തീവണ്ടിയിറങ്ങി യാത്രക്കാർക്ക് ഇനി അരിയും സാധനങ്ങളും വാങ്ങാം. ഇതിനായി റെയിൽവേ സ്റ്റേഷനുകളിൽ പലചരക്കുകടകൾ വരുന്നു.

മംഗളൂരു ജങ്ഷൻ, നിലമ്പൂർ റോഡ്, കൊയിലാണ്ടി, മാഹി, കാഞ്ഞങ്ങാട്, തിരൂർ, കുറ്റിപ്പുറം എന്നീ സ്റ്റേഷനുകളിൽ പലചരക്ക് കട തുടങ്ങാൻ ടെൻഡർ വിളിച്ചു.

യാത്രക്കാർക്കായി സ്റ്റേഷനുകളിൽ വൈവിധ്യ സംരംഭങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. മംഗളൂരു ജങ്‌ഷൻ ഒഴികെ ആറ്‌ സ്റ്റേഷനുകളിൽ ഇതിനൊപ്പം ഫോട്ടോസ്റ്റാറ്റ് മെഷീനും വരും.

റെയിൽവേ സ്റ്റേഷനിലെ ഒഴിഞ്ഞ ഭൂമിയിൽ മീറ്റിങ് ഹാൾ സ്ഥാപിക്കാനും റെയിൽവേ പദ്ധതിയിടുന്നു. ഷൊർണൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലാണ് സംരംഭം ആദ്യം വരിക. വാടക നൽകി സ്വകാര്യ ചടങ്ങുകൾക്ക് ഉപയോഗിക്കാം.

മംഗളൂരു ജങ്‌ഷൻ, തലശ്ശേരി ഉൾപ്പെടെ ഏഴ്‌ സ്റ്റേഷനുകളിൽ മസാജ് ചെയർ വരുന്നുണ്ട്. കാസർകോട്, തിരൂർ, ഷൊർണൂർ ഉൾപ്പെടെ റെയിൽവേ 12 സ്റ്റേഷനുകളിൽ ചെരുപ്പുകടകൾ തുടങ്ങാനും ടെൻഡർ വിളിച്ചു.

കണ്ണൂർ, മാഹി, ഫറോക്ക് ഉൾപ്പെടെ ഒൻപത് സ്റ്റേഷനുകളിൽ സ്റ്റേഷനറി, ഗിഫ്റ്റ് ഷോപ്പുകൾ വരും. കാഞ്ഞങ്ങാട്, നിലമ്പൂർ റോഡ്, പരപ്പനങ്ങാടി ഉൾപ്പെടെ എട്ട്‌ സ്റ്റേഷനുകളിൽ മൊബൈൽ സ്റ്റോറുകൾ തുടങ്ങും.

കണ്ണൂർ, പഴയങ്ങാടി, മാഹി, തലശ്ശേരി ഉൾപ്പെടെ 17 സ്റ്റേഷനുകളിൽ വൈദ്യുതി ഇരുചക്രവാഹനം വാടകയ്ക്ക് നൽകുന്ന പദ്ധതിക്ക് ടെൻഡർ വിളിച്ചിട്ടുണ്ട്. കണ്ണൂർ ഉൾപ്പെടെ സ്റ്റേഷനുകളിൽ എടിഎം മെഷീൻ വന്നു.

മംഗളൂരു സെൻട്രൽ മുതൽ പാലക്കാട് വരെയുള്ള 18 സ്റ്റേഷനുകളിലാണ് എടിഎം സ്ഥാപിക്കുന്നത്. 13 സ്റ്റേഷനുകളിൽ ഐസ്‌ക്രീം പാർലറിന് ടെൻഡർ വിളിച്ചു. കണ്ണൂർ, വടകര പ്ലാറ്റ്ഫോമുകളിൽ തുടങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button