എസ്‌.​ഐ.ആർ കരടു പട്ടികയിൽ പേരില്ല; 82കാരൻ ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിൽ എസ്.ഐ.ആർ വോട്ടർ പട്ടികയുടെ ഹിയറിങ്ങിനായി വിളിപ്പിച്ച വയോധികൻ ഓടുന്ന ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. എസ്.ഐ.ആറിന്റെ കരടു പട്ടികയിൽ പേര് കാണാത്തതിനാൽ ഹിയറിങ്ങിനായി നോട്ടീസ് ലഭിച്ചതു മുതൽ 82 വയസ്സുള്ള ദുർജൻ മാജി കടുത്ത ആശങ്കയിലായിരുന്നുവെന്ന് മകൻ കനായ് പറഞ്ഞു. എസ്.ടി വിഭാഗമായ സാന്താൾ കമ്യൂണിറ്റിയിൽപ്പെട്ടയാളാണ് മാജി. ഓടുന്ന ട്രെയിനിടിച്ച് മാജി കൊല്ലപ്പെട്ടതായി പൊലീസ് പറഞ്ഞു. പാരാ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ ഓഫിസിൽ ഹിയറിങ്ങിന് ഹാജറാകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ‘എന്റെ അച്ഛൻ എസ്.ഐ.ആർ എണ്ണൽ ഫോം സമർപ്പിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ പേര് കരട് വോട്ടർ പട്ടികയിൽ ഇല്ലായിരുന്നു. 2002 ലെ വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നു. എന്നിട്ടും പിതാവിനെ ഹിയറിങ്ങിന് വിളിപ്പിച്ചത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ലെന്നും’ ദിവസവേതനക്കാരനായി ജോലി ചെയ്യുന്ന മകൻ കനായി പറഞ്ഞു. തിങ്കളാഴ്ച രാവിലെ മാജി വീട്ടിൽ നിന്ന് ഒരു റിക്ഷ അന്വേഷിച്ച് പോയതായി ഭാര്യയും മകനും പറഞ്ഞു. വാഹന സൗകര്യം കണ്ടെത്താനാകാതെയും വാദം കേൾക്കാൻ അവസരം ലഭിക്കാതെയും വന്നതിനെ തുടർന്ന് സമീപത്തുള്ള റെയിൽവേ ട്രാക്കിലേക്ക് പോയി അദ്ദേഹം ജീവിതം അവസാനിപ്പിക്കുകയായിരുന്നു. 1943 ജൂലൈ 18 ന് ജനിച്ച മാജി ജന്മനാ ഇന്ത്യൻ പൗരനും ദീർഘകാല വോട്ടറുമായിരുന്നു. സാധുവായ ഒരു വോട്ടർ ​ഐഡി കാർഡ് കൈവശം വെച്ചിരുന്ന അദ്ദേഹത്തിന്റെ പേര് 2002 ലെ വോട്ടർ പട്ടികയിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നിട്ടും നടന്നുകൊണ്ടിരിക്കുന്ന എസ്‌.ഐ.ആർ പ്രക്രിയയിൽ അദ്ദേഹത്തിന്റെ പേര് ഓൺലൈൻ വോട്ടർ ഡാറ്റാബേസിൽ വന്നില്ലെന്നാണ് റിപ്പോർട്ട്. സംഭവം വാർത്തയായതോടെ 85 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള വോട്ടർമാരെയും, രോഗികളെയും, വൈകല്യമുള്ളവരെയും അവർ പ്രത്യേക അഭ്യർഥന നടത്തിയാൽ വ്യക്തിപരമായ ഹിയറിങ്ങിനായി വിളിക്കാൻ പാടില്ല എന്ന് തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവ് പുറപ്പെടുവിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button