ഇടതു കോട്ട വീണു, കോട്ടയം കുമരകത്ത് കോൺഗ്രസിന് ബിജെപി പിന്തുണ; നറുക്കെടുപ്പിലൂടെ യുഡിഎഫ് സ്വതന്ത്രൻ അധ്യക്ഷൻ
കോട്ടയം: പരമ്പരാഗത ഇടതുകോട്ടയായ കുമരകത്ത് അട്ടിമറി. ബിജെപി യുഡിഎഫിനെ പിന്തുണക്കുകയും നറുക്കെടുപ്പിലൂടെ യുഡിഎഫ് സ്വതന്ത്ര അംഗം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എൽഡിഎഫിന് എട്ടും യുഡിഎഫിന് അഞ്ചും ബിജെപിക്ക് മൂന്നും അംഗങ്ങളാണുള്ളത്. ബിജെപി പിന്തുണച്ചതോടെ എട്ട് അംഗങ്ങൾ ഇരുപക്ഷത്തുമായതോടെ നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെ തെരഞ്ഞെടുക്കുകയായിരുന്നു. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായ എ.പി ഗോപിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പതിറ്റാണ്ടുകളായി സിപിഎമ്മാണ് കുമരകം പഞ്ചായത്ത് ഭരിച്ചിരുന്നത്. മന്ത്രി വി.എൻ വാസവന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് കുമരകം പഞ്ചായത്ത്. അധികാരം ലഭിക്കാൻ ഏത് വർഗീയ ശക്തിയെയും കൂട്ടുപിടിക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചതെന്നും കുമരകത്തെ വഞ്ചിക്കുകയാണ് കോൺഗ്രസ് ചെയ്തതെന്നും എൽഡിഎഫ് പ്രതിനിധികൾ വ്യക്തമാക്കി. എന്നാൽ താൻ സ്വതന്ത്ര സ്ഥാനാർഥിയാണെന്നും പിന്തുണ ആര് തന്നാലും സ്വീകരിക്കുമെന്നും സ്വതന്ത്ര സ്ഥാനാർഥി പ്രതികരിച്ചു. എന്നെ പിന്തുണച്ചത് കുമരകത്തെ ജനങ്ങളാണെന്നും താൻ കോൺഗ്രസുകാരനല്ലെന്നും സ്വതന്ത്ര സ്ഥാനാർഥി എ.പി ഗോപി പറഞ്ഞു.





