പ്രായപൂർത്തിയാവാത്ത കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കോഴിക്കോട് ബീച്ചിൽ ഉപേക്ഷിച്ചു; രണ്ടുപേർ അറസ്റ്റിൽ
കോഴിക്കോട്: പ്രായപൂർത്തിയാവാത്ത കുട്ടിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. പുതുപ്പാടി ചീനിപ്പറമ്പിൽ മുഹമ്മദ് സാലിഹ് (45), പുതുപ്പാടി വരിവിൻകാലയിൽ വി.കെ. ഷബീറലി (41) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ കൂട്ടുപ്രതികളായ കാസർകോട് സ്വദേശികളായ രണ്ടുപേർ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പെരിന്തൽമണ്ണയിലെ വീട്ടിൽനിന്ന് രക്ഷിതാക്കളുമായി പിണങ്ങി ഇറങ്ങിയ കുട്ടിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. ഇക്കഴിഞ്ഞ 20ന് വീട്ടിൽനിന്നിറങ്ങിയ കുട്ടി 21ന് ബസ് മാർഗം കോഴിക്കോട് ബീച്ചിൽ എത്തി. ഇവിടെനിന്ന് പ്രതികൾ കുട്ടിയെ പരിചയപ്പെടുകയും മയക്കുമരുന്ന് നൽകി ജീപ്പിൽ പന്തീരാങ്കാവ് ഫ്ലാറ്റിൽ എത്തിച്ച് പീഡിപ്പിക്കുയുമായിരുന്നു. കാസർകോട് സ്വദേശികളാണ് കുട്ടിയെ ബീച്ചിൽനിന്ന് പന്തീരാങ്കാവിലെത്തിച്ചത്. 22ന് 4000 രൂപ നൽകി കുട്ടിയെ കോഴിക്കോട് ബീച്ചിൽ ഉപേക്ഷിച്ചു. തുടർന്ന് അർധബോധാവസ്ഥയിൽ കുട്ടിയെക്കണ്ട സഞ്ചാരികൾ വനിത ഹെൽപ് ലൈനിൽ വിവരം അറിയിച്ചതിനെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. ടൗൺ എ.സി ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.





