നെടുങ്കണ്ടത്ത് ഉരുൾപൊട്ടലിൽ വ്യാപക നാശം; നാലേക്കർ ഏലം കൃഷി ഒലിച്ചുപോയി
നെടുങ്കണ്ടം: പുഷ്പകണ്ടം ശൂലപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ നാല് ഏക്കര്‍ ഏലം തോട്ടം ഒലിച്ചുപോയി. കരിന്തകരക്കല്‍ ദിവാകരന്റെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടമാണ് ഉരുളെടുത്തത്. കായെടുക്കാന്‍ പാകമായി നിന്ന ആയിരത്തോളം ഏലച്ചെടികള്‍ പൂര്‍ണമായി നശിക്കുകയും മണ്ണൊലിച്ച് ഭൂമി കൃഷി യോഗ്യമല്ലാതായി മാറുകയും ചെയ്തു. ശനിയാഴ്ച പുലര്‍ച്ചയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മുകളിലുള്ള കിഷോര്‍ എന്ന വ്യക്തിയുടെ പുരയിടത്തില്‍നിന്നുമാണ് ഉരുള്‍പൊട്ടിയത്. അവര്‍ക്ക് കൃഷിയില്ലായിരുന്നു. ശനിയാഴ്ച രാവിലെയാണ് ഉരുള്‍പൊട്ടിയ വിവരം അയല്‍വാസി അറിഞ്ഞ് ഉടമയെ അറിയിച്ചത്. മറ്റൊരു പുരയിടത്തില്‍ ഉരുൾപൊട്ടി എട്ട് ഏക്കര്‍ സ്ഥലത്തെ കൃഷിയും നഷ്ടമായി.ലൈബ്രറിക്കും നാശനഷ്ടംനെടുങ്കണ്ടം: ശനിയാഴ്ച പുലര്‍ച്ച തൂക്കുപാലത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ തൂക്കുപാലം പബ്ലിക് ലൈബ്രറിക്ക് വന്‍നാശനഷ്ടമുണ്ടായി.പട്ടംകോളനി മേഖലയിലാകെ ഉണ്ടായ അതിതീവ്ര മഴയില്‍ തൂക്കുപാലം ലൈബ്രറിയില്‍ നാലടിയോളം ഉയരത്തില്‍ വെള്ളം കയറി. അയ്യായിരത്തോളം പുസ്തകങ്ങളും ഫര്‍ണിച്ചറും കമ്പ്യൂട്ടറും മൈക്ക് സെറ്റും ഉള്‍പ്പെടെ വെള്ളം കയറി ചളിയില്‍ പുതഞ്ഞു. കൂടാതെ രജിസ്റ്ററുകളും വിലപ്പെട്ട രേഖകളും നശിച്ചു. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. മലവെള്ളപ്പാച്ചിലില്‍ പാടശേഖരങ്ങള്‍ നശിച്ചുനെടുങ്കണ്ടം: ചെമ്മണ്ണാറില്‍ കഴിഞ്ഞ ദിവസമുണ്ടായ മലവെള്ളപ്പാച്ചിലില്‍ മേലെചെമ്മണ്ണാര്‍ പാലത്തിന് സമീപം ഒറ്റക്ക് താമസിച്ചിരുന്ന കാരാട്ടുകുടി നാരായണന്റെ വീട്ടിലും വെള്ളം കയറി. അഞ്ചടി ഉയരത്തില്‍ വെള്ളം കയറിയതോടെ നാരായണന് കട്ടിലില്‍ കയറി നിന്നാണ് നേരം വെളുപ്പിച്ചത്. വീട്ടുപകരണങ്ങളും വസ്ത്രങ്ങളുമടക്കം വെള്ളം കയറി നശിച്ചു. ബണ്ടുകളും വരമ്പുകളും തകര്‍ന്ന് പാടശേഖരത്തില്‍ വെള്ളം കയറി. കര്‍ഷകര്‍ തരിശിട്ടിരുന്ന ഭൂമിയാണ്. ചില കര്‍ഷകര്‍ പാടശേഖരത്ത് വാഴ കൃഷി ചെയ്തിരുന്നു. രാജാക്കാട്, രാജകുമാരി, ശാന്തന്‍പാറ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന പന്നിയാര്‍ പുഴ കരകവിഞ്ഞതോടെ വെള്ളം കയറി ഇരുകരകളിലുമുള്ള 20 ഓളം കര്‍ഷകരുടെ 30 ഏക്കറിലധികം പാടശേഖരങ്ങള്‍ നശിച്ചു. പട്ടംകോളനിയില്‍ 358 വീടുകളില്‍ വെള്ളം കയറികല്ലാര് പുഴയുടെ ഇരുവശങ്ങളിലായി വെള്ളം കയറിയ വീടുകള്‍ പലതും ഉപയോഗ യോഗ്യമല്ലാതായി. വെള്ളം ഇറങ്ങിയപ്പോഴാണ് ഭീകരത മനസ്സിലാവുന്നത്. ഏക്കറുകണക്കിന് കൃഷിയിടങ്ങളാണ് ഒലിച്ചുപോയത്. വീടുകള്‍ പലതും വാസയോഗ്യമല്ലാതായി. പട്ടംകോളനി മേഖലയില്‍ 358 വീടുകളില്‍ വെള്ളം കയറിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നാട്ടുകാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ പല വീടുകളും ശുചീകരണം നടത്തി വരികയാണ്. പല വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതിനാല്‍ ഉടൻ താമസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. വസ്ത്രങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളും പൂര്‍ണമായും നശിച്ച അവസ്ഥയിലാണ്. പാലങ്ങളും ഗ്രാമീണ റോഡുകളും തകര്‍ന്നുകിടക്കുകയാണ്. വെള്ളം താഴ്ന്നെങ്കിലും പൂര്‍ണരൂപത്തിലാക്കാന്‍ ആഴ്ചകള്‍ വേണ്ടിവരും. മേലേചിന്നാര്‍,ബഥേല്‍,പെരിഞ്ചാംകുട്ടി മേഖലകളില്‍ വന്‍ നാശനഷ്ടമുണ്ടായി. പല വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയതിനൊപ്പം കൃഷിയിടങ്ങളിലും വെള്ളം കയറി. നിര്‍മാണത്തിലിരുന്ന പല പാലങ്ങള്‍ക്കും തകരാര്‍ സംഭവിച്ചു. മേലെചിന്നാര്‍, ബഥേല്‍ കുരിശുപള്ളിപടി മേഖലയിലെ മൂന്ന് ഓഴം പാലങ്ങള്‍ ഒലിച്ചുപോയതോടെ നെടുങ്കണ്ടം, വാത്തിക്കുടി പഞ്ചായത്തുകള്‍ തമ്മിലുള്ള ഗതാഗതബന്ധം നിലച്ചു.





