കുട്ടികളെ ലൈം​ഗികമായി പീ‍ഡ‍ിപ്പിച്ചു; കാനഡയിൽ മലയാളിയായ കത്തോലി ക്ക് ചർച്ചിലെ വൈദികൻ അറസ്റ്റിൽ

ഒട്ടാവ: കാനഡയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചതിന് ‌മലയാളി വൈദികൻ അറസ്റ്റിൽ. ബ്രാംപ്ടണിലെ സെന്റ്. ജെറോംസ് കാത്തലിക് ചർച്ചിലെ പുരോഹിതനായ ഫാ. ജെയിംസ് ചെരിക്കൽ (60) ആണ് പിടിയിലായത്. സിറോ മലബാർ സഭ താമരശ്ശേരി രൂപതാം​ഗമായ ഫാ. ജെയിംസ് ചെരിക്കലിനെ ലൈം​ഗികാതിക്രമം, ലൈം​ഗിക ഇടപെടൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പീൽ റീജ്യണൽ പൊലീസ് അറസ്റ്റ് ചെയ്തത്. കനേഡിയൻ നിയമത്തിൽ 16 വയസിന് താഴെയുള്ള കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളെ സൂചിപ്പിക്കുന്ന പദമാണ് ലൈംഗിക ഇടപെടൽ. അറസ്റ്റിന് പിന്നാലെ, വൈദികനെ പാസ്റ്ററൽ ശുശ്രൂഷയിൽ നിന്ന് നീക്കം ചെയ്തതായി ടൊറന്റോ അതിരൂപത അറിയിച്ചു. ടൊറന്റോ അതിരൂപതയ്ക്ക് കീഴിലുള്ള വിവിധ ഇടവകകളിൽ മൂന്ന് പതിറ്റാണ്ടിലേറെ കാലമായി ജോലി ചെയ്തുവരികയായിരുന്നു ജെയിംസ് ചെരിക്കലെന്ന് കൊച്ചിയിലെ സഭാ വൃത്തങ്ങൾ പറഞ്ഞു. ‘ബ്രാംപ്ടണിലെ സെന്റ് ജെറോംസ് കത്തോലിക്കാ പള്ളിയിലെ പുരോഹിതനയായി സേവനമനുഷ്ഠിക്കുന്ന ഫാ. ജെയിംസ് ചെരിക്കലിനെതിരായ മോശം പെരുമാറ്റ ആരോപണം ടൊറന്റോ അതിരൂപത അറിഞ്ഞു. ഡിസംബർ 18ന്, പീൽ റീജ്യണൽ പൊലീസ് ഫാ. ചെരിക്കലിനെതിരെ ലൈംഗികാതിക്രമ- ലൈംഗിക ഇടപെടൽ കുറ്റങ്ങൾ ചുമത്തി. ദുഷ്‌പെരുമാറ്റ ആരോപണങ്ങളുമായി ബന്ധപ്പെട്ട ഞങ്ങളുടെ പ്രോട്ടോക്കോളുകളും നടപടിക്രമങ്ങളും പാലിച്ച്, ഫാ. ചെരിക്കലിനെ പുരോഹിത ശുശ്രൂഷയിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നു’- ടൊറന്റോ അതിരൂപത പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട ഏതൊരു ആരോപണത്തെയും ടൊറന്റോ അതിരൂപത ഗൗരവമായാണ് കാണുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. നടപടിക്കു പിന്നാലെ, ഫാ. ജെയിംസ് ചെരിക്കൽ ജോലി ചെയ്തിരുന്ന സെന്റ് ജെറോംസ് പള്ളിയിൽ ഡിസംബർ 25നും ജനുവരി മൂന്നിനും ഇടയിലുള്ള ദിവസങ്ങളിലെ വിശുദ്ധ കുർബാന റദ്ദാക്കിയതായും അതിരൂപത അറിയിച്ചു. 1997 മുതൽ ടൊറന്റോ അതിരൂപതയ്ക്ക് കീഴിലുള്ള വിവിധ ഇടവകകളിൽ പ്രവർത്തിച്ചുവരികയാണ് ഫാ. ചെരിക്കൽ. കഴിഞ്ഞ വർഷമാണ് അദ്ദേഹം ബ്രാംപ്ടണിലെ പള്ളിയിലേക്ക് താമസം മാറിയത്. കേരളത്തിൽ നിന്നുള്ള കത്തോലിക്കാ കുടിയേറ്റക്കാർക്കായി സ്ഥാപിതമായ കാനഡയിലെ സീറോ മലബാർ മിഷനിലും ഫാ. ചെരിക്കൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ വൈദിക ഒഴിവുകൾ നികത്താൻ കേരളത്തിൽ നിന്നുംപോയ നൂറുകണക്കിന് വൈദികരിൽ ഒരാളാണ് ഫാ. ജെയിംസ് ചെരിക്കൽ. കാനഡ കൂടാതെ, യുകെയിലും ആസ്‌ട്രേലിയയിലും സീറോ മലബാർ സഭ സ്ഥാപിച്ച പള്ളികളിലും നിരവധി വൈദികർ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള നിരവധി കത്തോലിക്കാ കുടുംബങ്ങൾ ഇവിടെ സ്ഥിരതാമസമാക്കിയിട്ടുണ്ട്. കാനഡയിലേക്ക് പോകുന്നതിനുമുമ്പ്, താമരശ്ശേരി രൂപതയുടെ വിവിധ പദവികളും ഫാ. ചെരിക്കൽ വഹിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button