വീണ്ടും ഇടിഞ്ഞുവീണ് ദേശീയപാത; സ്കൂൾ ബസ് അടക്കം രക്ഷപ്പെട്ടത് തലനാരിഴക്ക്
കൊല്ലം: ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. കൊല്ലം കൊട്ടിയത്താണ് നിർമാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞുവീണത്. ചാത്തന്നൂരിന് സമീപം മൈലക്കാട് പാലത്തിന്‍റെ അപ്രോച്ച് റോഡിൽ ഗർത്തം രൂപപ്പെട്ടു. മണ്ണിടിഞ്ഞ് താഴ്ന്ന് ദേശീയപാതയുടെ കൂറ്റൻ പാർശ്വഭിത്തി തകരുകയായിരുന്നു. ഇത് ഇടിഞ്ഞ് താഴ്ന്നത് താഴെ പോകുന്ന സർവീസ് റോഡിലേക്കാണ്. ഇതോടെ സർവീസ് റോഡ് വിണ്ടുകീറി. ഈ സമയം ഇതുവഴി പോകുകയായിരുന്ന സ്കൂൾ ബസ് അടക്കം വാഹനങ്ങൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സ്കൂൾ ബസിൽനിന്ന് കുട്ടികളെ ഇറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കൂടാതെ കാറുകളടക്കം നിരവധി വാഹനങ്ങളും റോഡിൽ കുടുങ്ങി.സമാനമായ രീതിയിലാണ് മാസങ്ങൾക്ക് മുമ്പ് മലപ്പുറം കൂരിയാടിൽ ദേശീയപാത ഇടിഞ്ഞുവീണിരുന്നത്. കൂരിയാടിന് പിന്നാലെ കണ്ണൂരും കാസർകോടുമെല്ലാം നിരവധി ഇടങ്ങളിൽ നിർമാണം പൂർത്തിയായ ദേശീയപാത തകർന്ന് വീണിരുന്നു. ഇതോടെ വൻ വിവാദമുയർന്നിരുന്നു. തുടർന്ന് എന്താണ് പ്രശ്നമെന്ന് പഠിക്കാൻ നാഷനൽ ഹൈവേ അതോറിറ്റി സമിതിയെ നിയോഗിച്ചു. കേരളത്തിലെ ദേശീയപാതയുടെ (എൻ.എച്ച്-66) ഭൂരിഭാഗം പാക്കേജുകളും നിർമിച്ചിരിക്കുന്നത് കേന്ദ്ര മന്ത്രാലയത്തിന്റെ നിർദേശങ്ങൾ ലംഘിച്ചാണെന്നായിരുന്നു സമിതിയുടെ പരിശോധന റിപ്പോർട്ട് കണ്ടെത്തിയത്. ചരിവ് സംരക്ഷണത്തിന് സമഗ്രമായ ജിയോ ടെക്നിക്കൽ അന്വേഷണങ്ങളോ സൈറ്റ്-നിർദിഷ്ട ജിയോളജിക്കൽ മാപ്പിങ്ങോ ഫൗണ്ടേഷൻ എഞ്ചിനീയറിങ് പഠനങ്ങളോ നടന്നിട്ടില്ലെന്ന വിവരം റിപ്പോർട്ടിലൂടെ പുറത്തുവന്നിരുന്നു.





