പാളയം മാർക്കറ്റ് ഇനി കല്ലുത്താൻ കടവിൽ; കോഴിക്കോട് പാളയത്ത് വൻ പ്രതിഷേധം, നല്ലത് അംഗീകരിക്കാൻ ചിലർക്കുള്ള പ്രയാസമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: കോഴിക്കോടിന്റെ പൈതൃകമായ പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ വൻ പ്രതിഷേധം. പുതിയ മാർക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാനം ചെയ്യാൻ എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് വ്യാപാരികളും തൊഴിലാളികളും സംഘടിച്ചത്. മാർക്കറ്റ് മാറ്റാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് ഒരുവിഭാഗവും പുതിയ മാർക്കറ്റിനെ അനുകൂലിച്ച് മറ്റൊരു വിഭാഗവും റോഡിലിറങ്ങിയതോടെ പാളയത്ത് വൻ സംഘർഷാവസ്ഥ സൃഷ്ടിച്ചു. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞെങ്കിലും വലിയ രീതിയിലുള്ള ഉന്തുംതള്ളുമാണ് ഉണ്ടായത്. ഇതിനിടെ മുഖ്യമന്ത്രി കല്ലുത്താൻ കടവിലെത്തി പുതിയ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. നല്ലത് അംഗീകരിക്കാൻ ചിലർക്കുള്ള പ്രയാസമാണെന്നും പ്രതിഷേധം നാടകമാണെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കല്ലുത്താൻ കടവിലെ ചേരിനിവാസികളെ പുനരധിവസിപ്പിച്ച് അഞ്ചര ഏക്ര ഭൂമിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെ മാർക്കറ്റ് നിർമിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ പച്ചക്കറി മാർക്കറ്റുകളിലൊന്നാണിതെന്ന് മേയർ ഡോ. ബീന ഫിലിപ് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.കോർപറേഷൻ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ നടപ്പാക്കിയ ആദ്യത്തെ ബൃഹത് പദ്ധതിയാണ് ഇതോടെ യാഥാർഥ്യമാകുന്നതെന്ന് മേയർ പറഞ്ഞു. 100 കോടിയോളം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർണമായും പ്രാവർത്തികമാക്കിയിരിക്കുന്നത്. കല്ലുത്താൻ കടവ് ഏരിയ ഡെവലപ്‌മെന്റ് കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടപ്പാക്കിയത്. 2009ലാണ് പദ്ധതിയുടെ കരാർ ഒപ്പുവെച്ചത്. കല്ലുത്താൻകടവിലെ ചേരി നിവാസികളെ പുനഃരധിവസിപ്പിച്ചതിന്റെ പിന്നാലെയാണ് മാർക്കറ്റ് സമുച്ചയത്തിന്റെ പ്രവൃത്തി ആരംഭിച്ചത്. പദ്ധതി നടപ്പിലാക്കുന്നതിനായി 27 കോടിയോളം രൂപ ചെലവഴിച്ച് കോർപറേഷൻ സ്ഥലം ഏറ്റെടുത്തിരുന്നു. പാളയം മാർക്കറ്റിനെ അപേക്ഷിച്ച് ഏറെ സൗകര്യങ്ങളോടു കൂടിയുള്ളതാണ് കല്ലുത്താൻ കടവിലെ ന്യൂ പാളയം മാർക്കറ്റ്. അഞ്ച് ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിൽ ആറ് ബ്ലോക്കുകളായിട്ടാണ് മാർക്കറ്റ് നിർമിച്ചത്. പ്രധാന ബ്ലോക്കിന്റെ മുകൾഭാഗത്തുൾപ്പെടെ സജ്ജീകരിച്ചിരിക്കുന്ന പാർക്കിങ്ങിൽ ഒരേസമയം 500 ഓളം വാഹനങ്ങൾക്ക് സുഗമമായി പാർക്ക് ചെയ്യാം. മൂന്നര ലക്ഷം സ്‌ക്വയർ ഫീറ്റിൽ നിർമിച്ചിരിക്കുന്ന സമുച്ചയത്തിൽ 300 ഓളം ഫ്രൂട്‌സ് ആൻഡ് വെജിറ്റബിൾ ഷോപ്പുകളാണ് ഉൾക്കൊള്ളുന്നത്. ഇതിനു പുറമെ അനുബന്ധ കച്ചവടക്കാർക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button