തദ്ദേശ തെരഞ്ഞെടുപ്പ്; റോബിൻ ബസ് ഉടമ റോബിൻ ഗിരീഷും മത്സര രംഗത്തേക്ക്
കോട്ടയം: പെർമിറ്റിൻ്റെ പേരിൽ മോട്ടോർ വാഹന വകുപ്പിനോടും സർക്കാരിനോടും ഏറ്റുമുട്ടിയ റോബിൻ ബസ് ഉടമ റോബിൻ ഗിരീഷ് തെരെഞ്ഞെടുപ്പിൽ സ്ഥാനാർഥി. റോബിൻ ഗിരീഷ് എന്ന് അറിയപ്പെടുന്ന ബേബി ഗിരീഷ് കോട്ടയം മേലുകാവ് പഞ്ചായത്തിലാണ് മത്സരിക്കുന്നത്. എട്ടാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥി ആയാണ് മത്സരം. പോസ്റ്ററുകളും ഫ്ലക്സും ഒഴിവാക്കി ഡിജിറ്റൽ പ്രചാരണം മാത്രമേ നടത്തുവെന്ന് ബേബി ഗിരീഷ് പറഞ്ഞു. വാര്‍ഡിലുള്ളവര്‍ക്കെല്ലാം തന്നെ അറിയാം. ഈ നവയുഗത്തില്‍ ഫോണ്‍ കോളുകളും നവമാധ്യമങ്ങളും ധാരാളമാണ്. പരിചയക്കാരെ ഫോണ്‍വിളിച്ച് വോട്ട് അഭ്യര്‍ഥിക്കുകയാണ് പ്രധാന പ്രാചരണമാർഗമെന്നും ഗിരീഷ് പറഞ്ഞു. ഒരു കൈയുടെ സ്വാധീനക്കുറവ് മറികടന്ന് തെരഞ്ഞെടുപ്പില്‍ ഒരു കൈനോക്കുന്നത്. ബസ് സര്‍വീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെല്ലാം പരിഹരിച്ചു. പഞ്ചായത്ത് മെംബറെന്ന നിലയില്‍ നിലപാട് വ്യക്തമാക്കാനാണ് തെരഞ്ഞെടുപ്പിലൂടെ ഉദ്ദേശിക്കുന്നത്. നിലപാടുകളില്‍ ഉറച്ച് നിന്നുകൊണ്ട് നാടിനായി എന്ത് ചെയ്യാനാകുമെന്ന് തെളിയിക്കുമെന്നും ഗിരീഷ് പറയുന്നു.





