കൂറുമാറാൻ സിപിഎം 50 ലക്ഷം രൂപ നൽകിയെന്ന് ലീഗ് സ്വതന്ത്രന്റെ വെളിപ്പെടുത്തൽ; വടക്കാഞ്ചേരിയിൽ വോട്ടിന് കോഴ

തൃശൂർ:വടക്കാഞ്ചേരിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൂറുമാറി എൽഡിഎഫിന് വോട്ട് ചെയ്ത ലീഗ് സ്വതന്ത്രന് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന് പറയുന്ന ഫോൺ സംഭാഷണം പുറത്ത്. ലീഗ് സ്വതന്ത്രനായി മത്സരിച്ച ജാഫർ മാസ്റ്ററുടെ പേരിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. തനിക്ക് പണം ഓഫർ ചെയ്തിട്ടുണ്ടെന്ന് ജാഫർ കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡന്റ് മുസ്തഫയോട് സംസാരിച്ച സംഭാഷണം എന്ന പേരിലാണ് ശബ്ദരേഖ പ്രചരിക്കുന്നത്.’ഒന്നുകിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആവാം,അല്ലെങ്കിൽ 50 ലക്ഷം രൂപ വാങ്ങി ലൈഫ് സെറ്റിൽ ചെയ്യാനാണ് എന്റെ തീരുമാനം..’ മുസ്തഫ പറയുന്നു. ഇന്ന് രാവിലെയാണ് ഫോണ്‍ സംഭാഷണം പുറത്ത് വന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തലേദിവസമാണ് വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനിൽ നിന്ന് ജയിച്ച ഇ.യു ജാഫർ എ.എ മുസ്തഫയോട് വെളിപ്പെടുത്തൽ നടത്തുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജപ്പെട്ട യുഡിഎഫിലെ പി.ഐ ഷാനവാസാണ് ഫോൺ സംഭാഷണം പുറത്ത് വിട്ടത്.അതേസമയം, ജാഫർ ചതിയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡന്റ് മുസ്തഫ മീഡിയവണിനോട് പറഞ്ഞു. ധൈര്യമുണ്ടെങ്കിൽ സിപിഎം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും മുസ്തഫ പറഞ്ഞു. ഇക്കാര്യത്തില്‍ ജാഫറിനെതിരെ നടപടിയുണ്ടാകും. ജാഫര്‍ ഈ പണം സ്വീകരിക്കുമെന്ന് ഉറപ്പാണ്. മുസ്തഫ പറഞ്ഞു. സംഭവത്തില്‍ കോൺഗ്രസ് നേതാവും അടാട്ട് പഞ്ചായത്ത് പ്രസിഡന്റുമായ അനിൽ അക്കര വിജിലൻസിന് പരാതി നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button