ഗുരുവായൂരിലെത്തി കണ്ണനെ കണ്ട് 15 കോടി കാണിക്ക നൽകി മുകേഷ് അംബാനി

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി കണ്ണനെ കണ്ടു തൊഴുത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. പൊതു അവധി ദിനത്തില്‍ സ്‌പെഷ്യല്‍ ദര്‍ശന നിയന്ത്രണം ഉള്ളതിനാല്‍ 25 പേര്‍ക്കായി ശ്രീകോവില്‍ നെയ് വിളക്ക് വഴിപാട് ശീട്ടാക്കിയാണ് മുകേഷ് അംബാനി ക്ഷേത്രത്തില്‍ പ്രവേശിച്ചത്. ഇന്ന് രാവിലെ 7.30ഓടെയാണ് അദ്ദേഹം ഗുരുവായൂരിലെത്തിയത്. അരമണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ അദ്ദേഹം റോഡ് മാര്‍ഗം തെക്കേ നടയില്‍ ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തി. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ദേവസ്വം ചെയര്‍മാന്‍ പൊന്നാടയണിയിച്ചു. ദേവസ്വത്തിന്റെ ഉപഹാരമായി ചുവര്‍ചിത്രവും സമ്മാനിച്ചു. ദേവസ്വം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി ആദ്യ ഗഡു സംഭാവനയായി 15 കോടി രൂപയുടെ ചെക്ക് മുകേഷ് അംബാനി ദേവസ്വത്തിന് കൈമാറി. തുടര്‍ന്ന്, ദേവസ്വത്തിന്റെ നിര്‍ദ്ദിഷ്ട മള്‍ട്ടിസ് പെഷ്യാലിറ്റി ആശുപത്രിയടെ രൂപരേഖയും ആനകളുടെ പരിചരണത്തിനായി ദേവസ്വം തുടങ്ങാന്‍ ലക്ഷ്യമിടുന്ന ആധുനിക മൃഗാശുപത്രിയുടെ പദ്ധതി രേഖയും ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ.വിജയന്‍, ഭരണ സമിതി അംഗം സി. മനോജ് എന്നിവര്‍ മുകേഷ് അംബാനിക്ക് നൽകി. ഗുജറാത്തില്‍ റിലയന്‍സ് ഉടമസ്ഥതയിലുള്ള വന്‍താര വന്യ ജീവി പരിപാലന കേന്ദ്രത്തിന്റെ പ്രവര്‍ത്തന മാതൃകയില്‍ ദേവസ്വത്തിലെ ആനകള്‍ക്ക് മികച്ച പരിപാലനം നല്‍കാന്‍ അവസരം ഒരുക്കാമെന്നും മുകേഷ് അംബാനി ദേവസ്വം അധികൃതർക്ക് ഉറപ്പ് നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button