ഒറ്റ രാത്രികൊണ്ട് ശമ്പളത്തിന്റെ 40 ശതമാനം നഷ്ടമായി; പിറ്റേന്ന് ജോലി വിട്ട് യുവാവ്, പോകരുതെന്ന് യാചിച്ച് കമ്പനി
ബംഗളൂരുവിലെ കമ്പനിയിൽ മാർക്കറ്റിങ് ഹെഡ് ആയി ജോലി ചെയ്തിരുന്ന യുവാവ് റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. ഒക്ടോബറിലെ സാലറി സ്ലിപ്പ് വന്നപ്പോൾ അതിൽ ശമ്പളത്തിന്റെ 40 ശതമാനം കുറവാണെന്ന് കണ്ടു. കമ്പനിയിലെ എച്ച്.ആർ വിഭാഗത്തിന് പറ്റിയ അബദ്ധമായിരിക്കും ഇതെന്നാണ് യുവാവ് ആദ്യം കരുതിയത്. ഒറ്റ രാത്രികൊണ്ട് ആവിയായി പോയത് ശമ്പളത്തിന്റെ 40 ശതമാനമാണ്. എന്നാൽ കമ്പനിയിലെ എച്ച്.ആർ ടീം ജീവനക്കാരുടെ ശമ്പളത്തിന്റെ വലിയൊരു ഭാഗം എല്ലാ മാസവും മാറ്റാവുന്ന കീ പെർഫോമൻസ് ഇൻഡിക്കേറ്ററുകളുമായി ബന്ധിപ്പിച്ചിരിക്കുകയായിരുന്നു. നിമിഷ നേരം കൊണ്ടുതന്നെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ മാറ്റം കമ്പനിയിലെ മറ്റ് ജീവനക്കാരെ രോഷാകുലരും ഭയചകിതരുമാക്കി.ഒന്നാലോചിക്കാൻ പോലും മിനക്കെടാതെ മാർക്കറ്റിങ് ഹെഡായിരുന്ന യുവാവ് ജോലിയിൽ നിന്ന് രാജിവെച്ചു. തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായിരുന്നു ഇതെന്നും യുവാവ് റെഡ്ഡിറ്റിൽ പറയുന്നുണ്ട്. കമ്പനിയിൽ മാർക്കറ്റിങ് ഡിപാർട്മെന്റിന്റെ ചുമതലയായിരുന്നു ഇദ്ദേഹത്തിന്. ചെറിയ കമ്പനിയായിരുന്നു. ജീവനക്കാരും കുറവാണ്. കുറഞ്ഞ ശമ്പളവും. എന്നാൽ ജോലി ചെയ്തിരുന്ന മണിക്കൂറുകൾക്ക് കണക്കൊന്നുമില. ആഴ്ചയിൽ ആറുദിവസവും ജോലി ചെയ്യണം. ആഘോഷ സീസണുകളിൽ പോലും ജോലിക്കെത്തുമായിരുന്നു. എന്നാൽ എച്ച്.ആർ വിഭാഗം സാലറി സ്ലിപ്പിൽ പരിഷ്‍കരണം കൊണ്ടുവന്നതോടെ എല്ലാം ഒറ്റ രാത്രികൊണ്ട് അവസാനിച്ചു. കമ്പനിയുടെത് ഭ്രാന്തമായ ആശയമാണെന്നാണ് യുവാവ് കുറ്റപ്പെടുത്തുന്നത്. കമ്പനിയിലെ ജീവനക്കാരിൽ ഒരാളോട് പോലും കൂടിയാലോചിക്കാതെ നടപ്പാക്കിയ പരിഷ്‍കാരമാണിത്. രാജി സ്വീകരിക്കാതെ മാനേജ്മെന്റ് തുടരാൻ അഭ്യർഥിച്ചിട്ടും താൻ വഴങ്ങിയില്ലെന്നും യുവാവ് പറയുന്നുണ്ട്. നോട്ടീസ് പിരീഡ് വരെ കമ്പനിയിൽ തുടരാൻ തയാറാണെന്ന് അവരെ അറിയിക്കുകയായിരുന്നു. ഇതേ വിഷയത്തിൽ കമ്പനിയിലെ നാഷനൽ സെയിൽസ് ഹെഡും നേരത്തേ രാജിവെച്ചിരുന്നു. രാജിവെച്ചയാൾ ഉടൻ തന്നെ മറ്റൊരു കമ്പനിയിൽ കാറ്റഗറി മാനേജറായി ജോലിക്ക് കയറി. അതും 20 ശതമാനം ശമ്പളവർധനവോടെ.





