38ാം വയസ്സിൽ ഏകദിന ബാറ്റിങ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്; ഇത് രോഹിത് ശർമ സ്റ്റൈൽ

ന്യൂഡൽഹി: ഐസിസി ഏകദിന ബാറ്റിങ് റാങ്കിംഗിൽ ഒന്നാംസ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ. 38 വയസ്സും 182 ദിവസവും പ്രായമുള്ള രോഹിത് ഏകദിന റാങ്കിംഗിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന ചരിത്രനേട്ടവും പേരിലാക്കി.ടീമംഗവും ഇന്ത്യൻ ക്യാപ്റ്റനുമായ ശുഭ്മാൻ ഗില്ലിനെ മറികടന്നാണ് രോഹിത് ശർമയുടെ ഈ നേട്ടം. ആസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനമാണ് രോഹിത്തിന് തുണയായത്. പരമ്പരയിൽ 101 ശരാശരിയിൽ 202 റൺസാണ് രോഹിത് അടിച്ചെടുത്തത്.സിഡ്‌നിഏകദിനത്തിൽ പുറത്താകാതെ നേടിയ 121 റൺസ് (125 പന്ത്) നേടിയ പ്രകടനം റാങ്കിംഗിൽ നിർണായകമായി. അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം മത്സരത്തിൽ 73 റൺസും അദ്ദേഹം നേടിയിരുന്നു. ഏകദിന പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും രോഹിതാണ്.പുതിയ റാങ്കിംഗ് പ്രകാരം 781 റേറ്റിംഗ് പോയിന്റാണ് രോഹിതിനുള്ളത്. അഫ്ഗാനിസ്താന്റെ ഇബ്രാഹിം സദ്രാനാണ് (764 പോയിന്റ്) രണ്ടാം സ്ഥാനത്ത്. ഓസീസ് പരമ്പരയിൽ (10, 9, 24) റൺസ് മാത്രമെടുത്ത ശുഭ്മാൻ ഗിൽ (745 പോയിന്റ്) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വിരാട് കോഹ്ലി 725 പോയിന്റുമായി ആറാം സ്ഥാനത്തും, ശ്രേയസ് അയ്യർ ഒമ്പതാം സ്ഥാനത്തുമാണ്.ഏകദിന ബാറ്റിങ്ങിൽ ഒന്നാം സ്ഥാനം അലങ്കരിച്ച അഞ്ചാമത്തെ ഇന്ത്യൻ താരമാണ് രോഹിത്. സച്ചിൻ തെണ്ടുൽക്കർ, എംഎസ് ധോണി, വിരാട് കോഹ്ലി, ശുഭ്മാൻ ഗിൽ എന്നിവരാണ് മുമ്പ് ഒന്നാം റാങ്കിലെത്തിയവർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button