ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് എതിരായ അതിക്രമം; പ്രചാരണ വിഷയമാക്കാൻ പ്രതിപക്ഷ തീരുമാനം
ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്ക് എതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നതിൽ ആശങ്ക. ആക്രമണങ്ങൾ തടയാൻ പ്രധാനമന്ത്രി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ക്രൈസ്തവർക്ക് എതിരായ അതിക്രമങ്ങൾ പ്രചാരണ വിഷയമാക്കാൻ പ്രതിപക്ഷം.എല്ലാം വർഷവും ക്രിസ്മസ് ദിനങ്ങളിൽ പ്രധാനമന്ത്രി ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിക്കുമ്പോഴും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ അതിക്രമം തുടരുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് നാഗ്പൂരിൽ മലയാളി വൈദികനും ഭാര്യക്കും നേരയുണ്ടായ കേസ്. സമാധാനമായി നടന്ന ക്രിസ്മസ് പ്രാർത്ഥന യോഗത്തിലേക്ക് ബജ്റങ് ദൽ പ്രവർത്തകർ എത്തുകയും നിർബന്ധ മത പരിവർത്തനം ആരോപിക്കുകയുമായിരുന്നു. പിന്നാലെ കേസെടുക്കാൻ പൊലീസിൽ സമ്മർദ്ദവും നടത്തി.ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ തടയുവാൻ കേന്ദ്ര സർക്കാർ ഇടപെടൽ സിബിസിഐ അടക്കമുള്ള സംഘടനകൾ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇത്തരം അതിക്രമങ്ങൾ തടയാൻ പരസ്യമായി ആഹ്വാനം നടത്താൻ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ തയ്യാറായിട്ടില്ല. ക്രിസ്മസ് ദിനങ്ങളിൽ ദേവാലയങ്ങൾ സന്ദർശിക്കുക മാത്രമാണ് നേതാക്കൾ ചെയുന്നത്.





