ഹാജര്‍ കുറവിനാല്‍ പരീക്ഷ എഴുതുന്നത് തടയരുത്: ഡല്‍ഹി ഹൈക്കോടതി

 

ന്യൂഡല്‍ഹി: ഹാജര്‍ കുറവിന്റെ പേരില്‍ നിയമ വിദ്യാര്‍ഥികളെ പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കരുതെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. നിയമ വിദ്യാഭ്യാസ മേഖലയിലെ ഹാജര്‍ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്നും, വിദ്യാര്‍ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള കടുത്ത നിബന്ധനകള്‍ ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് പ്രഭീത് സിങ് എം, അമിത് ശര്‍മ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2016ല്‍ ഹാജര്‍ കുറവിനെ ചൂണ്ടിക്കാട്ടി സെമസ്റ്റര്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ഒരു നിയമ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുപ്രിംകോടതി സ്വമേധയാ എടുത്ത ഹരജിയിലാണ് ഈ നിര്‍ദേശം വന്നത്. ഹാജര്‍ കുറവിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് അടുത്ത സെമസ്റ്ററിലേക്ക് പ്രമോഷന്‍ നിഷേധിക്കുന്നതും നിയമപരമല്ലെന്ന് ബെഞ്ച് വ്യക്തമാക്കി. കോളജുകള്‍ വിദ്യാര്‍ഥികളുടെ മാനസികാവസ്ഥയും വ്യക്തിഗത സാഹചര്യങ്ങളും പരിഗണിച്ച് കൂടുതല്‍ സൗമ്യമായ സമീപനം സ്വീകരിക്കണമെന്ന് കോടതി നിരീക്ഷിച്ചു. നിയമ ബിരുദ കോഴ്‌സുകളില്‍ ഹാജര്‍ നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട നിലവിലെ മാനദണ്ഡങ്ങള്‍ പുനപ്പരിശോധിക്കണമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോട് ഹൈക്കോടതി നിര്‍ദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കടുപ്പമുള്ള നയങ്ങള്‍ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതായും, വിദ്യാഭ്യാസ വ്യവസ്ഥ കൂടുതല്‍ മാനുഷികവും വിദ്യാര്‍ഥികേന്ദ്രിതവുമാകേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button