൽ ഇത് പൊള്ളയെന്ന് കണക്കുകള്‍. ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി സര്‍വെ നടത്തി 64,006 അതിദരിദ്രരെ കണ്ടെത്തി ദാരിദ്ര്യത്തില്‍ നിന്നും മുക്തമാക്കിയെന്നാണ് വാദം.5.92 ലക്ഷം കുടുംബങ്ങളാണ് അതിദരിദ്ര വിഭാഗത്തില്‍ കേരളത്തിലുള്ളതെന്നാണ് 2024ലെ സര്‍ക്കാരിന്റെ സാമ്പത്തിക അവലോകനത്തിലെ കണക്ക്. മൂന്ന് മാസം മുമ്പ് നിയമസഭയില്‍ മന്ത്രി ജി.ആര്‍. അനില്‍ അവതരിപ്പിച്ചതും ഈ കണക്കാണ്. 5.92 ലക്ഷം അതിദരിദ്ര കുടുംബങ്ങളെ ഒരു വര്‍ഷത്തിനിടയില്‍ ദാരിദ്ര്യമുക്തമാക്കിയത് എങ്ങനെയെന്നാണ് ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. കേന്ദ്രത്തിന്റെ കണക്കില്‍ ഇപ്പോഴും കേരളത്തില്‍ 5.92 ലക്ഷം കുടുംബങ്ങള്‍ അതിദരിദ്രരുടെ പട്ടികയിലുണ്ട്. മഞ്ഞക്കാര്‍ഡുടമകളായ ഇവര്‍ക്ക് ഭക്ഷ്യധാന്യം നല്‍കുന്നുമുണ്ട്.വൈകീട്ട് 3ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപനം നടത്തും. മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിക്കും. സ്പീക്കര്‍ എ.എന്‍ ഷംസീറാണ് മുഖ്യാതിഥി, വിശിഷ്ടാതിഥികളായി നടന്‍മാരായ മമ്മൂട്ടി, കമല്‍ഹാസന്‍, മോഹന്‍ലാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.





