തമിഴ്നാട്ടില്‍ തെര്‍മല്‍ പ്ലാന്റിന്റെ കമാനം തകര്‍ന്നുവീണ് ഒമ്പത് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
എന്നൂരിലെ നോര്‍ത്ത് ചെന്നൈ തെര്‍മല്‍ പവര്‍ സ്റ്റേഷനിലാണ് അപകടം. ഏകദേശം 30 അടി ഉയരത്തില്‍ നിര്‍മാണത്തിലിരുന്ന കമാനമാണ് തകര്‍ന്നുവീണത്. പരിക്കേറ്റവര്‍ നിലവില്‍ വടക്കന്‍ ചെന്നൈയിലെ സ്റ്റാന്‍ലി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
നിലവില്‍ പവര്‍ പ്ലാന്റില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്ലാന്റിനുള്ളില്‍ ഏതാനും തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ആവഡി പൊലീസ് കമ്മീഷണറേറ്റ് അറിയിച്ചു.
അതേസമയം കരൂരിലെ ടി.വി.കെ റാലിക്കിടെ 41 ജീവനുകള്‍ നഷ്ടപ്പെട്ടതിന് പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും ഒരു അപകടമുണ്ടാകുന്നത്.
റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ശ്വാസംകിട്ടാതെയാണ് ഭൂരിഭാഗം ആളുകളും മരണപ്പെട്ടത്. ഇതില്‍ കുട്ടികളും ഉള്‍പ്പെടുന്നു. പതിനായിരം പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്ന പരിപാടിയിലേക്ക് കണക്കില്‍ കവിഞ്ഞ ആളുകള്‍ ഒഴുകിയെത്തിയതോടെയാണ് അപകടമുണ്ടായത്.
അപകടത്തെ തുടര്‍ന്ന് പുറത്തുവന്ന ഇന്റലിജന്റ്സ് റിപ്പോര്‍ട്ടില്‍, പതിനായിരം പേര്‍ക്കാണ് റാലിയില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നതെങ്കിലും ടി.വി.കെ റാലിയുടെ സ്വഭാവം പരിഗണിച്ച് വേണ്ടത്ര സുരക്ഷയൊരുക്കുന്നതിലും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിലും വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
അടിയന്തര സാഹചര്യം നേരിടാന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഇതിനിടെ കരൂര്‍ ദുരന്തത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ടി.വി.കെ മദ്രാസ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു.
ദുരന്തത്തില്‍ വലിയ തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത് പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐയോ കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘമോ വേണമെന്നാണ് വിജയ്യുടെയും ടി.വി.കെയുടെയും ആവശ്യം.
അപകടം സംബന്ധിച്ച പ്രധാന തെളിവായ സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിക്കപ്പെടാതിരിക്കാനുള്ള നടപടികളും കോടതിയുടെ മേല്‍നോട്ടത്തില്‍ ഉണ്ടാകണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
